
ന്യൂയോര്‍ക്ക്: അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതോടെ ആഗോള തീവ്രവാദ ഭീഷണി തടയാന്‍ ലോകം ഒന്നിച്ച് നില്‍ക്കമമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു.

അഫ്ഗാനിസ്ഥാനെ ഭീകര സംഘടനകളുടെ സുരക്ഷിത താവളമായി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാനെ കുറിച്ചുള്ള യു എന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഗുട്ടറസ്.

അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഗനി പലായനം ചെയ്യുകയും കാബൂളില്‍ താലിബന്‍ പ്രവേശിക്കുകയും ചെയ്തതോടെ ന്യൂയോര്‍ക്കിലെ ആസ്ഥാനത്ത് യു എന്‍ തിടുക്കത്തില്‍ യോഗം വിളിച്ചു ചേര്‍ക്കുകയായിരുന്നു.
അന്താരാഷ്ട്ര സമൂഹത്തോടും സുരക്ഷാ കൗണ്‍സിലിനോടും ഒരുമിച്ചു നില്‍ക്കാനും ഒരുമിച്ച് പ്രവര്‍ത്തിക്കാനും താന്‍ അഭ്യര്‍ഥിക്കുന്നതായും ഗുട്ടറസ് പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ ആഗോള തീവ്രവാദ ഭീഷണി അടിച്ചമര്‍ത്താനും അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ മാനിക്കപ്പെടുമെന്ന് ഉറപ്പു നല്കാനും എല്ലാ സൗകര്യങ്ങളും ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം രാഷ്ട്രങ്ങളോട് അഭ്യര്‍ഥിച്ചു.
അഫ്ഗാനിസ്ഥാന് പൂര്‍ണ പിന്തുണ നല്‌കേണ്ട സന്ദര്‍ഭമാണിതെന്നും വരും ദിവസങ്ങള്‍ ഏറെ നിര്‍ണായകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനെ ലോകം ഉറ്റുനോക്കുകയാണെങ്കിലും അവിടുത്തെ ജനങ്ങളെ ഉപേക്ഷിക്കാനാവില്ലെന്നും പറഞ്ഞ സെക്രട്ടറി ജനറല്‍ മനുഷ്യാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഒറ്റ സ്വരത്തില്‍ സംസാരിക്കണമെന്നും സമൂഹത്തോട് ആവശ്യപ്പെട്ടു.
അഫ്ഗാനിലെ സ്ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

