
കോഴിക്കോട്: ചേവായൂര്‍ പാറോപ്പടി ചേവരമ്പലം റോഡില്‍ വീട് കേന്ദ്രീകരിച്ച് നടത്തിവരികയായിരുന്ന പെണ്‍വാണിഭ കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ മൂന്ന് സ്ത്രീകളും രണ്ടു പുരുഷന്മാരും ഉള്‍പ്പെടെ അഞ്ചു പേര്‍ അറസ്റ്റില്‍. ബേപ്പൂര്‍ അരക്കിണര്‍ റസ്വ മന്‍സിലില്‍ ഷഫീഖ് (32), ചേവായൂര്‍ തൂവാട്ട് താഴം വയലില്‍ ആഷിക് (24) എന്നിവരും പയ്യോളി, നടുവണ്ണൂര്‍, അണ്ടിക്കോട് സ്വദേശികളായ മൂന്ന് സ്ത്രീകളുമാണ് അറസ്റ്റിലായത്. കഴിഞ്ഞ മൂന്നു മാസക്കാലമായി ഇവിടെ പെണ്‍വാണിഭ കേന്ദ്രം പ്രവര്‍ത്തിച്ചു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.


ചേവരമ്പലം റോഡിലെ ഒരു വീടിന് മുകളില്‍ നരിക്കുനി സ്വദേശി ഷഹീന്‍ എന്നയാളാണ് വീട് വാടകക്കെടുത്ത് പെണ്‍വാണിഭ കേന്ദ്രം നടത്തിയത്. ഇയാളെ പിടികിട്ടാനുണ്ട്.
നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പോലീസ് നിരീക്ഷണത്തിലായിരുന്നു ഇവിടം. പെണ്‍വാണിഭ കേന്ദ്രം നടത്തിവന്നിരുന്ന ഷഹീന്‍ മുന്‍പും സിറ്റിയിലെ വിവിധ സ്ഥലങ്ങളില്‍ ഇത്തരം ഏര്‍പ്പാട് നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

പ്രതികളായ സ്ത്രീകളുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിരവധി ആളുകള്‍ ഇവരുടെ ഇടപാടുകാരായി ഉണ്ടെന്ന് മനസ്സിലായി.
ഇവരെ കൂടാതെ കൂടുതല്‍ സ്ത്രീകളെ ഷഹീന്‍ പെണ്‍വാണിഭ കേന്ദ്രങ്ങളില്‍ എത്തിച്ചിരുന്നതായും പൊലീസിന് മനസ്സിലായിട്ടുണ്ട്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും ഈ കേസിന് മേല്‍നോട്ടം വഹിക്കുന്ന മെഡിക്കല്‍ കോളേജ് പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ സുദര്‍ശന്‍ പറഞ്ഞു. ചേവായൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ചന്ദ്രമോഹന്‍, എസ് ഐ ഷാന്‍, സീനിയര്‍ സി പി ഒ ഷഫീക്, ശ്രീരാജ്, ബൈജു, രമ്യ എന്നിവരാണ് റെയ്ഡ് നടത്തിയ പോലീസ് സംഘത്തിലുണ്ടായിരുന്നത്.

