

ദോഹ: ഒക്ടോബര്‍ ആറിന് പോഡാര്‍ പേള്‍ സ്കൂളില്‍ നടക്കുന്ന തൃശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ ഓണാഘോഷമായ ഓണത്താളം 2023നോടനുബന്ധിച്ച് വേദി വനിതാ കൂട്ടായ്മ ഖത്തറിലുള്ള വനിതകള്‍ക്കായി പായസ മത്സരം സംഘടിപ്പിച്ചു.

ടി എ സി ഖത്തര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ഇരുപതോളം മത്സരാര്‍ഥികള്‍ പങ്കെടുത്തു. വനിതാ കൂട്ടായ്മ സെക്കന്റ് വൈസ് ചെയര്‍പേഴ്സണും പായസ മത്സരം കോര്‍ഡിനേറ്ററുമായ ജയശ്രീ ജയാനന്ദ്, ചെയര്‍പേഴ്സണ്‍ റജീന സലിം എന്നിവര്‍ പ്രസംഗിച്ചു.

ഖത്തറിലെ പ്രശസ്ത ഹോട്ടല്‍ ശൃംഖലയായ ഹോളിഡേ വില്ലയിലെ ഐക്കണോ വ്യൂ റെസ്റ്റോറന്റ് സുയിസ് ഷെഫ് സഗീഷ്, ഇന്‍ഡസ്ട്രിയല്‍ ഏരിയ സസ്യ റെസ്റ്ററന്റ് ഷെഫ് സുരേഷ്, ഖത്തറിലെ പ്രശസ്ത ഫുഡ് വ്ളോഗറും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ ഡോ. അഫ്ലഹ് എന്നിവരായിരുന്നു മത്സരത്തിന്റെ വിധി നിര്‍ണയിച്ചത്. മേളയില്‍ പങ്കെടുത്ത പായസങ്ങളുടെ രുചിക്കൂട്ടുകളുടെ വൈവിധ്യവും അവതരണത്തിന്റെ ആകര്‍ഷണീയതയും അലങ്കാരങ്ങളും വിധി നിര്‍ണ്ണയത്തെ ആയാസകരമാക്കിയെന്ന് ജഡ്ജസ് എടുത്തു പറഞ്ഞു.

റീമ റസാഖ് ഒന്നാം സ്ഥാനം കരസ്ഥമാക്കി പായസ റാണിയായി തിരഞ്ഞെടുക്കപ്പെട്ടു. നവ്യ എം പി, ശ്രീലക്ഷ്മി ബിജോയ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
സമാപന ചടങ്ങില്‍ അതിഥികയായി ഭവന്‍സ് സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ അഞ്ജന മേനോന്, വേദി അഡൈ്വസറി ബോര്‍ഡ് ചെയര്മാന് വി എസ് നാരായണന്, അദ്ദേഹത്തിന്റെ പത്നി മാല നാരായണന്, വേദി പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍, ജനറല്‍ സെക്രട്ടറി വിഷ്ണു ജയറാം, ട്രഷറര്‍ റാഫി, ജനറല്‍ കോര്‍ഡിനേറ്ററും വനിതാ കൂട്ടായ്മ കോര്‍ഡിനേറ്ററുമായ മുഹമ്മദ് മുസ്തഫ എന്നിവര്‍ പങ്കെടുത്തു.
വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഒക്ടോബര്‍ ആറിന് നടക്കുന്ന മെഗാ ഓണം പരിപാടിയില്‍ നല്‍കും. പങ്കെടുത്ത മത്സരാര്‍ഥികള്‍ക്കുള്ള പ്രോത്സാഹന സമ്മാനവും പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റും സമാപന ചടങ്ങില്‍ അതിഥികളും വേദി ഭാരവാഹികളും ചേര്‍ന്നു സമ്മാനിച്ചു.
എല്ലാ മത്സരാര്ഥികളെയും ഉള്‍പ്പെടുത്തി വനിതാ അംഗങ്ങള്‍ പാചകം ചെയ്തു കൊണ്ടുവന്ന വിഭവസമൃദ്ധമായ സദ്യയോടെ പായസമേളക്ക് സമാപനം കുറിച്ചു. വനിതാ കൂട്ടായ്മ ഫസ്റ്റ് വൈസ് ചെയര്‍ പേഴ്സണ്‍ രേഖ പ്രമോദ് നന്ദി രേഖപ്പെടുത്തി. ബിന്‍സി ബഷീര്‍ ആയിരുന്നു പരിപാടികള്‍ നിയന്ത്രിച്ചിരുന്നത്.

