കൈകള്‍ കൂപ്പി, കണ്ണു നിറച്ച് ഡോളി പറഞ്ഞു: നന്ദി

Web Desk
1 Min Read

ദുബൈ: പല വാതിലുകള്‍ മുട്ടിയൊടുവിലാണ് ഡോളി ദുബൈ മര്‍ക്കസിനു മുമ്പിലെത്തിയത്. ആവശ്യം ഹൃദയം തൊടുന്നതായിരുന്നു. ദുബൈ റാഷിദ് ഹോസ്പിറ്റലില്‍ മരിച്ച അമ്മ മേരി ജോണ്‍ വടക്കേപ്പീടിയ (76) യുടെ മൃതദേഹം സംസ്‌ക്കരിക്കണം.

city exchange


അമ്മയുടെ പെട്ടെന്നുള്ള മരണത്തില്‍ പകച്ചുപോയ മകള്‍ ഡോളി ശേഷക്രിയകള്‍ ചെയ്യാന്‍ വഴികളറിയാതെ വിഷമിക്കുകയായിരുന്നു മര്‍ക്കസിനു മുമ്പിലെത്തുന്നതുവരെ. പലവാതിലുകളും അവര്‍ മുട്ടിയെങ്കിലും കടുത്ത നിയമ നിബന്ധനകള്‍ക്ക് മുന്നില്‍ അവര്‍ പതറിപ്പോവുകയായിരുന്നു. മാതാവിന്റെ മൃത ശരീരം മറവ് ചെയ്യാന്‍ കഴിയാതെ ദിവസങ്ങള്‍ മുമ്പോട്ടു പോകുന്തോറും സഹായത്തിനായി സമീപിച്ചവരെല്ലാം കൈയ്യൊഴിയുന്ന അവസ്ഥയാണ് അവര്‍ അഭിമുഖീകരിച്ചത്. ഒടുവിലാണ് അവര്‍ മര്‍കസ് ഓഫീസുമായി ബന്ധപ്പെട്ടത്.
ദുബൈ മര്‍കസ് ഐ സി എഫ് വളണ്ടിയര്‍മാര്‍ ഉടനെ മേരി ജോണിന്റെ അന്ത്യ കര്‍മത്തിനുള്ള വഴികള്‍ ഒരുക്കുകയായിരുന്നു. ദുബൈ മുനിസിപ്പാലിറ്റിയുടെ നിയമനിര്‍ദേശമനുസരിച്ചു ജബല്‍ അലി ക്രിസ്ത്യന്‍ ചര്‍ച്ചിലെ ഖബര്‍ സ്ഥാനില്‍ മേരി ജോണിനെ മറവു ചെയ്യുകയും ചെയ്തു.
നസീര്‍ ചൊക്ലി, സാജിദ് അസ്ലമി, സനീര്‍ വര്‍ക്കല എന്നിവരുടെ നേതൃത്വത്തിലാണ് മേരി ജോണിന്റെ അന്ത്യ കര്‍മങ്ങള്‍ നടത്തിയത്.
മേരി ജോണിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ നടത്താനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് ഒരു ഏജന്റ് ഏറ്റെങ്കിലും അവര്‍ക്കതിന് സാധിച്ചില്ല. തുടര്‍ന്ന് ഡോളി ഇന്ത്യന്‍ കോണ്‍സുലേറ്റിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് മുഖേന ഡോളി മര്‍ക്കസിലെത്തുന്നത്.
സംസ്‌ക്കാര ചടങ്ങുകള്‍ അവസാനിച്ചപ്പോള്‍ ഡോളി കൈകള്‍ കൂപ്പി കണ്ണു നിറച്ച് ഹൃദയസ്പര്‍ശിയായി നന്ദി രേഖപ്പെടുത്തിയാണ് മടങ്ങിയത്.

Share This Article
Leave a Comment
error: Content is protected !!