സിദ്ദീഖ് കാപ്പനെതിരെ യു പി പൊലീസിന്റേത് ദുരുദ്ദേശ നീക്കമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍

Web Desk
2 Min Read

ന്യൂഡല്‍ഹി: നിരപരാധിത്വം തെളിയിക്കാന്‍ ആവശ്യമായ പരിശോധനകള്‍ക്കെല്ലാം സന്നദ്ധമാണെന്ന് അറിയിച്ചിട്ടും സിദ്ദീഖ് കാപ്പനെതിരെ തുടരന്വേഷണത്തിന്റെ പേരില്‍ പല പരിശോധനയും നടത്താനുള്ള യു പി പൊലിസിന്റെ ദുരുദ്ദേശ നീക്കങ്ങളെ അപലപിക്കുന്നതായി പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം അറിയിച്ചു. ഹാഥ്റസ് സന്ദര്‍ശനത്തിനിടെ അറസ്റ്റിലായി ജയിലിലടയ്ക്കപ്പെട്ട മലയാളി മാധ്യമ പ്രവര്‍ത്തകനും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയുമായ സിദ്ധീഖ് കാപ്പന്‍ കേസില്‍ മറ്റൊരു വഴിത്തിരിവു കൂടി സംഭവിച്ചതായും ഡല്‍ഹി ഘടകം പ്രസിഡന്റ് മിജി ജോസ് അറിയിച്ചു.

city exchange

കാപ്പന്റെ ശബ്ദവും കൈയെഴുത്തും ഉള്‍പ്പെടെ പരിശോധിച്ച് വീണ്ടും അന്വേഷണം നടത്തണമെന്ന യു പി പോലീസിന്റെ ആവശ്യം മഥുര അഡീഷണല്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അനില്‍കുമാര്‍ പാണ്ഡെ തള്ളി. അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസാണിതെന്നും കൂടുതല്‍ അന്വേഷണം വേണമെന്ന യു പി പോലീസിന്റെ നിലപാട് ദുരുദ്ദേശപരമാണെന്നും സിദ്ധീഖ് കാപ്പന്റെ അഭിഭാഷകന്‍ വിത്സ് മാത്യൂസ് കോടതിയില്‍ വാദിച്ചു. മാത്രവുമല്ല, നിരപരാധിത്വം തെളിയിക്കാന്‍ നുണ പരിശോധനയ്ക്കു തയ്യാറാണെന്ന് നേരത്തെ സിദ്ധീഖ് കാപ്പന്‍ തന്നെ കോടതിക്കു മുമ്പാകെ അറിയിച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടര്‍ന്ന്, പോലീസിന്റെ ആവശ്യം കോടതി തള്ളി.


പ്രമേഹ രോഗിയായ സിദ്ധിഖ് കാപ്പന്‍ ജയിലില്‍ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നതിനാല്‍ അഡ്വ. വിത്സ് മാത്യൂസ് കോടതിയുടെ ഇടപെടല്‍ അഭ്യര്‍ഥിച്ചു. ഷുഗറിന്റെ അളവ് കൂടിയതിനു പുറമെ, നേരത്തെയുണ്ടായ വീഴ്ചയില്‍ പല്ലിനു തകരാര്‍ സംഭവിച്ചതും കണ്ണിന് കാഴ്ചക്കുറവ് അനുഭവപ്പെടുന്നതുമൊക്കെ കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ ജയില്‍ അധികാരികളുടെ റിപ്പോര്‍ട്ട് തേടാന്‍ കോടതി തീരുമാനിച്ചു.


കേസില്‍ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇതുവരേയും പോലീസ് കൈമാറിയിട്ടില്ലെന്ന് അഡ്വ. വിത്സ് മാത്യൂസ് കോടതിയില്‍ പരാതിപ്പെട്ടു. കുറ്റപത്രം സമര്‍പ്പിച്ച് നാലു മാസം കഴിഞ്ഞിട്ടും പകര്‍പ്പ് കൈമാറാത്തത് വ്യക്തിപരമായ അവകാശത്തിന്റെ ലംഘനമാണ്. പത്തു മാസത്തിലേറെയായി സിദ്ധിഖ് കാപ്പന്‍ ജയിലില്‍ കഴിയുന്നു. ഈ സാഹചര്യത്തില്‍ ഡിഫോള്‍ട്ട് ബെയില്‍ പരിഗണിക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കോടതി പോലീസിന്റെ പ്രതികരണം തേടി. കേസ് ഓഗസ്റ്റ് 23ന് വീണ്ടും പരിഗണിക്കും.

- Advertisement -
Ad image


സിദ്ധീഖ് കാപ്പന്റെ ജാമ്യാപേക്ഷ മഥുര കോടതി തള്ളിയതിനെ തുടര്‍ന്ന്, ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുന്നതിനു മുന്നോടിയായി കുറ്റപത്രത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ജൂലായ് 23ന് പ്രത്യേക ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍, കോടതി ഇതുവരേയും കേസെടുത്തിരുന്നില്ല. തുടര്‍ന്ന്, യു പി പോലീസിന്റെ ഹര്‍ജി ചോദ്യം ചെയ്തുള്ള കേസിന്റെ വാദത്തിനിടെ തിങ്കളാഴ്ച ഈ ആവശ്യങ്ങളും ഉന്നയിച്ചപ്പോഴായിരുന്നു കോടതിയുടെ തീരുമാനം.


തന്റെ നിരപരാധിത്വം തെളിയിക്കാന്‍ നാര്‍ക്കോ അനാലിസിസ്, ബ്രെയിന്‍ മാപ്പിങ്ങ് തുടങ്ങിയ പരിശോധനകള്‍ക്ക് സന്നദ്ധമാണെന്ന് സിദ്ധീഖ് കാപ്പന്‍ കോടതിയില്‍ തുടര്‍ച്ചയായി വ്യക്തമാക്കിയിട്ടും തുടരന്വേഷണത്തിന്റെ പേരില്‍ പല പരിശോധനയും നടത്താനുള്ള യു പി പോലീസിന്റെ ദുരുദ്ദേശപരമായ നീക്കങ്ങളെ പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം അപലപിക്കുന്നതായും അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!