

ആലുവ: ദേശായി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ കണ്ടെത്തിയ പുറമ്പോക്ക് സ്ഥലത്ത് ലൈഫ് വീടുകള്‍ പണിയുന്നതിനായി സര്‍ക്കാര്‍ ഉടന്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു പഞ്ചായത്ത് അംഗങ്ങള്‍ ചൂര്‍ണ്ണിക്കര വില്ലേജ് ഓഫീസിനു മുന്നില്‍ ഉപരോധം നടത്തി.

പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ മുഹമ്മദ് ഷെഫീക്ക്, റൂബി ജിജി, ഷീല ജോസ്, അംഗങ്ങളായ കെ കെ ശിവാനന്ദന്, കെ ദിലീഷ്, രാജേഷ് പുത്തനങ്ങാടി, രമണന് ചേലാക്കുന്ന്, പി എസ് യൂസഫ്, പി വി വിനീഷ്, ലൈല അബ്ദുല്‍ ഖാദര്‍, അലീഷ ലിനീഷ്, ലീന ജയന്, സബിത സുബൈര്‍, റംല അലിയാര്, സുബൈദ യൂസഫ് എന്നിവര്‍ സംസാരിച്ചു.

നിലവില്‍ 42 സെന്റ് സ്ഥലമാണ് പുറമ്പോക്ക് ഭൂമിയായി അളന്നപ്പോള്‍ കണ്ടെത്തിയത്. പ്രസ്തുത ഭൂമിയില്‍ കൂടുതല്‍ പുറമ്പോക്ക് ഭൂമി ഉണ്ടെങ്കില്‍ അതും അളന്നു തിട്ടപ്പെടുത്തി ലൈഫ് ഭവന പദ്ധതിക്ക് വേണ്ടി സര്‍ക്കാര്‍ ഉടന്‍ ഏറ്റെടുക്കണമെന്നും പുറമ്പോക്ക് ഭൂമി അളക്കണമെന്ന് ആവശ്യപ്പെട്ട പഞ്ചായത്തിനെ അറിയിക്കാതെ താലൂക്ക് സര്‍വ്വേയര്‍ ദേശായി ഗ്രൂപ്പിന്റെ ഭൂമി അളന്നതു ശരിയായില്ലെന്നും ജനപ്രതിനിധികള്‍ പറഞ്ഞു.
ഉപരോധ സമരത്തില്‍ കോണ്‍ഗ്രസ്, സി പി എം, ബി ജെ പി അംഗങ്ങളും സ്വതന്ത്രരായ മെമ്പര്‍മാരും പങ്കെടുത്തു.

