കരിപ്പൂര്‍ വിമാന ദുരന്തത്തിന് കാരണം പൈലറ്റിന്റെ വീഴ്ച

Web Desk
2 Min Read

ന്യൂഡല്‍ഹി: കരിപ്പൂരില്‍ എയര്‍ ഇന്ത്യ വിമാന ദുരന്തമുണ്ടായത് പൈലറ്റിന്റെ പിഴവിനെ തുടര്‍ന്നാണെന്ന് എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ തയ്യാറാക്കിയ റിപ്പോര്‍ട്ട്. വ്യോമയാന മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കാലതാമസമില്ലാതെ നടപ്പാക്കുമെന്നും സിന്ധ്യ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

city exchange


ചട്ടങ്ങള്‍ പാലിക്കാതെ വിമാനം ലാന്റ് ചെയ്യാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സാങ്കേതിക പിഴവും സംഭവിച്ചിരിക്കാമെന്നും കണ്ടെത്തലിലുണ്ട്. വിമാനം ലാന്‍ഡ് ചെയ്തത് റണ്‍വേയുടെ പകുതി കഴിഞ്ഞതിന് ശേഷം ഗോ എറൗണ്ട് ചട്ടം പാലിച്ചില്ലെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. 2020 ആഗസ്ത് ഏഴിനാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ബോയിംഗ് 737- 800 എയര്‍ ഇന്ത്യ എക്‌സ്പ്രസ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിന്റെ രണ്ട് പൈലറ്റുമാരും അപകടത്തില്‍ മരിച്ചിരുന്നു. 21 പേര്‍ മരിച്ച ദുരന്തത്തില്‍ 96 പേര്‍ക്ക് ഗുരുതര പരിക്കും 73 പേര്‍ക്ക് നിസാര പരിക്കുമേറ്റിരുന്നു.


കോവിഡ് കാലത്ത് ദുബൈയില്‍ നിന്നും കോഴിക്കോട്ടേക്ക് വന്ന വന്ദേഭാരത് മിഷന്‍ എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെടുകയായിരുന്നു. റണ്‍വേയില്‍ നിന്നും നിയന്ത്രണം തെറ്റി കോംപൗണ്ട് വാളില്‍ ഇടിച്ച്‌ വിമാനം രണ്ടായി മുറിഞ്ഞു പോവുകയായിരുന്നു. വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷമായിരുന്നു അപകടം എന്നതിനാലും ഇന്ധന ചോര്‍ച്ച പെട്ടെന്ന് നിയന്ത്രിച്ചതിനാലും വന്‍ പൊട്ടിത്തെറി ഒഴിവാകുകയായിരുന്നു.

- Advertisement -
Ad image

റണ്‍വേ 28ല്‍ ഇറങ്ങാനുള്ള ആദ്യത്തെ ശ്രമം ഉപേക്ഷിച്ച് റണ്‍വേ 10ല്‍ ഇറങ്ങാന്‍ തീരുമാനിച്ച ക്യാപ്റ്റന്‍ നടത്തിയ അണ്‍സ്റ്റെബിലൈസ്ഡ് അപ്രോച്ചാണ് ദുരന്തത്തിന്റെ തുടക്കം. വിമാനം യാഥാര്‍ഥത്തില്‍ ഇറങ്ങേണ്ടിയ ഗ്ലൈഡ് പാത്തിനേക്കാള്‍ താഴ്ത്തിപ്പറത്തിയ വിമാനം ഒടുവില്‍ പിഴവു മനസിലാക്കിയപ്പോള്‍ ഉയര്‍ത്തിയത് ആവശ്യമുള്ളതിലും കൂടുതല്‍ ഉയരത്തിലാണെന്നും അതു കൊണ്ടു തന്നെ റണ്‍വേയുടെ ടച്ച് ഡൗണ്‍ സോണും കഴിഞ്ഞ് വിമാനം മുന്നോട്ടു പോയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

വിമാനത്താവളത്തോട് സമീപിക്കുമ്പോള്‍ ഓട്ടോ പൈലറ്റ് ഓഫ് ചെയ്ത ക്യാപ്റ്റന്‍ ഓട്ടോ-ത്രസ്റ്റ് (ലാന്‍ഡ് ചെയ്യുമ്പോഴുള്ള എന്‍ജിന്റെ ശക്തി കംപ്യൂട്ടര്‍ തീരുമാനിക്കുന്ന സംവിധാനം) ഓഫ് ചെയ്തില്ലെന്നു ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ടില്‍ സുരക്ഷാ മാനദണ്ഡങ്ങളുടെ അടുത്ത ലംഘനം അതാണെന്നും വിശദീകരിക്കുന്നു. റണ്‍വേയില്‍ 1300 മീറ്ററും കഴിഞ്ഞ് മുന്നോട്ടു പറന്ന വിമാനം ഒടുവില്‍ 1432 മീറ്ററില്‍ നിലംതൊടും മുമ്പേ എന്‍ജിന്റെ ശക്തി കൂട്ടുകയാണ് ക്യാപ്റ്റന്‍ ചെയ്തത്. അതുകൊണ്ടു തന്നെ വന്‍വേഗത്തിലായിരുന്നു നിലംതൊടലെന്ന പരാമര്‍ശവുമുണ്ട്.


ലാന്‍ഡ് ചെയ്ത ശേഷം വേഗം കുറയ്ക്കാനുള്ള ത്രസ്റ്റ് റിവേഴ്സല്‍ ചെയ്തെങ്കിലും പിന്നീടതിന്റെ ആക്കം കുറയ്ക്കുകയും ചെയ്തു. ഒപ്പം വീല്‍ ബ്രേക്കുകള്‍ സ്വയം പ്രവര്‍ത്തിപ്പിക്കാന്‍ ഒരുങ്ങുകയും ചെയ്തു. ഇത് വിമാനം വന്‍വേഗത്തില്‍ റണ്‍വേയുടെ അറ്റത്തേക്ക് പാഞ്ഞുവെന്നതായിരുന്നു ഫലം.
വിമാനം വൈകി നിലം തൊടുന്നതിനു തൊട്ടുമുമ്പ് കോ-പൈലറ്റ് വളരെ ദുര്‍ബലമായി ഗോ-എറൗണ്ട് ചെയ്യാമെന്ന് പറഞ്ഞത് അവഗണിക്കപ്പെടുകയായിരുന്നു. ലാന്‍ഡ് ചെയ്യാതെ ചുറ്റിപ്പറന്നു വരാന്‍ വേണ്ടി പറയുന്നതാണ് ഗോ എറൗണ്ട്.


മഴയത്ത് ഹൈഡ്രോ പ്ലെയിനിങ് ഉണ്ടായിട്ടില്ലെന്നും അന്വേഷണ സമിതി കണ്ടെത്തിയിട്ടുണ്ട്. ബ്രേക്കുകള്‍ കാര്യമായി പ്രവര്‍ത്തിപ്പിച്ചിട്ടുമില്ല. എല്ലാംകുഴപ്പത്തിലായെന്ന് അവസാന നിമിഷം തിരിച്ചറിഞ്ഞപ്പോള്‍ വിമാനം വീണ്ടും ഉയര്‍ത്താന്‍ ക്യാപ്റ്റന്‍ ശ്രമിച്ചുവെന്നും സൂചനയുണ്ട്.

Share This Article
Leave a Comment
error: Content is protected !!