മീന്‍കാരി ചേച്ചി

Web Desk
6 Min Read

കടല്‍പൂക്കളുടെ ഗന്ധവും ചുമന്നുള്ളമീന്‍കാരി ചേച്ചിയുടെവീട്ടിലേക്കുള്ള ഓരോകടന്നു വരവും ഞങ്ങളുടെസ്വാതന്ത്ര്യത്തിലേക്കുള്ള നുഴഞ്ഞു കയറ്റമാണെങ്കിലും അവരുടെ ജീവിത പ്രാരാബ്ധങ്ങള്‍ അറിയുന്നതിനാല്‍ കടിഞ്ഞാണിടാന്‍ കഴിയാറില്ല.

city exchange

‘ഒരഞ്ചു മിനിറ്റ് മുന്‍പ് ഓട്ടോറിക്ഷ വിളിച്ചിരുന്നെങ്കില്‍ ഇവിടെ ഇങ്ങനെ നോക്കുകുത്തി പോലെ നില്‍ക്കേണ്ടി വരുമായിരുന്നോ’

അമ്മ എന്നെ വഴക്കു പറഞ്ഞു കൊണ്ട് റോഡിലേക്ക് ഇറങ്ങി.
അമ്മയെ ഡോക്ടറെ കാണിക്കാന്‍ ഹോസ്പിറ്റലിലേക്ക് പോകാന്‍ ഇറങ്ങിയതാണ് ഞങ്ങള്‍. കാത്ത് നില്‍പ്പ് എന്നത്അമ്മയുടെ നിഘണ്ടുവിലില്ല.
എത്തേണ്ടിടത്ത് അരമണിക്കൂര്‍ നേരത്തെ എത്തിച്ചേരുകയും ഒരു മണിക്കൂര്‍ സമയം അവിടെ വീണ്ടും പാഴാക്കിയാലും അമ്മയ്ക്ക് പരാതിയോ പരിഭവമോ ഇല്ല. അതില്‍ അഭിമാന പുളകിതയാകുകയും ചെയ്യും.

അമ്മയുടെ കാത്തിരിപ്പിന്റെ അക്ഷമയില്‍ നിന്നുറവപൊട്ടുന്ന ദേഷ്യം കലര്‍ന്ന വാക്കുകള്‍ ഓവര്‍ ലാപ്പ് ചെയ്തു കാതില്‍ ഇരച്ചു കയറിയിറങ്ങുന്നതിനിടയില്‍ ഗേറ്റ് പൂട്ടി തോളില്‍ കിടന്ന ഹാന്റ് ബാഗ് ഒന്നൂടി നേരെയാക്കി തിരിഞ്ഞു നോക്കുമ്പോഴാണ്തലയില്‍ മീന്‍ ചരുവവുമായി മത്സ്യകന്യകയെപോലെ സാരിയുടുത്തചേച്ചി എന്റെ നേര്‍ക്ക് നടന്നു വന്നത്.

- Advertisement -
Ad image

‘വല്ലതും വേണോ മോളെ’
ചേച്ചി എന്നോടു ചോദിച്ചു.

ഒന്നും വേണ്ട ചേച്ചിന്ന് ഞാന്‍ മറുപടി പറഞ്ഞു. ആദ്യമായി ആണ് ആ ചേച്ചിയെ ഞാന്‍ കാണുന്നത്.

‘കുറച്ചു മീനേ ഉള്ളൂ മോളേ, മോള്‍ ഇത് വാങ്ങിയാല്‍ എനിക്കങ്ങ് വീട്ടില്‍ പോകാരുന്നു’. ചേച്ചി വിടുന്ന മട്ടില്ല…

അല്ലെങ്കില്‍ തന്നെ മടിയുടെ മടയില്‍ ഇരിക്കുന്നഞാന്‍ അന്നത്തെ അടുക്കള ജോലിക്ക് പരിസ്മാപ്തി കുറിച്ചിരുന്നു.

‘ഞങ്ങള്‍ അത്യാവശ്യമായി ഒരിടത്ത് പോകുകയാ ചേച്ചി, ഇന്ന് എന്തായാലും വേണ്ട’- ഞാന്‍ വീണ്ടും പറഞ്ഞൊഴിഞ്ഞു.

