

ദോഹ: അല്‍ ഫൈസല്‍ വിത്തൗട്ട് ബോര്‍ഡേഴ്സ് ഫൗണ്ടേഷനുമായി സഹകരിച്ച് ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് തുടര്‍ച്ചയായ 11-ാം വര്‍ഷവും സന്നദ്ധ രക്തദാനത്തിനും അവയവദാനത്തിനുമായി റമദാന് ഫീല്‍ഡ് കാംപയിന് ആരംഭിച്ചു. കാംപയിന് ഏപ്രില്‍ ഒന്‍പത് വരെ തുടരും.

രക്ത ദാനത്തിന്റെയും അവയവദാനത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുന്നതിനുള്ള അല്‍ ഫൈസല്‍ വിത്തൗട്ട് ബോര്‍ഡേഴ്സ് ഫൗണ്ടേഷന്റെ ശ്രമങ്ങളുടെ ഭാഗമാണിത്.

2013 മുതലാണ് ക്യാംപയിന് ആരംഭിച്ചത്. നേരത്തെ നടന്ന എല്ലാ കാംപെയിനുകളിലും ഖത്തര്‍ പൗരന്മാരും താമസക്കാരും മികച്ച പിന്തുണയാണ് നല്‍കിയത്.
പ്രധാന വാണിജ്യ കേന്ദ്രങ്ങള്‍, സാംസ്കാരിക, സാമൂഹിക, യുവജന കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളിലാണ് പൊതുജന പങ്കാളിത്തം സജീവമാക്കി കാംപയിന് സംഘടിപ്പിക്കുന്നത്. ഏഴ് ഷോപ്പിംഗ് സെന്ററുകളില്‍ ദേശീയ അവയവദാന ക്യാമ്പയിന് ബൂത്തുകളുണ്ട്. അംഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവയവദാനത്തിനുള്ള രജിസ്ട്രേഷന് സൗകര്യമൊരുക്കിയിട്ടുണ്ട്, ദാതാക്കള്‍ക്ക് അവരുടെ ഡോണര്‍ കാര്‍ഡ് തത്സമയം തന്നെ സ്വീകരിക്കാം.
ഖത്തറിലെ അവയവ ദാതാക്കളുടെ രജിസ്ട്രിയില്‍ ഏകദേശം 530,000 പേര് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത് ഖത്തറിലെ മുതിര്‍ന്നവരുടെ ജനസംഖ്യയുടെ ഏകദേശം 25 ശതമാനമാണ്. വൃക്ക ദാതാക്കളുടെ എണ്ണം വര്‍ഷം തോറും ഇരട്ടിയാകുന്നതിനാല്‍ ഇപ്പോള്‍ ഓരോ വര്‍ഷവും കൂടുതല്‍ വൃക്ക മാറ്റിവയ്ക്കല്‍ നടക്കുന്നുണ്ട്.
അവയവ ദാതാക്കളുടെ രജിസ്ട്രിയില്‍ നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ളവരുണ്ട്. 2023ല്‍ ദാതാക്കളുടെ എണ്ണത്തിലും ട്രാന്സ്പ്ലാന്റുകളിലും ഗണ്യമായ വര്‍ധനവാണുണ്ടായത്. 82 വൃക്ക മാറ്റിവയ്ക്കല്‍, 11 കരള്‍ മാറ്റിവയ്ക്കല്‍, 3 ശ്വാസകോശം മാറ്റിവയ്ക്കല്‍ എന്നിവ നടത്തി.

