

സ്വര്‍ണ്ണക്കള്ളക്കടത്ത് മാഫിയകളുടെ പ്രലോഭനങ്ങളില്‍പ്പെട്ട് കരിയര്‍മാരായി പിന്നീട് ജീവിതം നശിച്ച ഒട്ടേറെപ്പേരുടെ സാക്ഷ്യങ്ങള്‍ ഉണ്ടാവുമ്പോഴും പ്രായഭേദമന്യേ നിരവധി പേരാണ് ചതിക്കുഴിയില്‍ വീണു കൊണ്ടിരിക്കുന്നത്.

വിദേശരാജ്യങ്ങളില്‍ വിസിറ്റ് വിസയിലും മറ്റും വന്ന് തൊഴിലന്വേഷിക്കുന്നവര്‍ തൊഴില്‍ ലഭിക്കാതെ തിരിച്ചു പോവുമ്പോള്‍ ടിക്കറ്റും അമ്പതിനായിരമോ അറുപതിനായിരമോ വാഗ്ദാനം ലഭിക്കുമ്പോള്‍ വീണു പോവുകയാണ്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതകള്‍ ഉള്ളവരും അടുത്ത ഒരു പ്രാവശ്യം കൂടെ പരിശ്രമിച്ചാല്‍ നല്ല ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുന്ന നിരവധി പേരാണ്, പിന്നീട് നാട്ടിലും വിദേശത്തും ഒരു ജോലിയും ലഭിക്കാത്ത വിധം ക്രിമിനലുകളുടെ ലിസ്റ്റില്‍ പെടുന്നത്.

കുടുംബത്തോടൊത്ത് കഴിയാന്‍ നാട്ടില്‍ നിന്നെത്തുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ പോലും അല്പ ലാഭത്തിനായി നടത്തുന്ന അതി സാമര്‍ഥ്യം പക്ഷെ, ഒരുക്കുന്നത് വന്‍ കെണിയായിരിക്കും.
വിദേശത്ത് നിലവില്‍ ജോലി ചെയ്യുന്നവര്‍ തങ്ങളുടെ മുഴുവന്‍ വരുമാന സ്രോതസ്സുകളെയും വന്‍ റിസ്കില്‍ പെടുത്തിയാണ് പെടുന്നനെ ലഭിക്കുന്ന തുച്ഛമായ തുകക്കായി കെണിയില്‍ വീഴുന്നതെന്നത് എത്ര വിരോധാഭാസം!
വ്യത്യസ്ത കാരണങ്ങളാല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന കസ്റ്റംസ് ഡ്യൂട്ടി അടക്കമുള്ളവ മറികടക്കാന്‍ അടക്കമാണ് ഇത്തരം കള്ളക്കടത്തുകള്‍ നടത്തുന്നത്. വളരെ കര്‍ശന നിയമങ്ങള്‍ക്ക് പലപ്പോഴും വിധേയമാവുന്നത് കാരിയര്‍ മാര്‍ മാത്രമാവും.
ഓര്‍ക്കുക, പിന്നില്‍ പ്രവര്‍ത്തിക്കുന്ന മാഫിയകളുടെ കരിയര്‍ തന്നെ നിയമ വിരുദ്ധ പ്രവര്ത്തനങ്ങളായതിനാല് അവര്‍ക്ക് പലവിധ സ്വാധീനങ്ങളിലൂടെയും പലതിനെയും നേരിടാനുള്ള സംവിധാനങ്ങളും ഉണ്ടാവും. ദയവായി ജീവിതം ഹോമിക്കാതിരിക്കുക.