അവരുടെ നില്‍പ്പും ഭാവവും ഒക്കെ കണ്ട അമ്മ വാങ്ങീര് എന്ന അനുകമ്പ ഭാവത്തില്‍ എന്നെ നോക്കി.
ഞാനത് കണ്ടെങ്കിലും ഭാഗ്യത്തിന് അമ്മയുടെ ഭാവത്തെ മറികടന്ന്ഞങ്ങള്‍ വിളിച്ച ഓട്ടോറിക്ഷ എത്തി.

ആശുപത്രി ലക്ഷ്യംവച്ച് നഗര വഴിയിലെ കുഴികളില്‍ ചാടി കുണുങ്ങിക്കുണുങ്ങി ഓട്ടോറിക്ഷ നീങ്ങിക്കൊണ്ടിരിക്കുമ്പോഴും മീന്‍കാരി ചേച്ചിയെ അവഗണിച്ചത് ശരിയായില്ലെന്ന ഒരു തോന്നല്‍ മനസ്സില്‍ പൊടിഞ്ഞിരുന്നു.

അമ്മയുടെ ഇടത് കണ്ണിന് രണ്ടു മൂന്നു ദിവസമായി അസ്വസ്ഥത.ഓപ്പറേഷന്‍ കഴിഞ്ഞ കണ്ണാണ്.
വീണ്ടും അസ്വസ്ഥത പടരാന്‍എന്താണ് കാരണമെന്ന് അറിയില്ലല്ലോന്ന് അമ്മ ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു.
നാളെ നാളെയെന്ന് ലോട്ടറി ഏജന്റുമാര്‍ പറയും പോലെ ഞാനും നാളെ ആകട്ടെ എന്ന് നീട്ടി നീട്ടി രണ്ടു ദിവസം തള്ളി വിട്ടു.

കണ്ണില്‍ എന്തോ തടയുന്നതുപോലെ തോന്നുന്നു എന്ന് അമ്മ വീണ്ടും പറഞ്ഞപ്പോള്‍ പിറ്റേദിവസം തന്നെ ഡോക്ടറെ കാണിക്കണം എന്ന് ഞാന്‍ തീരുമാനിച്ചു.

അത്താഴം കഴിഞ്ഞു അമ്മ ഉറങ്ങാന്‍ പോകുമുന്‍പേഞാന്‍ അമ്മയോട് പറഞ്ഞു- രാവിലെ ഹോസ്പിറ്റലില്‍ പോകണം, അമ്മ രാവിലെറെഡിയായാല്‍ ഞാന്‍ പെട്ടെന്ന് ഒരുങ്ങി ഇറങ്ങിക്കോളാം.

‘നീയാണോ രാവിലെ ഇറങ്ങുന്ന ആള്‍. സമയത്തിന് എവിടെയെങ്കിലും നീയെത്തിയ ചരിത്രമുണ്ടോ.
പന്ത്രണ്ടു മണി വരെ ടി വിയും കണ്ടിരുന്നിട്ട് ഉച്ചിയില്‍ വെയില് വന്ന് തലയ്ക്ക് ചൂട് പിടിക്കുമ്പോള്‍ എഴുന്നേറ്റു വരുന്ന നിനക്ക് എന്നെ ഹോസ്പിറ്റലില്‍ കൊണ്ടു പോകുവാന്‍ എവിടെയാ നേരം.’

കണ്ണില്‍ പടരുന്ന അസ്വസ്ഥത കൂടിയായപ്പോള്‍ പരിഭവത്തിന്റെ അളവ് കൂട്ടി അമ്മ പിന്നെയും പിറുപിറുത്തു.

