
ദോഹ: നാല് പതിറ്റാണ്ടിലേറെയായി ഖത്തറിലെ പ്രവാസിയും ഖത്തര്‍ കെ എം സി സി മുന്‍ ജനറല്‍ സെക്രട്ടറിയും പ്രമുഖ പത്രപ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ പി എ മുബാറക് (66) അന്തരിച്ചു. കോവിഡാനന്തര രോഗത്തെ തുടര്‍ന്ന് ഖത്തര്‍ ഹമദ് ആശുപത്രിയില്‍ രണ്ട് മാസമായി ചികിത്സയിലായിരുന്നു.

അദ്ദേഹം വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്. നാലര മാസം മുമ്പാണ് അദ്ദേഹത്തിന്റെ ഭാര്യ മരിച്ചത്.
ദീര്‍ഘ കാലം ചന്ദ്രിക പത്രത്തിന്റെ കൊച്ചി, ഖത്തര്‍ റിപ്പോര്‍ട്ടറായിരുന്നു അദ്ദേഹം.


വാണിജ്യമന്ത്രാലയത്തിലും ജോലി ചെയ്തിരുന്നു. 1996ല്‍ ക്ലിയര്‍ ഫാസ്റ്റ് ട്രേഡിങ്ങ് എന്ന പേരില്‍ സ്വന്തം കമ്പനി സ്ഥാപിച്ചു. ഖത്തറിലെ ആദ്യകാല പ്രവാസി സംഘടനയായ പ്രവാസിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. പ്രവാസി ദോഹ സെക്രട്ടറി, ഖത്തര്‍ കെ എം സി സി സൗത്ത് സോണ്‍ കമ്മിറ്റി പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിക്കുന്നു.
ഖബറടക്കം അബൂ ഹമൂര്‍ ഖബര്‍സ്ഥാനില്‍ നടക്കും.
ചന്ദിക ദിനപ്പത്രം കൊച്ചി സ്റ്റാഫ് റിപ്പോര്‍ട്ടറും മുസ്‌ലിം ലീഗ് എറണാകുളം ജില്ലാ ഭാരവാഹിയുമായിരുന്ന ആലുവ സ്വദേശി പരേതനായ പി എ അബ്ദുറഹ്മാന്‍ കുട്ടിയുടെയും മുവാറ്റുപുഴ പട്ടിലായി കുടിയില്‍ പരേതയായ എ ജെ ഫാത്തിമയുടേയും മകനാണ് മുബാറക്ക്.
എറണാകുളം പ്രസ് ക്ലബ് മുന്‍ സെക്രട്ടറിയും ചന്ദിക ദിനപ്പത്രം ന്യൂസ് എഡിറ്ററുമായ സഹോദരന്‍ പി എ മഹ്ബൂബ് കഴിഞ്ഞ ദിവസം ദോഹയില്‍ എത്തിയിട്ടുണ്ട്.
ഭാര്യ: പരേതയായ നാജിയ മുബാറക്ക്. മക്കള്‍: നാദിയ ഷമീന്‍ (എന്‍ജിനിയര്‍, ദുബൈ), ഫാത്തിമ മുബാറക് (എന്‍ജിനിയര്‍, ഖത്തര്‍). മരുമക്കള്‍: മുഹമ്മദ് ഷമീന്‍ (ഇത്തിസ്സലാത്ത് ദുബൈ), പര്‍വേസ് വള്ളിക്കാട് (ഖത്തര്‍ ഫൗണ്ടേഷന്‍ ദോഹ). കൊച്ചി ചന്ദ്രികയില്‍ നിന്നും വിരമിച്ച പി എ മെഹബൂബ് സഹോദരനാണ്.
മറ്റു സഹോദരങ്ങള്‍: ലത്തീഫ്, അഹമ്മദ്, ആമിന സെയ്തു, സുഹറ ജലാല്‍, നിസാ അലി, റസിയ കുട്ടി കമ്മദ്.

