

കൊച്ചി: കേരളത്തിലെ ആര്ക്കിടക്റ്റുമാരുടെ സംഘടനയായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്സ് കേരള ചാപ്റ്റര്‍ ആദ്യത്തെ ‘ഓള് കേരള ജെന്‍ഡര്‍ മീറ്റ്- ഫെമിനാര്‍ക്ക്-23’ മെയ് 13, 14 തിയ്യതികളില്‍ കൊച്ചിയില്‍ നടത്തും. പരിപാടിയുടെ പ്രഖ്യാപനം ഐ ഐ എ കേരള ചാപ്റ്റര്‍ മുന്‍ ചെയര്‍പേഴ്സണും സീനിയര്‍ ആര്‍ക്കിടെക്ടുമായ ജബീന്‍ സക്കറിയാസ് നിര്‍വഹിച്ചു.

സ്ത്രീകളുടെതും ന്യൂനപക്ഷ ലിംഗബോധത്തില്‍ പെട്ടവരുടെതും ശബ്ദം കൂടി കെട്ടിട നിര്‍മ്മിതിയിലും രൂപകല്പനയിലും പരീക്ഷിക്കാനും സൂക്ഷ്മ പഠനം നടത്താനും അവസരമൊരുക്കുക, പരസ്പരം പങ്കിടലുകളിലൂടെ സ്ത്രീകളെയും ന്യൂനപക്ഷത്തില്പ്പെട്ടവരെയും അറിയപ്പെടാത്തവരെയും പ്രൊഫഷന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരിക എന്നിവയാണ് ഈ പരിപാടിയുടെ ലക്ഷ്യം.
ജെന്‍ഡര്‍ മീറ്റിന്റെ രജിസ്ട്രേഷന് ഉദ്ഘാടനം ഐ ഐ എ കേരള ചാപ്റ്റര്‍ ചെയര്മാന് ആര്‍ക്കിടെക്ട് എല്‍ ഗോപകുമാര്‍ നിര്‍വഹിച്ചു. ലോഗോ പ്രകാശനം ഇന്സ്പിറേഷന് കലക്ടീവ് സഹസ്ഥാപക ആര്‍ക്കിടെക്ട് ലത രാമന്, ഐ ഐ എ കൊച്ചിന് സെന്റര്‍ ചെയര്മാന് ആര്‍ക്കിടെക്ട് വിജിത്ത് ജഗദീശന് എന്നിവര്‍ ചേര്‍ന്ന് നടത്തി. ഐ ഐ എ തിരുവനന്തപുരം സെന്റര്‍ ചെയര്മാന് ആര്‍ക്കിടെക്ട് ജോര്‍ജ് ചിറ്റൂര്‍, ഹവെല്‍സ് ഇന്ത്യ ലിമിറ്റഡ് സീനിയര്‍ വൈസ് പ്രസിഡണ്ട് മനോജ് എം പി എന്നിവര്‍ സന്നിഹിതരായിരുന്നു.

മെയ് 13, 14 തിയ്യതികളില്‍ കൊച്ചി റെക്ക ക്ലബ്ബില്‍ നടത്തുന്ന ഫെമിനാര്‍ക്ക് മൂന്ന് ഭാഗങ്ങളായാണ് സംഘടിപ്പിക്കുന്നത്. ‘സംഭാഷണങ്ങള്‍’ എന്ന ആദ്യ ഭാഗത്ത് നിര്‍മ്മാണ രൂപകല്‍പ്പന മേഖലയില്‍ സ്ത്രീകളും ന്യൂനപക്ഷ ലിംഗ ഭേദങ്ങളില്‍ പെട്ടവരും നേരിടുന്ന വെല്ലുവിളികളെ കുറിച്ചുള്ള ചര്‍ച്ചകളാണ്. വ്യത്യസ്തമായ രീതിയില്‍ നിര്‍മ്മാണ മേഖലയിലും രൂപകല്‍പ്പനയിലും പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്നതാണ് ‘ആവിഷ്കാരങ്ങള്‍’ എന്ന രണ്ടാം ഭാഗം. ‘ആഘോഷങ്ങള്‍’ എന്ന മൂന്നാം ഭാഗം സീനിയര്‍ വനിത ആര്‍ക്കിടെക്റ്റുമാരെ ആദരിക്കുന്ന ചടങ്ങാണ്. ഈ പരിപാടിയുടെ മുഖ്യ പ്രഭാഷക ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ ആര്ക്കിടെക്ട്കളില് ഒരാളായ ബ്രിന്ദ സോമയ്യയും മുഖ്യാതിഥി എഴുത്തുകാരിയും അധ്യാപികയും സ്ത്രീകളുടെ പ്രൊഫഷണല്‍ അവകാശങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നവരില്‍ പ്രമുഖയുമായ ആര്‍ക്കിടെക്ട് മാധവി ദേശായിയും ആണ്.
പരിപാടിയില്‍ ആര്‍ക്കിടെക്റ്റുകളുടെ ഗവേഷണ പേപ്പറുകള്‍, വര്‍ക്കുകള്‍, പ്രൊജക്ടുകള്‍ മുതലായവ പ്രദര്‍ശിപ്പിക്കും. ഇതിലേക്കുള്ള എന്‍ട്രികളുടെ ക്ഷണവും പ്രഖ്യാപന ചടങ്ങില്‍ നിര്‍വഹിച്ചു.
മെയ് 13,14 തീയതികളില്‍ റെക്കാ ക്ലബ് കൊച്ചിയില്‍ 24 മണിക്കൂര്‍ പരിപാടി ആയാണ് ഫെമിനാര്‍ക്ക് -23 നടത്തുക.

