

ആലുവ: ഇരുപത്തഞ്ചു വര്ഷം മുന്പ് തുടക്കമിട്ടതും ഇപ്പോള് പണി മുടങ്ങിക്കിടക്കുന്നതുമായ ശബരി റെയില്വേ പദ്ധതി മരവിപ്പിച്ച കേന്ദ്ര സര്ക്കാര് തീരുമാനം പിന്വലിക്കണമെന്ന് ബെന്നി ബഹനാന് എം പിയുടെ നേതൃത്വത്തില് ആന്റോ ആന്റണി എം പി, ഡീന് കുര്യാക്കോസ് എം പി എന്നിവര് കേന്ദ്ര റെയില്വേ മന്ത്രി അശ്വനി വൈഷ്ണോയെ നേരില്ക്കണ്ട് ആവശ്യപ്പെട്ടു.

1997- 98 റെയില്വേ ബജറ്റില് ഉള്പ്പെടുത്തിയ അങ്കമാലി- ശബരി റെയില്പ്പാതയുടെ അങ്കമാലി മുതല് കാലടി വരെയുള്ള എട്ട് കിലോമീറ്റര് പാതയും കാലടി റെയില്വേ സ്റ്റേഷന്, പെരിയാറിന് കുറുകെയുള്ള റെയില്വേ പാലം എന്നിവയുടെ നിര്മ്മാണവും പൂര്ത്തിയായിട്ട് വര്ഷങ്ങള് കഴിഞ്ഞു. 111 കിലോമീറ്റര് ദൈര്ഘ്യമുള്ള അങ്കമാലി- ശബരിപാത യാഥാര്ഥ്യമായാല് ശബരിമല തീര്ഥാടകര്ക്ക് പുറമെ ക്രിസ്ത്യന് തീര്ഥാടന കേന്ദ്രങ്ങളായ മലയാറ്റൂര്, ഭരണങ്ങാനം എന്നിവിടങ്ങളിലേക്കും എളുപ്പം എത്തിച്ചേരാനാകും.

കൂടാതെ കേരളത്തിന് പുതിയ റെയില്പാത തുറന്ന് കിട്ടുകയും ഭാവിയില് കൊല്ലം- ചെങ്കോട്ട പാതയുമായി ബന്ധിപ്പിക്കുവാനും കഴിയും. നിലവില് റെയില്വേ ലൈന് കടന്നു പോകാത്ത ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് മേഖലയിലെ ടൂറിസ്റ്റു കേന്ദ്രങ്ങള്ക്കും പെരുമ്പാവൂര്, കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ, പാലാ, കാഞ്ഞിരപ്പിള്ളി, എരുമേലി മുതലായ പ്രദേശങ്ങളിലെ വ്യാപാര കാര്ഷിക മേഖലകള്ക്കും പദ്ധതി ഏറെ പ്രയോജനപ്പെടും.
പ്രധാന മന്ത്രിയുടെ പ്രഗതി പ്ലാനില് ഉള്പ്പെടുത്തിയ ശബരി റെയില്വേ പദ്ധതിയുടെ പ്രാധാന്യം മനസ്സിലാക്കി കേരള സര്ക്കാര് തീരുമാനം പുനഃപരിശോധിക്കുകയും ശബരി റെയില്വേ പദ്ധതിയുടെ അന്പത് ശതമാനം ചിലവ് വഹിക്കുവാനുള്ള സന്നദ്ധത റെയില്വേ മന്ത്രാലയത്തെ അറിയിക്കുകയും കേരള റെയില് ഡെവലപ്പ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡ് എന്ന ഏജന്സിയോട് വിശദമായ എസ്റ്റിമേറ്റ് സമര്പ്പിക്കുവാന് ആവശ്യപ്പെട്ടതനുസരിച്ച് 3454.09 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് റെയില്വേ ബോര്ഡിന്റെ അംഗീകാരത്തിനായി സമര്പ്പിച്ചിട്ടുള്ളതുമാണ്. ഇക്കാര്യങ്ങള് കണക്കിലെടുത്ത് ശബരി റെയില്വേ പദ്ധതി മരവിപ്പിച്ച റെയില്വേ ബോര്ഡ് തീരുമാനം പിന്വലിച്ച് പദ്ധതിയുടെ സ്ഥലമേറ്റെടുപ്പ് നടപടികള് പുന:രാരംഭിക്കുന്നതിനും നടപ്പ് വര്ഷത്തെ ബജറ്റില് പ്രഖ്യാപിച്ച 100 കോടി രൂപ എത്രയും വേഗം പദ്ധതിക്കായി അനുവദിക്കുവാനും നിര്ദേശം നല്കണമെന്ന് എം പിമാര് മന്ത്രിയോടാവശ്യപ്പെട്ടു.

