

ഗാസ സിറ്റി: ഇസ്രായേല്‍ ഗാസയില്‍ ആക്രമണം ശക്തമാക്കി. ബന്ദി മോചനത്തിന് ഹമാസിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഭക്ഷണവും മരുന്നും നിഷേധിക്കപ്പെട്ട് കൊടുംപട്ടിണിയോട് മല്ലിടുന്ന ഗാസയില്‍ 48 മണിക്കൂറിനിടെ 92 പേരാണ് ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഖാന്‍ യൂനുസില്‍ ഇരുപതിലേറെ കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടതായും ആശുപത്രി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മവാസിയില്‍ സുരക്ഷിത കേന്ദ്രമായി ഇസ്രായേല്‍ നിശ്ചയിച്ച കേന്ദ്രത്തിലും ആക്രമണമുണ്ടായി. നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമാണ്. റഫ പട്ടണത്തില്‍ മാതാവും കുട്ടിയുമടക്കം നാലുപേര്‍ കൊല്ലപ്പെട്ടതായി യൂറോപ്യന്‍ ഹോസ്പിറ്റല്‍ വൃത്തങ്ങള്‍ അറിയിച്ചു.
പട്ടിണിയില്‍ തുടരുന്ന ഗാസയ്ക്കു മേല്‍ ഇസ്രായേല്‍ തുടരുന്ന ഉപരോധം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ലോകാരോഗ്യ സംഘടന കിഴക്കന്‍ മെഡിറ്ററേനിയന്‍ ഓഫിസ് മേധാവി ഡോ. ഹനാന്‍ ബല്‍ഖി ഇസ്രായേലിലെ യു എസ് അംബാസഡര്‍ മൈക് ഹക്കാബിയോട് ആവശ്യപ്പെട്ടു. എന്നാല്‍, ബന്ദികളെ തിരിച്ചെത്തിക്കുന്നതിനാണ് തന്റെ മുന്‍ഗണനയെന്ന് ഹക്കാബി പറഞ്ഞു.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയ മാര്‍ച്ച് അവസാനം മുതല്‍ 4,20,000 ഫലസ്തീനികള്‍ പുതുതായി കുടിയിറക്കപ്പെട്ടുവെന്നാണ് യു എന്‍ അഭയാര്‍ഥി ഏജന്‍സി കണക്കുകള്‍ വ്യക്തമാക്കുന്നത്. ഗാസയില്‍ വെടിനിര്‍ത്താതെ ബന്ദികളെ വിട്ടയക്കില്ലെന്നാണ് ഹമാസിന്റെ നിലപാട്.

