

അല്‍ഖോര്‍: വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു. അല്‍ഖോര്‍ ഫ്‌ളൈ ഓവറില്‍ നിന്നും വാഹനം താഴേക്ക് പതിക്കുകയായിരുന്നു.

കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ റോഷിന്‍ ജോണ്‍ (38), ഭാര്യ ആന്‍സി ഗോമസ് (30), ആന്‍സിയുടെ സഹോദരന്‍ ജിജോ ഗോമസ് (34) എന്നീ മലയാളികളും ഇവരുടെ സുഹൃത്തുക്കളായ തമിഴ്‌നാട് സ്വദേശികളായ നാഗലക്ഷ്മി ചന്ദ്രശേഖരന്‍ (33), ഭര്‍ത്താവ് പ്രവീണ്‍ കുമാര്‍ ശങ്കര്‍ (38) എന്നിവരാണ് മരിച്ചത്. റോഷിന്‍- ആന്‍സി ദമ്പതികളുടെ മകന്‍ ഏദന്‍ (മൂന്ന്) ഗുരുതരാവസ്ഥയില്‍ സിദ്ര മെഡിസിനില്‍ ചികിത്സയിലാണ്. കുഞ്ഞിന് രണ്ട് ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്. അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അഞ്ചു പേരുടേയും മൃതദേഹങ്ങള്‍ അല്‍ഖോര്‍ ആശുപത്രി മോര്‍ച്ചറിയില്‍. ദോഹ- അല്‍ഖോര്‍ എക്‌സ്പ്രസ് ഹൈവേ എക്‌സിറ്റ് 35ലെ പാലത്തിനു മുകളില്‍ നിന്നാണ് വാഹനം താഴേക്ക് വീണതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റോഷിന്‍ ജോണും സംഘവും സഞ്ചരിച്ച വാഹനത്തിനു നേരെ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിലാണ് വാഹനം പാലത്തില്‍ നിന്നും താഴേക്ക് വീണത്.
ബുധനാഴ്ച രാത്രിയാണ് അല്‍ഖോറില്‍ അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ എല്ലാവരേയും ആശുപത്രിയിലേക്കെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.
മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത് ഉള്‍പ്പെടെയുള്ള അനന്തര നടപടികള്‍ക്ക് ഖത്തര്‍ കെ എം സി സി മയ്യിത്ത് പരിപാലന കമ്മിറ്റി രംഗത്തുണ്ട്.
ഈദ് അവധി ആഘോഷിക്കാന്‍ ഖത്തറില്‍ നിന്നും ബഹറൈനിലേക്ക് പോയ രണ്ട് മലയാളികള്‍ കഴിഞ്ഞ ദിവസാണ് സഊദി അറേബ്യയിലെ ഹുഫൂഫിന് സമീപം വാഹനാപകടത്തില്‍ മരിച്ചത്.

