പൊന്നിയിന്‍ സെല്‍വന്‍ നോവലില്‍ ഇല്ലാത്ത വിഷയങ്ങളും സിനിമയിലുണ്ടെന്ന് മണിരത്‌നം

Web Desk
5 Min Read

ചെന്നൈ: ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗം (പിഎസ്2) റിലീസ് ചെയ്യാനിരിക്കെ നോവലില്ലാത്ത വിഷയങ്ങളും സിനിമയിലുണ്ടെന്ന് സംവിധായകന്‍ മണിരത്‌നം. തലമുറകളെ ആകര്‍ഷിച്ച കല്‍ക്കിയുടെ ഇതിഹാസ നോവലിനെ ആസ്പദമാക്കിയാണ് മണിരത്‌നം പൊന്നിയിന്‍ സെല്‍വന്‍ അണിയിച്ചൊരുക്കിയത്.

city exchange

നോവലിലെ ഉള്ളടക്കത്തിന് ഉപരി കഥയിലെ സംഭവങ്ങള്‍ നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഒട്ടേറെ പഠനങ്ങള്‍ നടത്തിയ ശേഷമാണ് മണിരത്‌നം തന്റെ സ്വപ്ന പദ്ധതിയായ ഈ സിനിമക്ക് തിരക്കഥ തയ്യാറാക്കിയതും ദൃശ്യാവിഷ്‌ക്കാരമേകിയതും. അതുകൊണ്ടുതന്നെ നോവലില്‍ ഇല്ലാത്ത ചില സംഭവങ്ങളും സിനിമയിലുണ്ട് എന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.

നോവലില്‍ നിന്നും ആവശ്യമുള്ള അളവില്‍ മാത്രം എടുത്തു മറ്റൊരു മീഡിയത്തില്‍ ചെയ്യേണ്ടതുണ്ടായിരുന്നുവെന്നാണ് മണിരത്‌നം പറയുന്നത്. ആദ്യ ഭാഗത്തില്‍ പൊന്നിയിന്‍ സെല്‍വനിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയും ഓരോരുത്തരും പ്രയാണം ചെയ്യുന്ന രീതി വിവരിച്ച് തുടങ്ങി വെക്കുകയുമാണ് ചെയ്തത്. രണ്ടാം ഭാഗത്തിലാണ് കഥയുള്ളത്. കഥാപാത്രങ്ങളുടെ ബന്ധങ്ങള്‍, അതു കൊണ്ട് ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ എല്ലാം വിവരിക്കുന്നത് രണ്ടാം ഭാഗത്തിലാണ്. നല്ല രീതിയില്‍ കൊണ്ടുവന്നിട്ടുണ്ടെന്നും പൂര്‍ണത കൈ വന്നിട്ടുണ്ടെന്നും ആത്മവിശ്വാസത്തോടെ പറയാനാവുമെന്നും മണിരത്‌നം വിശദമാക്കുന്നു.

- Advertisement -
Ad image

അതേക്കുറിച്ചും പ്രതിസന്ധികളെ അതി ജീവിച്ച് സിനിമ പൂര്‍ത്തീകരിച്ച അനുഭവത്തെ കുറിച്ചും മണിരത്‌നം മനസ്സു തുറക്കുന്നു.

‘ആദ്യ ഭാഗത്തിന് കിട്ടിയ വിജയവും അംഗീകാരവും നില നിര്‍ത്തണം എന്നതു കൊണ്ട് രണ്ടാം ഭാഗത്തിനായി പഴുതുകളില്ലാതിരിക്കാന്‍ അവിശ്രമം കഠിനമായി അധ്വാനിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ക്ക് രണ്ടാം ഭാഗത്തെ കുറിച്ച് ഒരു ഗണിപ്പും മുന്‍ വിധിയും ഉണ്ടായിരിക്കും. ജനങ്ങള്‍ പൊന്നിയിന്‍ സെല്‍വനെ ഒരുപാട് സ്‌നേഹിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് സിനിമക്ക് ലഭിച്ച മഹാ വിജയം. പടം പുറത്തു വരുന്നതിനു മുമ്പു തന്നെ അവര്‍ ആഘോഷിക്കാന്‍ തുടങ്ങി. ഈ അംഗീകാരത്തിന്റെയും വിജയത്തിന്റെയും വലിയ പങ്കും സൃഷ്ടാവ് കല്‍ക്കിക്ക് അവകാശപ്പെട്ടതാണ്.