‘അല്ലെങ്കില്‍ തന്നെ നീ ഇന്ന് പറയുന്ന കാര്യം ഇന്നേ മറന്നു പോകുന്ന ആളല്ലേ.എന്തെങ്കിലും ഒരു കാര്യം പറഞ്ഞാല്‍ പറഞ്ഞതു പോലെ ചെയ്യുമോ. ഞാന്‍ വെറുതേ വേഷം കെട്ടി ഇരിക്കണം.അതുവേണ്ട നിന്റെ കാര്യങ്ങള്‍ എല്ലാം കഴിയട്ടെ അതുകഴിഞ്ഞ് സമയമുണ്ടെങ്കില്‍ പോകാം.’

എപ്പോഴെങ്കിലും പറയാനായി മനസ്സില്‍ കരുതിവച്ചിരുന്ന കാര്യങ്ങളെല്ലാം അവസരം കിട്ടിയപ്പോള്‍ ഒറ്റയടിക്ക് പറഞ്ഞവസാനിപ്പിച്ച് അമ്മ റൂമിന്റെ വാതില്‍ അടച്ചു.

അമ്മ കലിപ്പിലാണ്.
എനിക്ക് വല്ലാതെ വിഷമം തോന്നി. ഓപ്പറേഷന്‍ കഴിഞ്ഞ കണ്ണല്ലേ. എന്റെ മടിയും ഉദാസീനതയും കാരണം അമ്മ വിഷമിക്കരുത്.

അധികം വച്ചു താമസിപ്പിക്കുന്നത് ചിലപ്പോള്‍ ആപത്താവും.
രാവിലെ തന്നെ പോകാം. അധികം തിരക്കാകും മുന്‍പേ ഡോക്ടറെ കാണാം. എല്ലാം മനസ്സില്‍ പ്ലാന്‍ ചെയ്ത് ഉറങ്ങാന്‍ കിടന്നതിനാല്‍ നേരത്തെ ഉണര്‍ന്ന് ജോലിയെല്ലാം തീര്‍ത്ത് പോകാനിറങ്ങിയതാണ് ഞാന്‍. അപ്പോഴാ ചേച്ചിയുടെ ഒരു മീന്‍.

ഹോസ്പിറ്റലില്‍ നല്ല തിരക്കായിരുന്നു. ഉച്ച കഴിഞ്ഞു ഞങ്ങള്‍ വീട്ടിലെത്താന്‍.

പിറ്റേന്ന് രാവിലെ കോളിംങ് ബെല്‍ കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. ഡോര്‍ തുറന്നതും കഴിഞ്ഞ ദിവസം കണ്ട മീന്‍കാരി ചേച്ചി. മീന്‍ വേണ്ട ചേച്ചിയെന്നു പറഞ്ഞു ഞാനവരെ ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും അവരുടെ വീട്ടിലെ ബുദ്ധിമുട്ടുകള്‍ ഓരോന്നായി അവര്‍ എന്നോടു പറയാന്‍ തുടങ്ങി. ജോലിക്ക് പോകാതെ വീട്ടില്‍ വെറുതെ ഇരിക്കുന്ന ഭര്‍ത്താവും മകനും. അവര്‍ മീന്‍ വില്‍പ്പന കഴിഞ്ഞു ചില വീടുകളില്‍ പണിക്ക് പോകും. എല്ലാം കഴിഞ്ഞു വീട്ടിലെത്താന്‍ അല്പം താമസിച്ചു പോയാല്‍ വഴക്കുണ്ടാക്കുന്ന കുടിയനായ ഭര്‍ത്താവ്.
അയാള്‍ക്ക് കുടിക്കാനും ഇവര്‍ കഷ്ടപ്പെട്ട് കാശുണ്ടാക്കണം.
സംസാരശേഷി ഇല്ലാത്ത മരുമകള്‍ അവരുടെ ഒന്‍പതു വയസ്സുള്ള മോന്‍.

ഈ പ്രയാസങ്ങള്‍ കേട്ടാല്‍ ആരുടെ ആയാലും ഉള്ളൊന്നു നോവും. അന്നുമുതല്‍ ദിവസവും ചേച്ചി മീനുമായി വരും കോളിംഗ് ബെല്ലടിക്കും. വേണമെങ്കിലും വേണ്ടില്ലെങ്കിലും ചേച്ചി എന്നെ കൊണ്ട് മീന്‍ വാങ്ങിപ്പിക്കും.

