

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ തുക വെച്ചു വനിത ഘടക പദ്ധതിയായി ചൂര്‍ണ്ണിക്കര ഗവണ്മെന്റ് ആയുര്‍വേദ ഡിസ്പന്‍സറിയില്‍
പഞ്ചകര്‍മ്മ ചികിത്സ ആരംഭിച്ചു. ആയുര്‍വേദ ഡിസ്പന്‍സറിയില്‍ നടന്ന പരിപാടി ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്തു.

ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീല ജോസ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് മുഹമ്മദ് ഷെഫീക്ക് സ്വാഗതവും ഡിസ്പന്‍സറി വികസന സമിതി അംഗം ജി മാധവന് കുട്ടി നന്ദിയും പറഞ്ഞു. ആയുര്‍വേദ ഡോക്ടര്‍ ബിനു ജോര്‍ജ് പദ്ധതി വിശദീകരണം നടത്തി.

വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റൂബി ജിജി, മെമ്പര്‍മാരായ രാജേഷ് പുത്തനങ്ങാടി, സി പി നൗഷാദ്, പി എസ് യൂസഫ്, രമണന് ചേലാക്കുന്ന്, ലൈല അബ്ദുല്‍ ഖാദര്‍, സബിത സുബൈര്‍, വെറ്ററിനറി ഡോക്ടര്‍ മീര ബെന്‍ വക്കച്ചന്, വികസന സമിതി അംഗം സി കെ നൗഷാദ്, തെറാപ്പിസ്റ്റ് ശ്രുതി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
വര്‍ഷങ്ങളായുളള പഞ്ചായത്തിലെ ജനങ്ങളുടെ ആവശ്യമായിരുന്നു ആയുര്‍വേദ ഡിസ്പന്‍സറിയില്‍ പഞ്ചകര്‍മ്മ ചികിത്സ തുടങ്ങണമെന്നുളളത്. എന്നാല്‍ പലവിധ കാരണങ്ങളാല്‍ നടന്നില്ല. പുതിയ ഭരണസമിതി വന്നതോടെ പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായിട്ടാണ് ജനങ്ങളുടെ ചിരകാല സ്വപ്നം യാഥാര്‍ഥ്യമാക്കി കൊണ്ടു വാര്‍ഷിക പദ്ധതിയില്‍ തുക വെച്ചു പഞ്ചകര്‍മ്മ ചികിത്സ തുടങ്ങിയത്.
പിഴിച്ചില്‍, ഞവരക്കിഴി, നാരങ്ങക്കിഴി, ശിരോധാര, ശിരോവസ്തി, ഇലക്കിഴി, നസ്യം, സ്റ്റീം ബാത്ത് ഉള്‍പ്പെടെ പതിനെട്ടുതരം ക്രിയകള്‍ ആണ് ചെയ്യുന്നത്. മൂന്നു, ഏഴ് എന്നിങ്ങനെയും ഡോക്ടര്‍ പറയുന്ന ദിവസത്തേക്കും ആണ് ചികിത്സ നടത്തുന്നത്.
സ്വകാര്യ ആശുപത്രികളിലും ആയുര്‍വേദ സെന്ററുകളിലും 25000 രൂപ വരെ വരുന്ന പഞ്ചകര്‍മ്മ ചികിത്സയാണ് 100, 200 രൂപക്ക് ചൂര്‍ണ്ണിക്കര ആയുര്‍വേദ ഡിസ്പന്‍സറിയില്‍ ചെയ്യുന്നത്. പഞ്ചകര്‍മ്മ ചികിത്സ ചെയ്യുന്നതിനായി പുതിയ തെറാപ്പിസ്റ്റിനെ ആയുര്‍വേദ ഡിസ്പന്‍സറിയില്‍ നിയമിച്ചിട്ടുണ്ട്. വനിതകള്‍ക്കാണ് നിലവില്‍ പഞ്ചകര്‍മ്മ ചികിത്സ തുടങ്ങിയിരിക്കുന്നത്.

