Connect with us

Entertainment

പൊന്‍പുലരൊളി പൂവിതറിയ ഭാഗ്യശ്രീ

Published

on


എണ്‍പതുകളുടെ മധ്യത്തിലും തൊണ്ണൂറുകളിലും തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞാടിയ താരമായിരുന്നു ഭാഗ്യശ്രീ. ‘രാമച്ച വിശറി പനിനീരില്‍ മുക്കി ആരോമല്‍ വീശും തണുപ്പാണോ’ എന്ന പാട്ടിന്റെ അകമ്പടിയോടെ തിയേറ്ററില്‍ പടം തുടങ്ങുന്നതിനു മുന്‍പുള്ള പരസ്യത്തിലെ ഭാഗ്യശ്രീയുടെ വരവ് അന്നത്തെ യുവാക്കളെ കോള്‍മയിര്‍ കൊള്ളിച്ചിരുന്നു. മലയാളത്തില്‍ ‘ഇത്തിരിപ്പൂവേ പൂവേ ചുവന്നപൂവേ ‘എന്നചിത്രത്തില്‍ റഹ്മാന്റെ
നായികയായാണ് മലയാളത്തില്‍ ഭാഗ്യശ്രീയുടെ തുടക്കം. പൊന്‍പുലരൊളി പൂവിതറിയ കാളിന്ദിയാടുന്ന വൃന്ദാവനം കണ്ടുവോ എന്ന ഗാനരംഗത്തില്‍ ഭാഗ്യശ്രീയും റഹ്മാനും ഇഴുകി അഭിനയിച്ചത് കാണാന്‍ കോളേജ് കുമാരീ- ുമാരന്മാര്‍ തിയേറ്ററിലേക്കൊഴുകി. സാമുദ്രിക ലക്ഷണങ്ങളോട് കൂടിയ അഭിനേത്രിയാണ് ഭാഗ്യശ്രീ എന്നാണ് മുടിചൂടാമന്നനായ സംവിധായകന്‍ ഭരതന്‍ ഭാഗ്യശ്രീയെ വിശേഷിപ്പിച്ചിരുന്നത്. ഭാഗ്യശ്രീയുടെ വിടര്‍ന്ന കണ്ണുകളും പനങ്കുലപോലെയുള്ള മുടിയും അംഗലാവണ്യങ്ങളും അന്നത്തെ പ്രേക്ഷക മനസ്സില്‍ ഭാഗ്യശ്രീയ്ക്ക് പ്രത്യേക ഇടംകൊടുത്തു. ഇത്തിരിപ്പൂവേ ചുവന്നപൂവേ എന്ന ചിത്രത്തിനുശേഷം ധാരാളം മലയാളപടങ്ങളില്‍ ഭാഗ്യശ്രീക്ക് ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ ലഭിച്ചു. എന്നാല്‍ പി ചന്ദ്രകുമാര്‍
സംവിധാനം ചെയ്ത ‘കറുത്ത കുതിര’ എന്ന ചിത്രത്തില്‍ മാത്രമേ അവരെ നായികയായി പിന്നീട് കാസ്റ്റ് ചെയ്തുള്ളൂ. മലയാള സിനിമയില്‍ മാത്രം ‘ഭാഗ്യലക്ഷ്മി’ എന്നപേരില്‍ അവര്‍ അറിയപ്പെട്ടു. തെലുങ്ക് , തമിഴ് കന്നഡ സിനിമകളില്‍ എല്ലാം അവര്‍ ഭാഗ്യശ്രീ ആയിരുന്നു. അക്കാലത്തെല്ലാം നല്ല തടിച്ച ശരീരമുള്ള സ്ത്രീകളായിരുന്നു മലയാളത്തില്‍ നായികയാവുക. കൃശഗാത്രിയായിരുന്ന ഭാഗ്യശ്രീയെ അതിനാല്‍ മലയാള സിനിമ നായികയാക്കാന്‍ മുതിര്‍ന്നില്ല. മാത്രമല്ല അവര്‍ മലയാള സിനിമകളില്‍ അഭിനയിക്കുമ്പോള്‍ 13, 14 വയസ്സായിരുന്നു പ്രായം. എന്നിരുന്നാലും നല്ല ധാരാളം കഥാപാത്രങ്ങള്‍ മലയാളത്തില്‍ അവരെ തേടിയെത്തിയിരുന്നു.