സസ്യാഹാരികളില്ലാത്ത ഭൂരിഭാഗം മലയാളിയുടെ പ്രിയപ്പെട്ട ഭക്ഷണമാണല്ലോ മത്സ്യം.പേശികള്‍ക്ക് ശക്തി നല്‍കുന്നധാരാളം പ്രോട്ടീന്‍ മത്സ്യങ്ങളില്‍ അടങ്ങിയിട്ടുള്ളതിനാല്‍ പ്രായമാകുമ്പോള്‍ അനുഭവപ്പെടുന്ന പേശികളുടെ ബലഹീനതയ്ക്ക് പരിഹാരം കൂടിയായി എന്നത്അമ്മയോടുള്ള കരുതല്‍ കൂടിയായി മീന്‍ കറി വീട്ടില്‍ പതിവായി.

അങ്ങനെ മഴയുള്ള ഒരുനാള്‍ പതിവിലും താമസിച്ചു ചേച്ചി മീനുമായി അടുക്കള ഭാഗത്ത് എത്തി. ആ സമയത്ത് വീട്ടില്‍ എല്ലാവരും പ്രാതല്‍ കഴിക്കാനിരിക്കുകയായിരുന്നു. നനഞ്ഞൊലിച്ചു നില്‍ക്കുന്ന ചേച്ചിയെ കണ്ടതും ഞാന്‍ എഴുന്നേറ്റ് അടുത്തുചെന്ന് ഇന്ന് മീന്‍ വേണ്ട ചേച്ചിയെന്നു പറഞ്ഞു.

അതുകേട്ടതും അവരുടെ മുഖത്തു ദേഷ്യമാണോ സങ്കടമാണോ എന്നറിയാത്ത ഒരു വികാരം ഞാന്‍ കണ്ടു.

‘ആകെ നനഞ്ഞല്ലോ ചേച്ചി.. കയറി നില്‍ക്ക്, കാപ്പി കുടിച്ചിട്ട് പോകാം’.
ക്ഷണം സ്വീകരിച്ചുകൊണ്ട് ചേച്ചി അകത്തേക്കുവന്നു. ഒരു പ്ലെയ്റ്റില്‍ ചേച്ചിക്കുള്ള ഭക്ഷണം എടുത്തു ഗ്ലാസ്സില്‍ ചായയുമായി ചേച്ചി നില്‍ക്കുന്നിടത്തു കൊണ്ടു കൊടുത്തു.

തിരികെ ഞാന്‍ ഡൈനിങ് ടേബിളില്‍ എത്തിയതും നനഞ്ഞൊലിച്ച വേഷത്തില്‍ ചേച്ചിയും വന്നു ഞങ്ങള്‍ക്കൊപ്പം ഇരുന്നു.

എല്ലാവരിലേക്കും എന്റെ കണ്ണുകള്‍ പാഞ്ഞു. സ്വാതന്ത്ര്യത്തിലേക്ക് ഇടിച്ചു കയറിയുള്ള ചേച്ചിയുടെ ഇരിപ്പ് കണ്ടിട്ട്എന്റെ കഥ ഇന്നത്തോടെ തീര്‍ന്നുവെന്ന്
ഞാന്‍ മനസ്സില്‍ പറഞ്ഞെങ്കിലും പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്തതു പോലെ എല്ലാവരും കഴിച്ചെഴുന്നേറ്റു പോയി.

പക്ഷേ ചേച്ചിക്ക് അതൊരു തുടക്കം മാത്രമായിരുന്നു. ഇപ്പോ ചേച്ചി കോളിംഗ് ബെല്ലടിക്കാറില്ല. എന്നെ കണ്ടില്ലെങ്കില്‍ നേരേ വീടിനകത്ത് കയറി എന്നെ തിരയുകയാണ് പതിവ്.
തുടക്കത്തില്‍ നല്ല മീന്‍ തന്നിരുന്ന ചേച്ചി പിന്നീട് മുറിവുകള്‍ ഉള്ളതും അടര്‍ന്നു പോയതുമായ മീനുകള്‍ തരാന്‍ തുടങ്ങി.

