
ചേരാപുരം: ഒരു പൂവില്‍ ഒരു വസന്തം ചേര്‍ത്തുവെച്ച വി പി സുധാകരന്‍ മാസ്റ്റര്‍ ജീവിതത്തില്‍ നിന്നും മടങ്ങുമ്പോള്‍ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഒരു ഗ്രാമം. ചീക്കിലോട് യു പി സ്‌കൂളിലെ റിട്ടയേര്‍ഡ് ഹെഡ്മാസ്റ്ററായിരുന്ന ചേരാപുരം വലിയ പാതിരിക്കോട് വി പി സുധാകരന്‍ മാസ്റ്റര്‍ 59-ാം വയസ്സില്‍ നിനച്ചിരിക്കാതെ മരണത്തിന്റെ ചിറകില്‍ കയറി യാത്ര പോയപ്പോള്‍ സ്‌കൂളും നാട്ടുകളും വിദ്യാര്‍ഥികളും ഓര്‍ക്കുന്നത് അദ്ദേഹത്തിന്റെ യാത്രയയപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന വീഡിയോയാണ്.

സ്‌കൂളില്‍ വരാന്‍ മടി കാണിച്ച കുഞ്ഞു പെണ്‍കുട്ടിക്ക് പാവക്കുട്ടിയെ കൊടുത്തും ചിത്രം വരച്ചും കഥ പറഞ്ഞും സ്‌കൂളിന്റെ മായാ ലോകത്തേക്ക് ആകര്‍ഷിച്ച മാഷ് ഏവര്‍ക്കും പ്രിയങ്കരനായിരുന്നു. ഒടുവില്‍ റിട്ടയര്‍മെന്റ് നാളില്‍ സ്‌കൂള്‍ മുഴുവന്‍ മാഷെ യാത്രയാക്കുമ്പോള്‍ പിന്നില്‍ നിന്നും പിടിച്ചു നിര്‍ത്തുന്ന ഒരു കൈ ആ പെണ്‍കുട്ടിയുടേതായിരുന്നു. തനിക്കു തന്ന പാവക്കുട്ടിയെ നെഞ്ചോടു ചേര്‍ത്തു വെച്ച അവള്‍ ഒരു റോസാ പുഷ്പമാണ് മാഷ്‌ക്ക് തിരികെ നല്‍കുന്നത്.


ഒരു പൂവില്‍ ഒരു വസന്തം ഒളിപ്പിച്ചു വെച്ച് സ്‌കൂളിന്റേയും ജീവിതത്തിന്റേയും പടിയിറങ്ങിപ്പോയ സുധാകരന്‍ മാസ്റ്റര്‍ക്ക് ഹൃദയം ചേര്‍ത്തുവെച്ച റോസാ പുഷ്പം തന്നെയാണ് വിദ്യാര്‍ഥികളും നാട്ടുകാരും സമ്മാനമായി തിരികെ നല്‍കുന്നത്.
കോണ്‍ഗ്രസ് നേതാവും വേളം ഗ്രാമപഞ്ചായത്ത് പതിനേഴാം വാര്‍ഡ് അംഗവും കൂടിയായിരുന്നു അദ്ദേഹം. നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവന്‍, കോണ്‍ഗ്രസ് വേളം മണ്ഡലം ജനറല്‍ സെക്രട്ടറി, ചേരാപുരം അഗ്രികള്‍ച്ചറല്‍ വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റ്, കോട്ടയുള്ളതില്‍ ശിവക്ഷേത്ര കമ്മിറ്റി വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിലെല്ലാം പ്രവര്‍ത്തിക്കുന്ന അദ്ദേഹം യു ഡി എഫ് പഞ്ചായത്ത് അംഗങ്ങളുടെ ധര്‍ണയില്‍ പേരാമ്പ്രയില്‍ പങ്കെടുത്ത് മടങ്ങിയതിന് പിന്നാലെയാണ് ഹൃദയാഘാതം സംഭവിച്ച് മരിച്ചത്. നാടിനും നാട്ടുകാര്‍ക്കും പുതിയ തലമുറയ്ക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച അധ്യാപകന്റെ മരണവും നാടിനു വേണ്ടിയുള്ള സമരത്തിന് പിന്നാലെയായത് യാദൃശ്ചികം.

ചേരാപുരം യു പി സ്‌കൂള്‍ അധ്യാപിക ഗിരിജയാണ് ഭാര്യ. ആയുര്‍വേദ ഡോക്ടറായ അനുഷ, മൈസൂര്‍ ഇന്‍ഫോസിസില്‍ പ്രവര്‍ത്തിക്കുന്ന ആദര്‍ശ് എന്നിവര്‍ മക്കളും കോഴിക്കോട് ഫെഡറല്‍ ബാങ്ക് സീനിയര്‍ മാനേജര്‍ വരുണ്‍ ദിവാകര്‍ മരുമകനുമാണ്.
പരേതരായ ബാലകൃഷ്ണന്‍ അടിയോടിയുടേയും ജാനകി അമ്മയുടേയും മകനാണ്. റിട്ടയേര്‍ഡ് അധ്യാപകന്‍ ചന്ദ്രശേഖരന്‍, കോഴിക്കോട് ഏജീസ് ഓഫിസില്‍ നിന്നും റിട്ടയര്‍ ചെയ്ത പ്രഭാകരന്‍ എന്നിവരാണ് സഹോദരങ്ങള്‍. സംസ്‌ക്കാരം ബുധനാഴ്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

