മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആഗ്രഹം സഫലമാകുന്നു

Web Desk
2 Min Read

കാലടി: സ്വന്തമായി സ്ഥലമുണ്ടായിട്ടും സാമ്പത്തിക ബുദ്ധിമുട്ടുമൂലം വീടുപണിയുവാന്‍ സാധിക്കാതെ ഇടിഞ്ഞു വീഴാറായ വീടുകളിലും വാടക വീടുകളിലും കഴിയുന്ന നിയോജക മണ്ഡലത്തിലെ വിധവകളായ അമ്മമാര്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത ഭവനമൊരുക്കുന്നതിനായി അന്‍വര്‍ സാദത്ത് എം എല്‍ എ നടപ്പിലാക്കിയ അമ്മക്കിളികൂട് കാരുണ്യ ഭവന പദ്ധതിയില്‍ അലമേലുവിനും മകള്‍ക്കുമായി നിര്‍മ്മിക്കുന്ന 54-ാമത് വീടിന്റെ തറക്കല്ലിടല്‍ എട്ടിന് തിങ്കളാഴ്ച രാവിലെ ഒന്‍പതരയ്ക്ക് ചാലക്കുടി എം പി ബെന്നി ബഹനാന്‍ നിര്‍വഹിക്കും.

city exchange

ഈ നിര്‍മ്മിച്ചു കൊടുക്കുന്ന അമ്മക്കിളിക്കൂട് ഭവനത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. വിധവയും ശാരീരിക പരിമിതിയും ഉള്ള അലമേലു എന്ന തമിഴ് സഹോദരിക്കും മകള്‍ക്കും വേണ്ടിയാണ് ഈ ഭവനം നിര്‍മ്മിച്ചു നല്‍കുന്നത് എന്നും
ഈ കുടുംബത്തിന് ഭവനം നിര്‍മ്മിച്ചു കൊടുക്കുവാന്‍ തന്നോട് ആവശ്യപ്പെട്ടത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്നും അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു.

ഉമ്മന്‍ചാണ്ടി ശ്രീമൂലനഗരം പഞ്ചായത്തില്‍ പ്രളയത്തില്‍ തകര്‍ന്ന ഒരു വീടിന്റെ താക്കോല്‍ കൈമാറ്റത്തിന് വന്നപ്പോള്‍ അന്ന് അലമേലുവും കുടുംബവും തങ്ങള്‍ക്ക് വീടും സ്ഥലവും ഇല്ല എന്നും അവരുടെ ദയനീയ അവസ്ഥയും ശാരീരിക പരിമിതികളെക്കുറിച്ചും ഉമ്മന്‍ചാണ്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

അലമേലുവിനും കുടുംബത്തിനും സ്ഥലം വാങ്ങി വീട് പണിതു കൊടുക്കുവാന്‍ ഉമ്മന്‍ചാണ്ടി അന്‍വര്‍ സാദത്ത് എം എല്‍ എയോട് ആവശ്യപ്പെടുകയായിരുന്നു. സ്ഥലം വാങ്ങുന്നതിന് ഒരു ലക്ഷം രൂപ അദ്ദേഹം അന്ന് ഓഫര്‍ ചെയ്യുകയും ചെയ്തിരുന്നു. സ്ഥലം ലഭിക്കുന്ന മുറയ്ക്ക് വീടുവെച്ച് നല്‍കാമെന്ന് അദ്ദേഹത്തിന് അവിടെ വെച്ച് തന്നെ താന്‍ ഉറപ്പും നല്‍കിയിരുന്നതായും അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു.

- Advertisement -
Ad image

അന്നത്തെ ശ്രീമൂലനഗരം പഞ്ചായത്ത് വൈസ് പ്രസിഡണ്ടും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായിരുന്ന വി വി സെബാസ്റ്റ്യന്റെ ശ്രമഫലത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ സഹോദരന്‍ ഫ്രാന്‍സിസ് വി വര്‍ഗീസ് മൂന്ന് സെന്റ് സ്ഥലം സൗജന്യമായി നല്‍കുകയും ചെയ്തു. ഇതിന്റെ ആധാരം ഉമ്മന്‍ചാണ്ടിയുടെ 79-ാം ജന്മദിനത്തില്‍ ആലുവ പാലസില്‍ വച്ച് ഉമ്മന്‍ചാണ്ടി അലമേലുവിനും കുടുംബത്തിനും കൈമാറിയിരുന്നു.

ഈ ഭവനം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് കാഞ്ഞൂരുള്ള വര്‍ഗീസ് പാറക്കയാണ്. അദ്ദേഹത്തിന്റെ മകന്‍ ജോസ് പാറക്ക തന്റെ പിതാവിന്റെ 90-ാം ജന്മദിന പരിപാടിക്ക് അന്‍വര്‍ സാദത്ത് എം എല്‍ എയെ ക്ഷണിക്കാന്‍ വന്നപ്പോള്‍ ഈ വീടിന്റെ കാര്യം എം എല്‍ എ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. പിന്നീട് അദ്ദേഹം കുടുംബവുമായി ആലോചിച്ച് പിതാവിന്റെ ജന്മദിന സമ്മാനമായി ഈ വീട് സ്‌പോണ്‍സര്‍ ചെയ്യുന്നതായി അന്‍വര്‍ സാദത്ത് എം എല്‍ എയെ അറിയിക്കുകയായിരുന്നു.

ഈ ഭവനത്തിന്റെ കല്ലിടല്‍ നടക്കുന്നതോടുകൂടി ഉമ്മന്‍ചാണ്ടിയുടെ ആഗ്രഹവും കൂടിയാണ് സഫലമാകാന്‍ പോകുന്നത്.

Share This Article
Leave a Comment
error: Content is protected !!