അന്‍വര്‍ സാദത്ത് എം എല്‍ എ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

Web Desk
2 Min Read

ആലുവ: 25 വര്‍ഷത്തിനു മുമ്പേ പ്രഖ്യാപിച്ച സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന്റെ രണ്ടാം ഘട്ടമായ എന്‍ എ ഡി മുതല്‍ മഹിളാലയം വരെയുള്ള ഭാഗത്തെ നിര്‍മ്മാണം അനന്തമായി നീളുന്ന കാര്യത്തില്‍ എത്രയും വേഗം ഇടപ്പെട്ട് തടസ്സങ്ങള്‍ നീക്കി സ്ഥലം ഏറ്റെടുത്ത് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് അന്‍വര്‍ സാദത്ത് എം എല്‍ എയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം നല്‍കി. പദ്ധതിക്കാവശ്യമായ എച്ച് എം ടിയുടെയും എന്‍ എ ഡിയുടേയും ഭൂമി വിട്ടുകിട്ടുന്നതിന് നടപടികള്‍ ആരംഭിച്ചിട്ടുള്ളതല്ലാതെ കാര്യമായ പുരോഗതി ഈ വിഷയത്തില്‍ ഉണ്ടാകുന്നില്ലെന്നും ഇതുമൂലം സ്ഥലവാസികള്‍ മക്കളുടെ വിവാഹം, വിദ്യാഭ്യാസം, മറ്റു ചികിത്സ ആവശ്യങ്ങള്‍ എന്നിവക്കായി തങ്ങളുടെ സ്ഥലം ക്രയവിക്രിയം ചെയ്യുവാന്‍ സാധിക്കാതെ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുന്ന അവസ്ഥയാണ് കഴിഞ്ഞ 25 വര്‍ഷമായി അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും നിവേദനത്തില്‍ പറയുന്നുണ്ട്. നിവേദനം പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു.

city exchange

കൂടാതെ റവന്യൂ മന്ത്രി കെ രാജന്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് എന്നിവരേയും കണ്ടു പദ്ധതി എത്രയും വേഗം പൂര്‍ത്തീകരിക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്കുകയുണ്ടായെന്ന് എം എല്‍ എ അറിയിച്ചു. ഈ വിഷയത്തില്‍ ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ചു ചേര്‍ത്ത് വിഷയം പൊതുമരാമത്തു വകുപ്പ് മന്ത്രിയുടേയും വ്യവസായ വകുപ്പ് മന്ത്രിയുടേയും സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്ത് എത്രയും വേഗം സ്ഥലം ഏറ്റെടുത്ത് നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ ഉറപ്പു നല്‍കിയതായി അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു.

സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന്റെ മൂന്നാം ഘട്ടമായ മഹിളാലയം മുതല്‍ എയര്‍പോര്‍ട്ട് വരെയുള്ള ഭാഗത്തെ നിര്‍മ്മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള തുക അനുവദിക്കാമെന്ന് ബ്ജറ്റില്‍ പ്രഖ്യാപിച്ചതാണെന്നും ഇത് എത്രയും വേഗം അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോടും മറ്റു മന്ത്രിമാരോടും ആവശ്യപ്പെട്ടതായി എം എല്‍ എ അറിയിച്ചു. എം എല്‍ എ യോടൊപ്പം സീപോര്‍ട്ട് എയര്‍പോര്‍ട്ടിനുവേണ്ടി ഏറ്റെടുക്കുന്ന സ്ഥലമുടമകളുടെ പ്രതിനിധികളായ റഹീം പഴങ്ങാടി, അഷ്റഫ് കളമശ്ശേരി, ഹൈദ്രോസ് കാരോത്ത്കുഴി എന്നിവരും നിവേദന സംഘത്തിലുണ്ടായിരുന്നു.

Share This Article
Leave a Comment
error: Content is protected !!