മോന്‍സന്‍ മാവുങ്കല്‍; ഉന്നത ബന്ധങ്ങള്‍ കാണിച്ച് നടത്തിയത് കോടികളുടെ തട്ടിപ്പ്

Web Desk
3 Min Read

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പിന്റെ പേരില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്റെ ഉന്നത ബന്ധങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നു. കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എം പി, ഡി ഐ ജി എസ് സുരേന്ദ്രന്‍, തുടങ്ങിയവര്‍ക്കൊപ്പമുള്ള മോന്‍സന്റെ ചിത്രങ്ങളാണ് പുറത്ത് വരുന്നത്. ഇവര്‍ക്കെല്ലാം മോന്‍സനുമായി നല്ല ബന്ധമുണ്ടെന്നും ഈ ബന്ധങ്ങളാണ് തട്ടിപ്പിന് മോന്‍സന്‍ തട്ടിപ്പുകള്‍ക്ക് മറയാക്കിയതെന്നുമാണ് കരുതുന്നത്.

city exchange

പുരാവസ്തു ശേഖരിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്നെന്ന് ആവകാശപ്പെട്ട് കോടികളുടെ തട്ടിപ്പ് നടത്തിയ എറണാകുളം കലൂരിലെ താമസക്കാരന്‍ ആലപ്പുഴ ചേര്‍ത്തല വല്ലയില്‍ മാവുങ്കല്‍ വീട്ടില്‍ മോന്‍സന്‍ മാവുങ്കലിനെ (52) ഇന്നലെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ആറു പേരില്‍ നിന്നും പത്തു കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിലായിരുന്നു അറസ്റ്റ്.

കോഴിക്കോട് സ്വദേശികളായ യാക്കൂബ് പുറായില്‍, സിദ്ദീഖ് പുറായില്‍, ഇ എ സലീം, എം ടി ഷമീര്‍, തൃശൂര്‍ സ്വദേശി അനുപ് വി അഹമ്മദ്, മഞ്ചേരി സ്വദേശി ഷാനിമോന്‍ എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ പരാതിയെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് മോന്‍സന്‍ മാവുങ്കലിനെ അറസ്റ്റ് ചെയ്തത്.

- Advertisement -
Ad image

കലൂര്‍ വൈലോപ്പിള്ളി ലൈനിലുള്ളരണ്ട് വീടുകളില്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. മകളുടെ വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുക്കാന്‍ ചേര്‍ത്തലയിലെ വീട്ടിലെത്തിയപ്പോള്‍ ശനിയാഴ്ച വൈകിട്ടാണ് ക്രൈംബ്രാഞ്ച് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നു പേരും പിടിയിലായിട്ടുണ്ട്.

ഗള്‍ഫ് രാജ്യങ്ങളിലെ രാജകുടുംബാംഗങ്ങള്‍ക്ക് പുരാവസ്തു നല്കിയതു വഴി 2,62,600 കോടി രൂപ തന്റെ അക്കൗണ്ടിലേക്ക് എത്തിയതായും ഡല്‍ഹിയിലെ സ്വകാര്യ ബാങ്കില്‍ വന്ന തുക പിന്‍വലിക്കാനാകില്ലെന്നും അത് പരിഹരിക്കാനും മറ്റു കാര്യങ്ങള്‍ക്കുമായി പണം നല്കണമെന്നും ആവശ്യപ്പെട്ട് ബാങ്ക് രേഖകള്‍ കാണിച്ചാണ് പണം വാങ്ങിയതെന്നാണ് വഞ്ചിക്കപ്പെട്ടവര്‍ പറയുന്നത്.

ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ ഇയാള്‍ക്ക് ഡല്‍ഹിയില്‍ അക്കൗണ്ട് ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ കൈവശമുള്ള പുരാവസ്തുക്കള്‍ വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്. പുരാവസ്തുക്കള്‍ നിര്‍മിക്കാന്‍ ഇയാളെ സഹായിച്ചവരെ കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

സംസ്ഥാനത്തെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരടക്കമുളള ഉന്നതരുമായുളള ബന്ധം മറയാക്കിയാണ് കൊച്ചിയില്‍ പുരാവസ്തു വില്‍പനയുടെ മറവില്‍ ഇയാള്‍ തട്ടിപ്പ് നടത്തിയതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത യൂദാസിന് ലഭിച്ച വെള്ളി നാണയങ്ങളും മോശയുടെ അംശവടിയും കണ്ട മറ്റൊരു ഐ പി എസ് ഉദ്യോഗസ്ഥന് തോന്നിയ സംശയമാണ് ഇയാളെ കുടുക്കിയത്.
ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ മോന്‍സന്റെ വീട്ടിലെ നിത്യ സന്ദര്‍ശകരായിരുന്നെന്നും ഇവരെ ഉപയോഗിച്ച് കേസ് വഴി തിരിച്ചു വിടാന്‍ ഇയാള്‍ ശ്രമിച്ചിരുന്നതായുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

കോസ്മറ്റോളജിയില്‍ ഡോക്ടറേറ്റ് ഉണ്ടെന്ന അവകാശവാദം ഉന്നയിക്കുന്ന മോന്‍സണ്‍ ലോകസമാധാനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ നേതൃത്വം വഹിക്കുന്നുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചിരുന്നു.

കൃസ്തുവിന്റെ രക്തംപുരണ്ട വസ്ത്രത്തിലെ നൂലുകൊണ്ടുണ്ടാക്കിയ ജപമാല, ലോകത്തിലെ ഏറ്റവും വലുതും ഏറ്റവും ചെറുതുമായ ഖുര്‍ആന്‍ പ്രതികള്‍, ബൈബിളിന്റെ ഒറിജിനല്‍ പ്രതി, ശബരിമലയെ കുറിച്ചുള്ള ഏറ്റവും ആധികാരികമായ ചെമ്പുതകിട്, ആയുര്‍വേദ താളിയോലകള്‍, ടിപ്പുസുല്‍ത്താന്റെ സിംഹാസനം, പഞ്ചശില്‍പ ബുദ്ധപ്രതിമ, രക്തചന്ദനത്തില്‍ തീര്‍ത്ത ശില്‍പം തുടങ്ങി നിരവധി വസ്തുക്കളാണ് പുരാവസ്തുക്കളെന്ന പേരില്‍ ഇദ്ദേഹത്തിന്റെ വീട്ടിലുണ്ടായിരുന്നത്. ഇവയില്‍ പലതും ചേര്‍ത്തലയിലെ ഒരു ആശാരി നിര്‍മിച്ചവയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഒറിജിനല്‍ എന്ന പേരിലല്ല, പകര്‍പ്പെന്ന പേരിലാണ്താന്‍ ഇവയെല്ലാം വില്‍പ്പന നടത്തിയത് എന്നാണ് മോന്‍സന്‍ മൊഴി നല്കിയിരിക്കുന്നത്.

കലൂരിലെ വീട്ടില്‍ അധികം ആളുകളെ പ്രവേശിപ്പിച്ചിരുന്നില്ല. വീടിന് സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ, നായകള്‍, സി സി ടി വി ക്യാമറകള്‍ തുടങ്ങിയവയെല്ലാമുണ്ടായിരുന്നു.

2017 ജൂണ്‍ മുതല്‍ 2020 നവംബര്‍ വരെയുള്ള കാലയളവില്‍ ആറു പേരില്‍ നിന്നായി 10 കോടി രൂപയാണ് ഇയാള്‍ കൈപ്പറ്റിയതെന്നാണ് പരാതിയിലുള്ളത്. കാല്‍നൂറ്റാണ്ടു കാലമായി ആന്റിക്, ഡയമണ്ട് ബിസിനസാണ് തനിക്കെന്നും ഇയാള്‍ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടു തുടങ്ങിയ കടം വാങ്ങലാണ് പത്തു കോടി രൂപയിലെത്തിയത്. പണം നല്കിയവരെ വിശ്വസിപ്പിക്കാന്‍ അവരേയും കൂട്ടി മോന്‍സന്‍ ഡല്‍ഹിയില്‍ ഉള്‍പ്പെടെ പോയിരുന്നു. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതായും ഇയാള്‍ അവരെ വിശ്വസിപ്പിച്ചിരുന്നു.

Share This Article
Leave a Comment
error: Content is protected !!