അഫ്ഗാനില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്മാറിയ തീരുമാനം ശരിയെന്ന് ബൈഡന്‍

Web Desk
1 Min Read

വാഷിംഗ്ടണ്‍: അഫ്ഗാനില്‍ നിന്നും അമേരിക്കന്‍ സൈന്യത്തെ പിന്‍വലിച്ച നടപടി ശരിവെച്ച് പ്രസിഡന്റ് ജോ ബൈഡന്‍. തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നാണ് ബൈഡന്‍ പ്രതികരിച്ചത്.
അഫ്ഗാന്റെ നിലവിലുള്ള അവസ്ഥ പരിഗണിക്കുമ്പോള്‍ അമേരിക്കന്‍ സേനയെ അഫ്ഗാനില്‍ നിന്നും പിന്‍വലിച്ച തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. അതിനിടയിലാണ് പ്രതികരണവുമായി ബൈഡന്‍ രംഗത്തെത്തിയത്. തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും യു എസ് സൈന്യത്തെ പിന്‍വലിക്കാന്‍ അനുയോജ്യമായ സമയം ഒരിക്കലുമില്ലായിരുന്നെന്ന് ഇരുപത് വര്‍ഷത്തിന് ശേഷം മനസ്സിലാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
9/11 തീവ്രവാദ ആക്രമണ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അല്‍ ഖ്വയ്ദയുമായുള്ള ബന്ധത്തിന്റെ പേരില്‍ താലിബാനെ ശിക്ഷിക്കുക എന്നതായിരുന്നു അമേരിക്കയുടെ ആദ്യ ലക്ഷ്യമെന്ന് ബൈഡന്‍ പറഞ്ഞു. എന്നാല്‍ അതില്‍ നിന്നും മാറി യുദ്ധത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണെന്നും പ്രസ്തുത യുദ്ധം നിര്‍ത്തുകയാണ് തന്റെ പ്രഥമ പരിഗണനയെന്നും അദ്ദേഹം വിശദീകരിച്ചു.
അഫ്ഗാനിസ്ഥാന്റെ നിര്‍മ്മാണമോ വികസനമോ തങ്ങളുടെ ലക്ഷ്യമായിരുന്നില്ലെന്നും സേനയെ പിന്‍വലിച്ചാലും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അമേരിക്ക തുടരുമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ വിചാരിച്ചതിനേക്കാള്‍ വേഗത്തിലായിരുന്നു താലിബാന്‍ ആക്രമണം നടത്തിയതെന്നും മുന്‍കൂട്ടി പ്രതീക്ഷിച്ചതുപോലെയല്ല കാര്യങ്ങള്‍ മുമ്പോട്ടു പോയതെന്നും ബൈഡന്‍ വിശദീകരിച്ചു.
അമേരിക്കന്‍ സേനയോട് ചേര്‍ന്നുപ്രവര്‍ത്തിച്ച ആയിരക്കണക്കിന് അമേരിക്കന്‍ പൗരന്മാരെയും അഫ്ഗാന്‍ പൗരന്മാരെയും തിരിച്ചെത്തിക്കാനുണ്ടെന്നും ഇതിനിടയില്‍ താലിബാന്‍ ആക്രമണം നടത്തിയാല്‍ അതിശക്തമായി തിരിച്ചടിക്കുമെന്നും ബൈഡന്‍ പറഞ്ഞു.
അഫ്ഗാന്‍ പ്രസിഡന്റിന്റെ പലായനത്തെ ശക്തമായ ഭാഷയില്‍ അപലപിക്കാനും ബൈഡന്‍ മറന്നില്ല. അവരുടെ ഭാവി നിശ്ചയിക്കാനുള്ള എല്ലാ അവസരങ്ങളും തങ്ങള്‍ നല്‍കിയിരുന്നെന്നും പക്ഷെ ഭാവിക്ക് വേണ്ടി പോരാടാനുള്ള മനസ് നല്‍കാനാവില്ലല്ലോയെന്നും ബൈഡന്‍ കുറ്റപ്പെടുത്തി.
തങ്ങളുടെ എതിരാളികളായ ചൈനക്കും റഷ്യക്കും അമേരിക്ക അഫ്ഗാന് വേണ്ടി കോടിക്കണക്കിന് ഡോളറും മറ്റു സ്രോതസുകളും ചെലവഴിക്കുന്നത് കണ്ടിരിക്കാന്‍ നല്ല സന്തോഷമായിരിക്കുമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
ബൈഡന്‍ രാജിവെക്കണമെന്നാവശ്യവുമായി മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. അഫ്ഗാന്‍ തലസ്ഥാന നഗരമായ കാബൂളിലേക്ക് കടന്ന താലിബാനെ പ്രതിരോധിക്കാന്‍ പോലും തയ്യാറാകാതെ കീഴടങ്ങിയത് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട അധ്യായമാണെന്നായിരുന്നു ട്രംപ് പറഞ്ഞത്.
എന്നാല്‍, ട്രംപ് സര്‍ക്കാര്‍ ഒപ്പുവെച്ച കരാര്‍ പ്രകാരമാണ് സൈനിക പിന്മാറ്റം നടത്തിയതെന്നാണ് ബൈഡന്‍ സര്‍ക്കാര്‍ വാദിക്കുന്നത്.

city exchange
Share This Article
Leave a Comment
error: Content is protected !!