
കോഴിക്കോട്: കുറ്റ്യാടിയില്‍ വന്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. നൂറിലധികം പേരില്‍ നിന്ന് 60 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തി ഒളിവില്‍ പോയ കുറ്റ്യാടി വടയം കുളങ്ങരത്താഴ സ്വദേശി വി പി സബീറിനെയാണ് കുറ്റ്യാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ കുറ്റ്യാടി പൊലീസ് സ്റ്റേഷനില്‍ മാത്രം 87 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെയാണ് പ്രധാന പ്രതി കുളങ്ങരത്താഴ സ്വദേശി വി പി സബീര്‍ കുറ്റ്യാടി സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

കേസില്‍ രണ്ട് പ്രവാസികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൂടി പിടിയിലാകാനുണ്ട്. കുറ്റ്യാടി കരണ്ടോട് തയ്യുളളതില്‍ മുഹമ്മദ്, കച്ചേരി കെട്ടിയ പറമ്പത്ത് ഹമീദ്, തൊടുപൊയില്‍ സബീല്‍ എന്നിവരാണ് മറ്റ് പ്രതികള്‍.

പയ്യോളി, കല്ലാച്ചി, കുറ്റ്യാടി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് പാലസ് ജ്വല്ലറിയാണ് നിക്ഷേപത്തട്ടിപ്പ് നടത്തിയത്. പണവും സ്വര്‍ണവും സ്വീകരിച്ച് ജ്വല്ലറി ബിസിനസില്‍ പങ്കാളികളാക്കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്. നിക്ഷേപകര്‍ക്ക് ഉയര്‍ന്ന ലാഭവിഹിതം നല്‍കുമെന്നായിരുന്നു വാഗ്ദാനം. ദിവസ തവണയായി പണം സ്വീകരിച്ച് സ്വര്‍ണം നല്‍കുന്ന പദ്ധതിയും ഇവര്‍ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇടപടുകാര്‍ ജ്വല്ലറിയിലെത്തിയപ്പോഴാണ് സ്ഥാപനം പൂട്ടി ഉടമകള്‍ മുടങ്ങിയതായി അറിഞ്ഞത്. പിന്നാലെ നൂറിലേറെ പരാതികള്‍ കുറ്റ്യാടി, നാദാപുരം, പയ്യോളി പൊലീസ് സ്റ്റേഷനുകളിലായെത്തി.


