

ദോഹ: സിറിയക്ക് ഖത്തര്‍ വൈദ്യുതി വിതരണം ചെയ്യുന്നു. സിറിയയുടെ കടുത്ത വൈദ്യുതി ഉത്പാദന ക്ഷാമം പരിഹരിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയാണ് ജോര്‍ദാന്‍ വഴി സിറിയയിലേക്ക് ഖത്തര്‍ വൈദ്യുതി എത്തിക്കുന്നത്.

ആവശ്യമെങ്കില്‍ പ്രവര്‍ത്തന പിന്തുണ നല്‍കുന്നതിന് ഐക്യരാഷ്ട്രസഭയുടെ വികസന പരിപാടിയുമായി സഹകരിച്ച് ജോര്‍ദാനിലെ ഊര്‍ജ്ജ, ധാതുവിഭവ മന്ത്രാലയവുമായി ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെന്റ് ഒപ്പുവച്ച കരാറിന്റെ ഭാഗമായാണ് ഈ പദ്ധതി.

പ്രതിദിനം 400 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുമെന്നും സിറിയയിലെ ദെയ്ര്‍ അലി പവര്‍ പ്ലാന്റില്‍ ക്രമേണ ഉത്പാദനം വര്‍ദ്ധിപ്പിക്കുമെന്നും ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്‌മെന്റ് വിശദീകരിച്ചു. ഡമാസ്‌കസ്, റിഫ് ദിമാഷ്‌ക്, അസ് സുവൈദ, ദാര, അല്‍ ഖുനൈത്ര, ഹോംസ്, ഹമ, ടാര്‍ട്ടസ്, ലതാകിയ, അലപ്പോ, ദെയ്ര്‍ എസ്-സുര്‍ എന്നിവയുള്‍പ്പെടെ നിരവധി സിറിയന്‍ നഗരങ്ങളിലേക്ക് വൈദ്യുതി വിതരണം ചെയ്യും. ഇത് അടിസ്ഥാന സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സമൂഹത്തിന്റെ നിലനില്‍പ്പിനും സഹായിക്കും.
