

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022ന്റെ വളണ്ടിയര്‍മാരുടെ ഔദ്യോഗിക പരിശീലനത്തിന് തുടക്കം. ഇരുപതിനായിരം വളണ്ടിയര്‍മാരുടെ പ്രവര്‍ത്തനപഥത്തിലെ അടുത്ത സുപ്രധാന ഘട്ടത്തിനാണ് ഇതോടെ തുടക്കമായത്.

ലോകമെമ്പാടുമുള്ള 4,20,000 അപേക്ഷകരില്‍ നിന്നാണ് മികച്ച ഇരുപതിനായിരം പേരെ തെരഞ്ഞെടുത്തത്. സമഗ്രമായ സ്‌ക്രീനിംഗ്, ടെസ്റ്റിംഗ്, അഭിമുഖം എന്നിവയിലൂടെയാണ് ഖത്തറിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സന്നദ്ധ സേനയെ ഒരുമിച്ചു കൊണ്ടുവന്നത്. മാര്‍ച്ച് മാസത്തിലാണ് ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയത്.


പതിനെട്ടു മുതല്‍ 77 വയസ്സുവരെയുള്ളവര്‍ തെരഞ്ഞെടുക്കപ്പെട്ടവരിലുണ്ട്. ജീവിതത്തിലെ എല്ലാ തുറകളില്‍ നിന്നുള്ള 160 രാജ്യങ്ങളിലെ പൗരന്മാരാണ് വളണ്ടിയര്‍മാരായി സേവനം അനുഷ്ഠിക്കുന്നത്.
ഫിഫ ലോകകപ്പ് ഖത്തര്‍ 2022 വര്‍ക്ക് ഫോഴ്‌സ് ആന്റ് അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ റാഷ അല്‍ ഖര്‍നി പരിശീലന നാഴികക്കല്ലിലേക്കെത്തിയതിനെ കുറിച്ച് സംസാരിച്ചു. നേരത്തെ 58,000 റിക്രൂട്ട്‌മെന്റ് ഇന്റര്‍വ്യൂ നടത്തിയിരുന്ന കത്താറയിലെ ദോഹ എക്‌സിബിഷന്‍ സെന്റര്‍ ഇപ്പോള്‍ വളണ്ടിയര്‍മാരുടെ പ്രവര്‍ത്തനങ്ങളുടെ സൗഹൃദ കേന്ദ്രമായും ഹോം ബേസായുമാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാ ദിവസവും രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പതര വരെയും വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് രണ്ടു മുതല്‍ രാത്രി ഒന്‍പതര വരെയുമാണ് ഇവിടം പ്രവര്‍ത്തിക്കുക.

