Podcast
മഴനൂലിണക്കങ്ങള്‍

ജാലകത്തിനരികിലിരുന്ന്
ഞാന്‍, മഴയെ അറിയുകയായിരുന്നു
മഴയിലൂടൊരുവള്‍ കുടയില്ലാതെ
കടല്‍ കാണാന്‍ പോകുന്നു


അവള്‍, പ്രണയത്തിലാണെന്ന്
തോന്നുന്നു
വാന്‍ഗോഗിന്റെ സൂര്യകാന്തിപ്പാടം
പോലെയുള്ള മഞ്ഞയുടുപ്പിട്ട
അവള്‍ പ്രണയത്തിലാണെന്ന്
എന്തിന് സന്ദേഹപ്പെടണം

മഴ കൊണ്ടവള്‍ പ്രണയിച്ചു
പനിക്കുന്നു, കടലിനിപ്പോള്‍
നിറമൊന്നുമില്ല ആകാശം
ചാരനിറമാര്‍ന്നതിനാലാകാം


ദൂരെയൊരു
കപ്പല്‍ ഏതോ തീരം തേടുന്നു
ദിക്കറിയാതൊരു പക്ഷി
അവളെ മറികടന്ന് പറന്നകലുന്നു
മഴ, ഇനിയും തോരുന്നേയില്ല
ജാലകത്തിനരികിലിരുന്ന് ഞാന്‍
അവളെ തിരികെ വിളിക്കുന്നു
നെഞ്ചോട് ചേര്‍ക്കുന്നു
അതൊരു സ്വപ്‌നമാണ്.
മാഞ്ഞ് പോയ വെറുമൊരു സ്വപ്‌നം
എല്ലാ സ്വപ്‌നങ്ങളും നമുക്ക്
കാണാന്‍ മാത്രമുള്ളതാണ്
എങ്ങോ മാഞ്ഞ് പോകാനുള്ളതാണ്
ചിലപ്പോള്‍ മാത്രം
തിരിച്ച് വരാനുള്ളതാണ്.
അപ്പോഴും കടല്‍ക്കരയില്‍
ഒരു കുടക്കീഴില്‍, രണ്ട് പേര്‍
കടലിലെ മഴ കാണുന്നുണ്ടായിരുന്നു
അവര്‍ ഇനിയും, നഷ്ടമാകാത്ത
പ്രണയത്തിലാണെന്ന്
തോന്നുന്നു.
കടല്‍ അവരെയാര്‍ദ്രമായി
വിളിച്ചുകൊണ്ടിരിക്കുന്നു
നഷ്ടപ്പെടാത്ത പ്രണയം
മരണത്തില്‍ പോലും
നഷ്ടമാകുന്നില്ലല്ലോ
എന്നത് എന്തൊരു
ആശ്വാസമാണ്…….