ഇങ്ങനെ പോയാല്‍ ഞാന്‍ വേറെ മീന്‍കാരോട് മീന്‍ വാങ്ങും ചേച്ചിയെന്നു പറഞ്ഞതും വലയില്‍ കുരുങ്ങി അടര്‍ന്നു പോകുന്നതാണ് മീന്‍ അതിന് ഞാന്‍ എന്ത് ചെയ്യാന്‍ എന്നാണ് ചേച്ചിയുടെ മറുപടി. എന്റെ പഴയ പതിവ് മീന്‍കാരെയെല്ലാം വഴക്ക് പറഞ്ഞുകൊണ്ട് വിരട്ടിയോടിക്കുകയും പുതിയ കച്ചവടക്കാരെ വീട്ടിലേക്കുള്ള വഴി ചേച്ചി വിലക്കുമ്പോഴും ഞാന്‍ നിസ്സഹായയായി.

എന്തോ ഒരവകാശം പോലെയോ അധികാരം പൊലെയായി രൂപാന്തരം പ്രാപിച്ചുഎന്നോടുള്ള ചേച്ചിയുടെ പെരുമാറ്റം. ഇതൊക്കെ കാണുമ്പോള്‍ ചേച്ചി എന്നോട് പറഞ്ഞ അവരുടെ വീട്ടിലെ കാര്യങ്ങളെല്ലാം നുണയായിരുന്നോ എന്നാണ് ഇപ്പോഴെന്റെ സംശയം.

അപ്പോഴും അതെന്റെ സംശയം മാത്രമാണെന്നും യാഥാര്‍ഥ്യം അവര്‍ പറഞ്ഞതാണെന്നും ഞാന്‍ വിശ്വസിച്ചു.

അലകളിലെ പരല്‍ മീന്‍ പോലെ
ആടിയുലയും മനസ്സ്
ദിക്കറിയാതെ മുക്കിളിയിട്ടു
കാതരമാം മനസ്സ്….

അതിരാത്രം എന്ന സിനിമയിലെ ഈ ഗാനം മനസ്സില്‍ പതിയെ മൂളി ഞാന്‍ മീന്‍കാരി ചേച്ചിയുടെ ജീവിത പ്രയാസങ്ങളോര്‍ത്തു വിതുമ്പും. തോടുകളിലും തടാകങ്ങളിലും മീന്‍ പിടിച്ച് ഉപജീവനം നടത്തുന്ന നിരവധി സ്ത്രീകളെ കണ്ടിട്ടുണ്ട്.

ആഴക്കടലില്‍ മീന്‍ പിടിക്കുന്ന ചാവക്കാട്കാരികെ സി രേഖയെ കുറിച്ച് പത്രത്തില്‍ വായിച്ച രാത്രിഞാന്‍ ചിന്തിച്ചത് രേഖയെ കുറിച്ചായിരുന്നു. ലോകം മുഴുവന്‍ ഉറങ്ങുമ്പോള്‍ രേഖ ആഴക്കടലിലേക്ക് തന്റെ ചെറിയ ബോട്ടുമായി പോകുമ്പോള്‍തലയ്ക്ക് മുകളില്‍ കാര്‍മേഘം ഇരുണ്ടു കൂടുന്നതിനെ ഭാവനയില്‍ കാണുമായിരുന്നു.

ജീവിതത്തിന്റെ അനുകമ്പ അമ്മയില്‍ നിന്നു പകര്‍ന്ന് കിട്ടിയതിനാല്‍ സ്വാതന്ത്ര്യത്തിനുള്ളില്‍ കടന്നുകയറിയുള്ള മീന്‍കാരി ചേച്ചിയില്‍ നിന്നും എനിക്കൊരു മോചനം എന്നാവും. അറിയില്ല.

കണ്‍പളുങ്കും പിളര്‍ചുണ്ടുമായി വന്നു മുട്ടുകയാണ് അവര്‍ എന്റെ നെഞ്ചിലെന്നും.

Share This Article
Leave a Comment
error: Content is protected !!