നോമ്പുതുറ സമയമറിയിച്ച് ഈ വര്‍ഷവും പീരങ്കി വെടിയുതിര്‍ക്കും

Web Desk
1 Min Read

ദോഹ: വിശുദ്ധ റമദാനിലെ പരമ്പരാഗത പീരങ്കി വെടിയെ കാത്ത് പൗരന്മാരും പ്രവാസികളും വിനോദ സഞ്ചാരികളും. ഖത്തറിന് പുറമേ മറ്റ് മുസ്‌ലിം രാജ്യങ്ങളിലും നോമ്പുതുറയുടെ സമയം അറിയിച്ച് മുഴക്കുന്ന പീരങ്കി വെടി് പുരാതന പാരമ്പര്യത്തിലുള്ളതാണ്. അതുകൊണ്ടുതന്നെ ആധുനിക കാലത്ത് വലിയ സാംസ്‌ക്കാരിക മൂല്യവുമുണ്ട്.

city exchange

പരമ്പരാഗത മാര്‍ക്കറ്റുകളായ സൂഖ് വാഖിഫും സൂഖ് വക്രയും ഉള്‍പ്പെടെ ഖത്തറിലുടനീളമുള്ള വിവിധ സ്ഥലങ്ങളില്‍ ഇഫ്താര്‍ പീരങ്കി വെടിവയ്ക്കുന്ന പാരമ്പര്യം തുടരും. സൂഖ് വാഖിഫില്‍ കിഴക്കന്‍ ചത്വരത്തിലാണ് പീരങ്കി വെടിവെയ്ക്കുക. സൂഖ് വക്രയില്‍ പടിഞ്ഞാറന്‍ ചത്വരത്തിലാണ് പീരങ്കി സ്ഥാപിക്കുന്നത്.

കത്താറ, മുഹമ്മദ് ഇബ്നു അബ്ദുല്‍ വഹാബ് ഗ്രാന്‍ഡ് മോസ്‌ക്, ഓള്‍ഡ് ദോഹ തുറമുഖം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ചരിത്രപരമായി പീരങ്കി വെടിയുടെ പാരമ്പര്യത്തില്‍ പങ്കാളികളാണെങ്കിലും അവിടങ്ങളില്‍ ഈ വര്‍ഷത്തെ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടില്ല.

ഖത്തറി സായുധ സേനയുടെ മേല്‍നോട്ടത്തിലാണ് സുരക്ഷിതത്വം ഉറപ്പു വരുത്തി പീരങ്കികള്‍ വെടി മുഴക്കുക. പീരങ്കി വെടി കാണാന്‍ നൂറുകണക്കിന് ആളുകളാണ് എത്തിച്ചേരുക. സംഘാടകര്‍ പലപ്പോഴും മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും സമ്മാനങ്ങളും ഭക്ഷണവും വിതരണം ചെയ്യും. റമദാനിലുടനീളം ഈ ആചാരം തുടരും.

- Advertisement -
Ad image

താമസക്കാരും സന്ദര്‍ശകരും ഈ പാരമ്പര്യത്തെ ഒരുപോലെയാണ് വിലമതിക്കുന്നത്.

നോമ്പു തുറക്കാനുള്ള സമയം അറിയിച്ചുള്ള പീരങ്കി വെടിയുടെ ഉത്ഭവം ഈജിപ്തിലോ ഓട്ടോമന്‍ സാമ്രാജ്യത്തിലോ ആണെന്നാണ് ഖത്തര്‍ ടൂറിസം പറയുന്നത്. അകലെയുള്ള പ്രദേശങ്ങളില്‍ കൂടി സമയം അറിയാന്‍ വേണ്ടി വെടിയൊച്ച കേള്‍ക്കുമെന്നതാണ് പീരങ്കി വെടിയുടെ പഴയ കാലത്തെ പ്രധാന്യം. ഖത്തറില്‍ ഈ പാരമ്പര്യം ഇന്നും തുടരുന്നതിനാല്‍ ഖത്തര്‍ ടി വിയില്‍ തത്സമയം സംപ്രേക്ഷണം ചെയ്യാറുണ്ട്.

ദൈനംദിന ജീവിതത്തിന്റെ പല മേഖലകളിലും പീരങ്കികളുടെ ആവശ്യകതയെ ആധുനിക സാങ്കേതികവിദ്യ മാറ്റിസ്ഥാപിച്ചിട്ടുണ്ടെങ്കിലും സാംസ്‌കാരിക മൂല്യങ്ങളും പൈതൃകവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാര്‍ഗമായാണ് ഖത്തറിലെ അധികാരികള്‍ ഇതിനെ കാണുന്നത്.

റമദാന്‍ പീരങ്കി വെടിവയ്ക്കുന്ന രീതി ഖത്തറിന് പുറമേ കുവൈത്ത്, ഒമാന്‍, യു എ ഇ തുടങ്ങിയ ഇസ്‌ലാമിക രാജ്യങ്ങളിലെല്ലാമുണ്ട്.

Share This Article
Leave a Comment
error: Content is protected !!