ഒരു ഐതിഹാസികമായ മഹത് രചന സിനിമയാക്കുക എന്നത് ഒരു വെല്ലുവിളിയല്ലേ. ?
അതെ, അഞ്ചു ഭാഗങ്ങളുള്ള മഹാഗ്രന്ഥമാണ് കല്‍ക്കിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന നോവല്‍. ഒട്ടനവധി കഥാപാത്രങ്ങള്‍ അതിലുണ്ട്. അത്രയധികം കഥാപാത്രങ്ങള്‍ സൃഷ്ടിക്കാനുള്ള ധാരാളം സമയവും എഴുതാനുള്ള മനസ്സും ഭാവനയും അദ്ദേഹത്തിന് ഉണ്ടായിരുന്നു. സിനിമ പൂര്‍ണമായും വേറിട്ട, വ്യത്യസ്തമായ മറ്റൊരു മീഡിയമാണ്. വെറുതെ വാക്കുകളാലുള്ള വിവരണം കൊണ്ട് കഥ പറയാനാവില്ല.

സിനിമയില്‍ കുറച്ചു സമയത്തിനുള്ളില്‍ ഒട്ടേറേ കാര്യങ്ങള്‍ വിവരിക്കണം. കഥ അവര്‍ (കാണികള്‍) നേരിട്ട് കാണണം. അനുഭവിക്കണം. ഒന്നിച്ച് കണ്ട് ഒരു കഥ പറയാന്‍ കഴിഞ്ഞ സംതൃപ്തി ലഭിക്കണം. ഇതില്‍ പ്രശ്‌നം ഉണ്ടാവുക തിരക്കഥ എഴുതുന്ന വേളയിലാണ്. അതും തൃപ്തികരമായി പൂര്‍ത്തിയാക്കിയാല്‍ അതിനെ അതേപടി പ്രാവര്‍ത്തികമാക്കാം. അങ്ങനെ നോക്കുമ്പോള്‍ നല്ല രീതിയില്‍ വന്നിട്ടുണ്ട്. നോവലില്‍ നിന്നും ചില മാറ്റങ്ങള്‍ ഉണ്ടായിരിക്കും. എല്ലാം ചേര്‍ത്ത് കോര്‍ത്തിണക്കി വരുമ്പോള്‍ കഥയി (നോവലില്‍)ല്‍ ഇല്ലാത്ത ചില വിഷയങ്ങളും ചേര്‍ക്കേണ്ടതായി വന്നു. സിനിമയ്ക്ക് അവസാനം, ക്ലൈമാക്‌സ് എന്നത് വേറെ. നോവല്‍ ഏതു വിധത്തില്‍ എങ്ങനെ വേണമെങ്കിലും എഴുതാം. എന്നാല്‍ സിനിമയില്‍ ക്ലൈമാക്‌സ് ഉച്ചത്തില്‍ വന്നു നില്‍ക്കണം. സിനിമയുടെ ഭാഷക്ക് ഇത് കടുത്ത വെല്ലവിളി തന്നെ. എല്ലാം ശരിയാക്കി ഒരു രൂപത്തില്‍ എത്തിച്ചിട്ടുണ്ട്. കല്‍ക്കിയുടെ രചനയിലെ നല്ല മുഹൂര്‍ത്തങ്ങള്‍ ഒന്നും ഒഴിവാക്കിയിട്ടില്ല എന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയും.