ഞാന്‍ പിറന്ന നാട്ടില്‍, ഇടനിലങ്ങള്‍, ഉയരും ഞാന്‍ നാടാകെ, പാവംക്രൂരന്‍, ജനകീയ കോടതി, പാവം പൂര്‍ണ്ണിമ, പൊന്ന്, നിറഭേദങ്ങള്‍ എന്നീ സിനിമകള്‍ അതില്‍ ചിലതാണ്. എന്നാല്‍ മലയാള സിനിമകളേക്കാള്‍ ഉയര്‍ന്ന പ്രതിഫലവും കൂടുതല്‍ പ്രേക്ഷകരുമുള്ള തമിഴ്, തെലുങ്ക് സിനിമകളില്‍ ഭാഗ്യശ്രീ നായികയും ഉപനായികയുമായി തിരക്കിലായതോടെ മലയാള ചലച്ചിത്രങ്ങളില്‍ നിന്നും ക്രമേണ അവരെ കാണാതായി. തമിഴ് നടന്‍ മുരളിയും ഭാഗ്യശ്രീയും നായികാ നായകന്മാരായി അഭിനയിച്ച ‘വളയല്‍ സത്തം’ സിനിമയിലൂടെ തമിഴ് പ്രേക്ഷകരുടെ ഇടയില്‍ ഭാഗ്യശ്രീക്ക് തന്റേതായ ഇടമുണ്ടായിരുന്നു. പില്‍ക്കാലത്തു തമിഴ്‌നാട് എം എല്‍ എ ആയിരുന്ന ചന്ദ്രശേഖറും ഭാഗ്യശ്രീയും ചേര്‍ന്നഭിനയിച്ച ‘ആളൈ പാത്ത് മാലൈ മാത്ത്’, ഭാരതിരാജ സംവിധാനം ചെയ്ത രജനികാന്ത് ഡബിള്‍ റോളില്‍ അഭിനയിച്ച ‘കോടിപറക്കുത്’ സിനിമയിലെ ദാദാ രജനികാന്തിന്റെ ജോഡിയായ ഭാഗ്യശ്രീയുടെ ദേവദാസി കഥാപാത്രം, കലൈഞ്ജര്‍ കരുണാനിധി തിരക്കഥ ഒരുക്കിയ ഇപ്പോഴത്തെ തമിഴ്‌നാട് മുഖ്യന്ത്രിയായ സ്റ്റാലിന്‍ അഭിനയിച്ച ‘ഒരേ രത്തം’ എന്ന ചിത്രത്തില്‍ നവരസനായകന്‍ കാര്‍ത്തികിന്റെ കൂടെയുള്ള ഭാഗ്യശ്രീയുടെ മേരി എന്ന ശക്തമായ കഥാപാത്രം ഇവയൊന്നും തമിഴ് ജനതയ്ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. അങ്ങിനെ എത്രയെത്ര കഥാപാത്രങ്ങള്‍ അഭ്രപാളികളില്‍ ഭാഗ്യശ്രീ അനശ്വരമാക്കി.
തമിഴില്‍ ‘ശക്തി പരാശക്തി’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം മലയാളത്തില്‍ സാജന്‍ ‘അര്‍ച്ചന ആരാധന’ എന്നപേരില്‍ റീമേക്ക് ചെയ്തപ്പോള്‍ ഭാഗ്യശ്രീ ചെയ്ത വേഷം മേനകയായിരുന്നു മലയാളത്തില്‍ ചെയ്തത്. പുലിമുരുഗന്‍ സിനിമയില്‍ ഡാഡി ഗിരിജയായി വന്ന തെലുങ്ക് നടന്‍ ജഗപതിബാബുവും ഭാഗ്യശ്രീയും നായികാനായകന്മാരായി അഭിനയിച്ച ‘പന്തിരീ മഞ്ചം’ ആന്ധ്രയിലും ഇന്നത്തെ തെലുങ്കാനയിലും ധാരാളം ആരാധകരെ ഭാഗ്യശ്രീക്ക് നേടിക്കൊടുത്തു. സുമന്റെ കൂടെ ഭാഗ്യശ്രീ അഭിനയിച്ച ‘റാവു ഗാരി ഇന്റുലോ റൗഡി’ സുധാകറും ഭാഗ്യശ്രീയും അഭിനയിച്ച ‘റേപ്പഡി കൊടുകു’ എന്നീ ചിത്രങ്ങളെല്ലാം ഭാഗ്യശ്രീയുടെ പൊന്‍തൂവലുകളില്‍ ചിലതുമാത്രം.

