Connect with us

Podcast

ലബ്ബൈക്കല്ലാഹുമ്മ

Published

on


  • പരീതുപിള്ള ആലുവ

ഖലീലുല്ലാഹി ഇബ്രാഹിം നബിയുടെ വിളിക്കുത്തരംകേട്ട് ഇതുവരെയും കോടാനുകോടി ജനങ്ങളാണ് ഹജ്ജിനും ഉംറക്കുമായി മക്കയില്‍ എത്തിച്ചേര്‍ന്നത്.
ഖലീലുല്ലാഹി ഇബ്‌റാഹിം നബിയുടെയും കുടുംബത്തിന്റേയും ത്യാഗോജ്ജ്വലമായ ജീവിതചരിത്രത്തിന്റെ ഓര്‍മ പുതുക്കലാണ് ഹജ്ജ്.
ഹാജറാ ബീവിയുടെയും ഇസ്മാഈല്‍ നബിയുടെയും ജീവിതനിമിഷങ്ങള്‍ നമ്മളറിയാതെ മനസ്സിനെ ഭൂതകാലത്തെത്തിക്കും.
ദാഹജലത്തിനായി കൈകാലിട്ടടിച്ച ആ കുഞ്ഞു ഇസ്മാഈലും അതികഠിന ചൂടിലും സഫാ മര്‍വ കുന്നുകള്‍ക്കിടയില്‍ ഒരുതുള്ളി വെള്ളത്തിനായി ഓടിയ ഹാജറാ ബീവിയും ഇന്ന് ഹജ്ജിനെത്തുന്നവരുടെ ഹൃദയത്തിലെ നനുത്ത സ്മരണകളാണ്.
ഓടിത്തളര്‍ന്ന ഹാജറാ ബീവിക്ക് പിന്നീട് കണ്ണുകളെ വിശ്വസിക്കാന്‍ സാധിക്കാത്ത അവസ്ഥയിലെത്തിച്ചു.
കൈകാലിട്ടടിച്ച് കരഞ്ഞിരുന്ന ഇസ്മയില്‍ കിടന്ന സ്ഥലത്ത് നീരുറവയാണ് കാണാന്‍ സാധിച്ചത്.
ശക്തമായ ആ ഉറവയെ നോക്കി അടങ്ങൂവെന്ന (സംസം) ആജ്ഞ നല്‍കിയതോടെ പിടിച്ചുനിര്‍ത്തിയ പോലെ വെള്ളം നില്‍ക്കുകയും ചെയ്തു.
അതാണ് മക്കയിലെ സംസം കിണര്‍.
പ്രവാചകന്‍ ഇബ്രാഹിമിന്റെ ജീവിത യാത്രയുടെ അവസാനങ്ങളില്‍ ആറ്റുനോറ്റു കിട്ടിയ കണ്‍മണിയെ ഭാഗ്യപരീക്ഷണത്തിനായി അല്ലാഹു തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അതും ഒരു ചരിത്ര നിമിഷമായി മാറി.
ഇബ്രാഹിം നബിക്ക് ദൈവം കാണിച്ച സ്വപ്‌നത്തിന്റെ സാക്ഷാത്കാരത്തിന് നാഥന്റെ ഏതു കല്‍പനയും ശിരസാവഹിക്കുന്ന ഒരു അടിമയെ നമുക്ക് കാണാന്‍ സാധിച്ചു.
അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസവും അല്ലാഹുവിന്റെ കല്‍പനയും ശിരസാവഹിക്കുന്ന പ്രവാചകന്, വാര്‍ധക്യ നാളുകളില്‍ ആറ്റുനോറ്റു കിട്ടിയ മകനെ അറുക്കുവാനുള്ള തീരുമാനമെടുക്കുന്നതിന് തടസ്സമാകാതെ വന്നു. മകന്‍ ഇസ്മാഈലിനെ അറുക്കുന്ന വേളയിലാണ് അല്ലാഹു തന്റെ അടിമയുടെ വിശ്വാസത്തേയും പ്രവര്‍ത്തിയെയും സ്വീകരിച്ച് പകരം അറുക്കുവാന്‍ ആടിനെ നല്കിയത്. ആ ഓര്‍മപ്പെടുത്തലും കൂടിയാണ് ബലിപെരുന്നാളിന് പിന്നിലുള്ളത്.
സഹനത്തിന്റേയും വിശ്വാസത്തിന്റേയും കല്‍പനയുടെയും സ്‌നേഹത്തിന്റേയും ദുഃഖത്തിന്റേയും സമ്മിശ്രമായി നാഥനുവേണ്ടി സമര്‍പ്പിച്ച ഇബ്രാഹിം നബിയുടെ ത്യാഗത്തിന് അവസാനം അല്ലാഹു സന്തോഷമാണ് നല്‍കി അനുഗ്രഹിച്ചത്.
പുന്നാര മകന്‍ ഇസ്മിഈലിനെ ജീവിതത്തിലേക്ക് തിരികെ കിട്ടുകയും ആ പിതാവ് ആനന്ദക്കണ്ണീര്‍ പൊഴിക്കുകയും ചെയ്തു.
ആ ഓര്‍മകള്‍ നിലനിര്‍ത്തിയാണ് ഇന്ന് നമ്മള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്.
പവിത്രമായ ത്യാഗത്തിന്റേയും നന്മയുടെയും അമലുകളുടെയും നന്ദിയായി ഹജ്ജ് മാറുമ്പോള്‍ മക്കാ മദീന മസ്ജിദുകളും ഉംറയും കഅ്ബയും ത്വവാഫും സഫാ മര്‍വയും സഅ്‌യും മുസ്ദലിഫയും അറഫയും മിനയുമെല്ലാം ഹജ്ജിന് പോയവരുടെയും പോകാത്തവരുടെയും പോകുന്നവരുടെയും മനസ്സുകളില്‍ തെളിഞ്ഞുവരുന്നത് സ്വാഭാവികം മാത്രമാണ്.
കഅ്ബ കാണുമ്പോഴുള്ള മനസ്സിന്റെ ആനന്ദവും വിശ്വാസത്തിന് മാറ്റുകൂട്ടുന്നു. ഹജറുല്‍ അസ്‌വദ് ചുംബിക്കാന്‍ ഭാഗ്യം കിട്ടുന്നവര്‍ക്ക് അതിലേറെ സന്തോഷവും.
എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ബലിപെരുന്നാള്‍ ആശംസകള്‍.

പരീതുപിള്ള ആലുവ

error: Content is protected !!