നോവലിലെ ചില കഥാപത്രങ്ങള്‍, ചില രംഗങ്ങള്‍, ചില സ്ഥലങ്ങള്‍ എന്നിവയെ കുറിച്ച് സിനിമയില്‍ പ്രതിപാദിക്കുന്നില്ല എന്ന വസ്തുത നിഷേധിക്കുന്നില്ല. ഉപ കഥകള്‍ കുറയ്‌ക്കേണ്ടതായി വന്നു. ആധാരമായ മൂല കഥയെ കോര്‍ത്തിണക്കി പറയാന്‍ നന്നേ മിനക്കെടേണ്ടി വന്നു. കല്‍ക്കി ഒരു കാര്യം വിവരിച്ച് വരുമ്പോള്‍ ‘അവിടെ പോയിട്ടു വരാം’ എന്ന് പറഞ്ഞു പോകുന്നു. സ്‌ക്രീനില്‍ അങ്ങനെ പോയിട്ട് വരാന്‍ പറ്റില്ല. അങ്ങനെ പോയാലും അത് മനസിലാക്കി കൊടുക്കുക എന്നത് വലിയ ബുദ്ധിമുട്ടാണ്. തീര്‍ച്ചയായും നീതിപൂര്‍വ്വം ചില മാറ്റങ്ങളുണ്ട്. എന്നാല്‍ കല്‍ക്കി രചിച്ച പൊന്നിയിന്‍ സെല്‍വന്റെ ആത്മാവും ജീവനും തീര്‍ച്ചയായും സിനിമയിലുണ്ട്. സിനിമ കണ്ട ശേഷം നിങ്ങളും അത് പറയും.

കൊറോണ കാലത്ത് പ്രതിസന്ധികളിലും നൂറ്റി മുപ്പതു ദിവസം കൊണ്ട് രണ്ടു ഭാഗങ്ങളുടേയും ചിത്രീകരണം പൂര്‍ത്തിയാക്കിയല്ലോ. ആ വെല്ലുവിളിയെ എങ്ങനെയാണ് അതി ജീവിച്ചത്…?
കോവിഡ് കാലത്ത് നൂറു പേര്‍ മാത്രമേ ജോലി ചെയ്യാവൂ, എന്ന പ്രോടോകോള്‍ ഉണ്ടായിരുന്നു. ഓരോ ദിവസവും കൊറോണ വാര്‍ത്തകള്‍ ഉണ്ടാക്കിയ ഭീതി ഇപ്പോഴും ഓര്‍ക്കാന്‍ വയ്യാ. പേപ്പറില്‍ എഴുതി വെച്ചതിനുമപ്പുറം എങ്ങനെ മികവോടെ ചിത്രീകരിക്കാം?.. നടീ നടന്മാരെ ക്യാമറക്ക് മുന്നില്‍ കൊണ്ട് വന്ന് നിറുത്തി, പാശ്ചാത്തലത്തില്‍ മ്യുസിക് എങ്ങനെ വരും? എന്നൊക്കെയുള്ള ഒട്ടേറേ ചിന്താ കുഴപ്പങ്ങളും പേടിയുമൊക്കെ വേട്ടയാടിയിരുന്നു. ഏതിലാണ് പ്രഷര്‍ ഇല്ലാത്തത്. ഒരു ക്രിയേറ്ററുടെ ടെന്‍ഷന്‍ എപ്പോഴും ഒരേ പോലെയാണ്. വലിയ യുദ്ധ രംഗമാണെങ്കിലും രണ്ടു പേര്‍ തമ്മില്‍ സംസാരിക്കുന്ന വൈകാരികമായ ഒരു രംഗം ചിത്രീകരിക്കയാണെങ്കിലും ശരി, ചുറ്റുമുള്ള കാര്യങ്ങള്‍ മാറും എന്നല്ലാതെ ടെന്‍ഷന്‍ ഒന്നു തന്നെയാണ്. പേപ്പറിലുള്ളത് ക്യമറക്കുള്ളിലേക്ക് വരുമ്പോള്‍ അത് ഇനിയും വളരണം, വികസിക്കണം, തിളങ്ങണം അതാണ് പ്രധാനം. സിനിമയില്‍ സമയം പ്രധാനമാണ്. വിലപ്പെട്ടതാണ്. ചില സമയത്ത് നടീനടന്മാരില്‍ നിന്നും പ്രതീക്ഷിച്ച പെര്‍ഫോമന്‍സ് കിട്ടാന്‍ താമസം വന്നേക്കാം. അതിനിടയില്‍ നമ്മള്‍ എടുക്കുന്ന ആ വിഷയത്തില്‍ ‘സംതിങ്ങ് സ്‌പെഷല്‍’ വരണം അതിനൊരു ജീവന്‍ നല്‍കണം എന്ന് തുടിക്കുമ്പോള്‍ ടെന്‍ഷന്‍ ഒഴിവാക്കാന്‍ ആവില്ല.’

