Podcast
വീണ്ടുമൊരു ബലിപെരുന്നാള്‍ കൂടി
- നൗഷാദ് സി കെ
കഴിഞ്ഞുപോയ, മധുര- നൊമ്പര പെരുന്നാള്‍ സ്മരണകളുടെ തേരിലേറി, പിന്നിട്ട കാലങ്ങളിലെ കുത്തിയൊഴുകുന്ന പെരുന്നാള്‍ ഓര്‍മ്മകളുടെ ഗൃഹാതുരത്വം അയവിറക്കി ഇതാ മറ്റൊരു കോവിഡ് പെരുന്നാള്‍ കൂടി.
അതെ, വല്ലാത്തൊരനുഭൂതിയാണത്.
പറഞ്ഞറിയിക്കാനാവാത്ത, വിവരണങ്ങള്‍ക്കതീതമായ അനുഭൂതി! ഓരോ മുസ്‌ലിം മതവിശ്വാസിയെ സംബന്ധിച്ചും ജീവിതത്തില്‍ ഏറ്റവും അനുഭൂതിദായകമായ രണ്ടു ദിനങ്ങളാണ്, രണ്ടു പെരുന്നാളുകള്‍!
കാലത്തെണീറ്റ്; പുത്തനുടുപ്പണിഞ്ഞ്, അത്തറു പൂശി, പുഞ്ചിരിതൂകുന്ന മുഖവുമായി കുട്ടികളും വലിയവരും; സ്‌നേഹത്തിന്റെ, സന്തോഷത്തിന്റെ കാഹളം മുഴക്കി പെരുന്നാള്‍ നമസ്‌കാരത്തിനായി, തക്ബീര്‍ മുഴക്കി പള്ളികളിലേക്കും ഈദ് ഗാഹുകളിലേക്കും. നമസ്‌കാര ശേഷമുള്ള ഹസ്തദാനങ്ങളും, കെട്ടിപ്പുണരലുകളും! ആകെ, മൊത്തം; പറഞ്ഞാല്‍ തീരാത്തത്ര സന്തോഷക്കുളിര്! ശേഷം പെരുന്നാള്‍ ദിവസം വൈകുന്നേരം വരെയുള്ള അഥിതികളായും, ആതിഥേയനായുമുള്ള കൂടിച്ചേരലുകളുടെയും പങ്കുവെക്കലുകളുടേയും അനുഭൂതിദായകമായ തിരക്കു പിടിച്ച നീണ്ട പകല്‍.
എന്നാല്‍, ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുന്നു. പക്ഷെ ഓര്‍മ്മകള്‍ക്ക് മാത്രം, ഇപ്പോഴും അന്നത്തെ അതേ അനുഭൂതി, അതേ തെളിച്ചം. പെരുന്നാള്‍ ആഘോഷങ്ങളില്‍ പോലും മാറ്റങ്ങള്‍ നിര്‍ബ്ബന്ധിതമായിരിക്കുന്നു. മിക്കവര്‍ക്കും ആഘോഷങ്ങള്‍ വീട്ടിനുള്ളില്‍ തന്നെ. പെരുന്നാള്‍ നമസ്‌കാരം ജമാഅത്തായി വീട്ടില്‍ തന്നെ നിര്‍വ്വഹിക്കപ്പെടുന്നു. പിതാവോ മക്കളില്‍ മുതിര്‍ന്നവരോ പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കുന്നു. പതിവുപോലെ പുത്തനുടുപ്പുകളില്ല. പകരം ഉള്ളതില്‍ ഏറ്റവും നല്ലതെടുത്തണിയുന്നു. അതിഥിയോ ആതിഥേയനോ ഇല്ല. എങ്കിലും രുചികരമായ ഭക്ഷണങ്ങള്‍ പാചകം ചെയ്ത് ഓരോ വീട്ടിലുമുള്ളവര്‍ ഒന്നിച്ചിരുന്നത് കഴിക്കുന്നു. മറ്റ് തിരക്കുകള്‍ ഒന്നുമില്ല. ഒരുപാട് നേരം ഒന്നിച്ചിരുന്നവര്‍ വര്‍ത്തമാനം പറയുന്നു. ഒരേ വീട്ടിലുമുള്ളവര്‍ക്ക് പരസ്പരം മിണ്ടാനും പറയാനും ഒരുപാട് നേരം. ഫോണിലൂടെ അകലങ്ങളിലുള്ളവരുമായി പരസ്പരമുള്ള ഈദാശംസകളുടെ കൈമാറ്റങ്ങള്‍.
സാഹചര്യത്തിനനുസൃതമായി കാര്യങ്ങളെ പരിവര്‍ത്തിപ്പിക്കാനുള്ള മനുഷ്യന്റെ ശേഷി അപാരമാണ്. ഏത് പ്രതികൂല സാഹചര്യത്തിലും, അതിന്റെ പരിമിതികള്‍ക്കകത്തു നിന്ന് സന്തോഷം കണ്ടെത്തുക എന്നതു തന്നെയാണ്, ഈ കോവിഡ് കാലത്തും, അതിന് ശേഷം, പലരാലും പ്രവചിക്കപ്പെടുന്നതു പോലുള്ള ഒരു പോസ്റ്റ് കോവിഡ് കാലത്തും നാമോരോരുത്തരും ചെയ്യേണ്ടതും! കാരണം, ജീവിതം അശുഭചിന്തകളാല്‍ ദു:ഖിച്ചിരുന്ന് എങ്ങിനെയോ ജീവിച്ചു തീര്‍ക്കാനുള്ളതല്ല, മറിച്ച് സന്തോഷത്തോടെ, അതിന്റെ ഓരോ നിമിഷവും ആസ്വദിച്ച് മുന്നോട്ടു പോവാന്‍ ഉള്ളതാണ്. ആഘോഷങ്ങളിലൂടെ മനുഷ്യ മനസ്സുകളില്‍ ഉരുത്തിരിയുന്ന ശുഭചിന്തകള്‍ പ്രതീക്ഷകളുടേതു കൂടിയാണ്. പ്രതീക്ഷകളാവട്ടെ മുന്നോട്ടു പോവാനുള്ള ഊര്‍ജ്ജവും!
എല്ലാവര്‍ക്കും ഈദ് മുബാറക്!