മോഹന്‍ലാലും മോനിഷയും അഭിനയിച്ച ‘ആര്യന്‍’ എന്ന മലയാളചലച്ചിത്രം തെലുങ്കില്‍ ‘അശോക ചക്രവര്‍ത്തി’ എന്ന പേരില്‍ റീമേക്ക് ചെയ്തപ്പോള്‍ മോഹന്‍ലാല്‍ ചെയ്തവേഷം ബാലകൃഷ്ണയും മോനിഷയുടേത് ഭാഗ്യശ്രീയും ആണ് അനശ്വരമാക്കിയത്. ഒരു സി ബി ഐ ഡയറികുറിപ്പ് തെലുങ്കില്‍ ‘ന്യായം കോസം’ എന്ന പേരില്‍ റീമേക്ക് ചെയ്തതില്‍ ലിസി മലയാളത്തില്‍ ചെയ്ത വേഷം തെലുങ്കില്‍ ഭാഗ്യശ്രീയാണ് അഭിനയിച്ചത്. കന്നഡ സൂപ്പര്‍സ്റ്റാര്‍ രാജ്കുമാറിന്റെ കുടുംബാംഗമായ ബല്‍രാജ് നായകനായ നൃത്തപ്രധാന്യമുള്ള ‘രുദ്ര താണ്ഡവ’ എന്ന ചിത്രത്തില്‍ ഭാഗ്യശ്രീ ആയിരുന്നു കഥാനായകി.
തമിഴിലും തെലുങ്കിലും കന്നഡത്തിലും നിറഞ്ഞുനില്‍ക്കുമ്പോള്‍ വസുദേവ് എന്ന ഗുജറാത്ത് മലയാളി ബിസിനസ്സുകാരനുമായി ഭാഗ്യശ്രീ പ്രണയവിവാഹം ചെയ്യുകയും അഭ്രപാളിയില്‍നിന്നും പെട്ടെന്നൊരു ദിവസം അപ്രത്യക്ഷയാവുകയും ചെയ്തു. ആരാധകര്‍ എല്ലാം ഇടയ്ക്കു ഭാഗ്യശ്രീയെ സിനിമകളില്‍ തിരഞ്ഞു. എന്നാല്‍ കുടുംബജീവിതം ആസ്വദിക്കുകയായിരുന്ന ഭാഗ്യശ്രീ സിനിമയെ പൂര്‍ണ്ണമായും മറന്നിരുന്നു. മകന്‍ വിശ്വജിത് ഇപ്പോള്‍ എം ബി എ ചെയ്യുന്നു. ഭര്‍ത്താവ് ബിസിനസ്സുമായി തിരക്കില്‍ അങ്ങിനെ വന്നപ്പോഴാണ് ഭാഗ്യശ്രീ വീണ്ടും സിനിമയിലേക്ക് വരാന്‍ തീരുമാനിച്ചത്. പുരാണ
സിനിമകളിലും തമ്പുരാട്ടി, കുലീനയായ അമ്മ തുടങ്ങിയ ശ്രീവിദ്യ ചെയ്തിരുന്ന വേഷങ്ങളില്‍ ഭാഗ്യശ്രീക്ക് തീര്‍ച്ചയായും തിളങ്ങാന്‍ കഴിയും. സൗന്ദര്യത്തിനോ അഭിനയിക്കാനുളള കഴിവിനോ യാതൊരു കോട്ടവും തട്ടാത്ത ഭാഗ്യശ്രീ വീണ്ടും അഭ്രപാളികളില്‍ നല്ല കഥാപാത്രങ്ങളുമായി വരുന്നതുകാണാന്‍
ആരാധകരും ആഗ്രഹിക്കുന്നു. മലയാളിയായ ശിവറാം അയ്യരുടെയും കാരൈക്കുടിക്കാരിയായ രാജാമണി അമ്മാളിന്റെയും മകളായ ഭാഗ്യശ്രീ മദ്രാസിലെ ചര്‍ച്ച് പാര്‍ക്ക്
കോണ്‍വെന്റില്‍ നിന്നും പത്താം ക്ലാസ് പാസായശേഷം പഠനം തുടര്‍ന്നില്ല. ആംഗലേയ ഭാഷയില്‍ ചടുലമായി സംസാരിക്കാന്‍ ചര്‍ച്ച് പാര്‍ക്ക് കോണ്‍വെന്റിലെ പഠനം ഭാഗ്യശ്രീയെ സഹായിച്ചു.
നര്‍ത്തക ദമ്പതികളായ ശാന്താ- ധനഞ്ജയന്‍ ദമ്പതികളില്‍ നിന്നാണ് ഭാഗ്യശ്രീ ഭരതനാട്യം അഭ്യസിച്ചത്. ചെന്നൈയിലെ കെ കെ നഗറില്‍ സ്ഥിരതാമസമാക്കിയ ഭാഗ്യശ്രീ അക്കിനേനി നാഗേശ്വര്‍ റാവു, എം എന്‍ നമ്പ്യാര്‍, നാഗേഷ്, മനോരമ, ശ്രീദേവി തുടങ്ങിയ ഇതിഹാസതാരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച അഭിനേത്രിയാണ്. കോടി രാമകൃഷ്ണയുടെ തെലുങ്ക് പടങ്ങളിലും നിറസാന്നിധ്യമായിരുന്ന ഭാഗ്യശ്രീ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും പഴയ സിനിമകളില്‍ എത്രയോ കഥാപാത്രങ്ങളെ അനശ്വരമാക്കിയിട്ടുണ്ട്.


error: Content is protected !!