പി എസ് 1നു ലഭിച്ച സ്വീകരണത്തില്‍ താങ്കള്‍ തൃപ്തനാണോ?
മറ്റാരെങ്കിലും എടുത്തിരുന്നെങ്കില്‍ ഞാനും ഒരു പ്രേക്ഷകന്റെ സ്ഥാനത്ത് നിന്നു കൊണ്ട് വിമര്‍ശിച്ചിട്ടുണ്ടാവും. പൊന്നിയിന്‍ സെല്‍വന്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട കഥയാണ്. എല്ലാവരും അവരവരുടെ മനസ്സിലുള്ള സങ്കല്പം വെച്ചാണ് കണ്ടത്. ഭൂരിഭാഗം പേര്‍ക്കും ഇഷ്ടപ്പെട്ടു എന്നാണ് ഞാന്‍ അറിഞ്ഞത്. എനിക്ക് ഒറ്റ ലക്ഷ്യമേ ഉളളൂ. പൊന്നിയിന്‍ സെല്‍വന്‍ വായിച്ചപ്പോള്‍ എന്നെ ആകര്‍ഷിച്ചതെന്തോ, എനിക്ക് എന്ത് ഇഷ്ടപ്പെട്ടുവോ ആ ഫ്േളവര്‍ മാറാതെ കൊണ്ടുവരണം എന്ന് ആഗ്രഹിച്ചു. മുഴുവന്‍ കഥയും കൈക്കുള്ളില്‍ അടങ്ങാതെ വെച്ച് ഈ സിനിമ എടുക്കാനേ കഴിയില്ല. നല്ല അഭിനേതാക്കളെ വെച്ച്
വിശ്വസനീയമായ രീതിയില്‍ വന്നാല്‍ തന്നെ മതി എന്നു കരുതി. എന്നാല്‍ ഇത് വലിയൊരു ഉത്തരവാദിത്വവും ജോലിയുമാണെന്ന് എഴുതുമ്പോഴും ചിത്രീകരിക്കുമ്പോഴും മനസിലായി. ഇതൊരു വ്യാജ കഥയല്ല, ഫാന്റസിയും അല്ല. ഒരു സൂപ്പര്‍ ഹീറോ എന്തു വേണമെങ്കിലും ചെയ്യും എന്നില്ല. കപടതയും സിനിമാ ശൈലിയിലുള്ള അതിഭാവുകത്വവും തല പൊക്കരുത്. കഥയിലെ ഈ സംഭവങ്ങളെല്ലാം നടന്നിട്ടുണ്ടാവും എന്ന് വിശ്വസിപ്പിക്കണം. ആ ഉത്തരവാദിത്വം നിറവേറ്റി എന്നാണ് ഞാന്‍ കരുതുന്നത്.

റഫീക്ക് അഹമ്മദും എ ആര്‍ റഹ്മാനുമാണ് പി എസ്-2വിന്റെ ഗാനശില്പികള്‍. സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണനാണ് സംഭാഷണ രചയിതാവ്. രവി വര്‍മ്മന്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു.

വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യാ റായ് ബച്ചന്‍, തൃഷ കൃഷ്ണ, ശോഭിതാ ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര, ജയറാം, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, പാര്‍ത്ഥിപന്‍, വിക്രം പ്രഭു, ബാബു ആന്റണി, ലാല്‍, റിയാസ് ഖാന്‍, കിഷോര്‍ അശ്വിന്‍ കാകുമാനു, മോഹന്‍ റാം എന്നിവരാണ് ‘പിഎസ്2 ‘ലെ പ്രധാന അഭിനേതാക്കള്‍.

കെ സുബാസ്‌ക്കരന്റെ ലൈക്കാ പ്രൊഡക്ഷന്‍സും മണിരത്‌നത്തിന്റെ മെഡ്രാസ് ടാക്കീസും സംയുക്തമായി നിര്‍മ്മിച്ച ബ്രഹ്മാണ്ഡ ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'പൊന്നിയിന്‍ സെല്‍വന്‍-2' തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തുന്നു.
Share This Article
Leave a Comment
error: Content is protected !!