
തെഹ്‌റാന്‍: യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച ചര്‍ച്ചാ നിര്‍ദേശം പരിശോധിക്കുകയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചി തന്റെ ടെലഗ്രാമില്‍ വ്യക്തമാക്കി. റഷ്യയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ച അരഘ്ചി ചര്‍ച്ചയ്ക്ക് അമേരിക്ക മുന്നോട്ടുവന്നത് ഇതുവരെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാധിക്കാത്തതിന്റെ തെളിവാണെന്നും പറഞ്ഞു.

സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇറാനുമായി ചര്‍ച്ചയ്ക്കായി ഇസ്ലാമാബാദ് സന്ദര്‍ശിക്കാനിരുന്ന അമേരിക്കന്‍ ദൂതന്മാരായ സ്റ്റീവ് വിറ്റ്‌കോഫ്, ജരീദ് കുഷ്‌നര്‍ എന്നിവരുടെ യാത്ര ട്രംപ് റദ്ദാക്കിയിരുന്നു. ചര്‍ച്ചയ്ക്ക് ഇറാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഫോണ്‍ മുഖേന ബന്ധപ്പെടാമെന്നും ട്രംപ് പ്രതികരിച്ചിരുന്നു.

സമാധാന ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ കാരണം വാഷിംഗ്ടണ്‍ ആണെന്നാണ് റഷ്യന്‍ സന്ദര്‍ശനത്തിനിടെ അരഘ്ചി ആരോപിച്ചത്. അമേരിക്കയുടെ അതിരുകടന്ന ആവശ്യങ്ങളാണ് മുന്‍ ചര്‍ച്ചകള്‍ ലക്ഷ്യത്തിലെത്താതിരിക്കാന്‍ കാരണമെന്നും അരഘ്ചി പറഞ്ഞു.
ഇറാന്‍ പാകിസ്ഥാന്‍ വഴി അമേരിക്കയ്ക്ക് സന്ദേശങ്ങള്‍ കൈമാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആണവ വിഷയങ്ങളും ഹോര്‍മുസ് കടലിടുക്ക് സംബന്ധിച്ച നിലപാടുകളും ഇതില്‍ ഉള്‍പ്പെടുന്നതായാണ് വിവരം.
ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതും അമേരിക്കന്‍ നാവിക ഉപരോധം അവസാനിപ്പിക്കുന്നതുമാണ് ഇറാന്‍ മുന്നോട്ടുവെച്ച പുതിയ നിര്‍ദേശത്തിന്റെ പ്രധാന ഭാഗങ്ങള്‍. ആണവ ചര്‍ച്ചകള്‍ പിന്നീട് നടത്താമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

