
വേര്‍പാട് പൊതുവെ ദു:ഖപൂരിതമാണെങ്കിലും കൂടുതല്‍ അടുത്തവരുടെ പെട്ടെന്നുള്ള വേര്‍പാട് ഏറെ വേദനിപ്പിക്കും. പ്രത്യേകിച്ച് ആഗോള തലത്തില്‍ ദുരിതം വിതച്ച വര്‍ത്തമാന കാലത്ത്.
ഒപ്പം നിഴലായി തണലായി നിന്ന നല്ലപാതിയുടെ- നാജിയായുടെ നാലര മാസം മുന്‍പുള്ള വേര്‍പാടില്‍ മുറിവേറ്റ ഹൃദയവുമായി കഴിയുന്നവരെ ഏറെ ദു:ഖത്തിലാഴ്ത്തിയിരിക്കയാണ് മുബാറകിന്റെ ആകസ്മിക വിയോഗവും.


ദോഹയിലെ പ്രവാസ ജീവിതം ആരംഭിച്ച് രണ്ടു വര്‍ഷത്തിന്നു ശേഷം മുബാറക്കും എത്തിയതോടെ നാലു പതിറ്റാണ്ടോളം അദ്ദഹവുമായി എനിക്ക് ഊഷ്മളമായ ബന്ധം കാത്തു സൂക്ഷിക്കാനായിട്ടുണ്ട്.
ഖത്തറിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരിലൊരാളായ പി എ മുബാറക് സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലകളിലെ സജീവ സാന്നിധ്യമായിരുന്നു. കാല്‍ നൂറ്റാണ്ട് കാലം ഖത്തറിലെ വാണിജ്യ മന്ത്രാലയത്തില്‍ ജോലി ചെയ്തിരുന്നു. മുബാറക്ക് ചെറുപ്പം മുതലേ പിതാവിനോടൊപ്പവും സഹോദരന്‍ കൊച്ചി ചന്ദ്രികയില്‍ നിന്ന് വിരമിച്ച മെഹബൂബിനോടൊപ്പൊവും പത്ര പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. എറണാകുളം ജില്ലയില്‍ ആലുവയില്‍ പി എ അബ്ദുറഹിമാന്‍ കുട്ടിയുടെയും എ ജെ ഫാത്തിമയുടെയും രണ്ടാമത്തെ മകനാണ് മുബാറക്ക്. പരേതനായ പിതാവ് ‘ചന്ദ്രിക അബ്ദുറഹ്മാന്‍ കുട്ടി’ എന്നാണറിയപ്പെട്ടത്.


പത്രപ്രവര്‍ത്തന രംഗം ഉള്‍പ്പെടെ നിഖില മേഖലകളിലും കൈയ്യൊപ്പ് ചാര്‍ത്തിയ മുബാറകിന്റെ സഹജീവികളോടുള്ള പെരുമാറ്റം കൊണ്ട് വന്‍ സുഹൃദ് വലയം സൃഷ്ടിക്കാന്‍ സാധിച്ചിരുന്നു. കെ എം സി സി ഉള്‍പ്പെടെ മിക്ക സംഘടനകളുടെയും സാരഥ്യം തേടിയെത്തി. ഏതു പാതിരാവിലും വിളിച്ചാല്‍ ഓടിയെത്തുന്ന പ്രകൃതം മുബാറകിനെ ജനകീയനാക്കിയെന്നു തന്നെ പറയാം. ലീഗിന്റെയും സമുദായത്തിന്റെയും ജിഹ്വയായ ചന്ദ്രികയുടെ ഖത്തര്‍ സര്‍ക്കാറിന്റെ അംഗീകൃത ലേഖകന്മാരായി ഒരേ സമയം ഒരുമിച്ച് സേവനമനുഷ്ഠിക്കാന്‍ സാധിച്ചത് ഹൃദയത്തിന്റെ അഗാധ തലത്തില്‍ എന്നും പച്ചയായി നിലനില്‍ക്കും.

നാട്ടിലും വിദേശത്തും ഉള്ള നിരവധി വിശിഷ്ട വ്യക്തിത്വങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മുബാറക് നന്മ നിറഞ്ഞ മനസ്സിന്റെ ഉടമ കൂടിയായിരുന്നു.

ജീവിക്കാനുള്ള സര്‍വ്വ സൗകര്യങ്ങള്‍ ഉണ്ടായിരുന്നിട്ടും നിസ്സംഗനായിരിക്കാതെ സഹജീവികളുടെ പ്രയാസങ്ങള്‍ മാറ്റുന്നതില്‍ ആത്മ നിര്‍വൃതി കണ്ടെത്തിയ ഒരു നിഷ്‌കാമ കര്‍മ്മി.
സര്‍വ്വലോക രക്ഷിതാവ് പരലോക ജീവിതം ധന്യമാക്കിത്തീര്‍ക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു.
തപിക്കുന്ന ഹൃദയത്തോടെ വേര്‍പാടില്‍ മനം നൊന്ത് വിനീതനായ ആത്മ സുഹൃത്ത്.


