ഹൈദരബാദ് എഫ് സി ജേതാക്കള്‍; ഐ എസ് എല്‍ ഫൈനലില്‍ ബ്ലാസ്റ്റേഴ്‌സ് വീണു

Web Desk
4 Min Read

ഫത്തോര്‍ദ (ഗോവ): ഐ എസ് എല്‍ ഫുട്‌ബോള്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പൊരുതിവീണു. ഷൂട്ടൗട്ട് വരെ നീണ്ട ഫൈനലില്‍ ഹൈദരാബാദ് എഫ് സിയോട് 3-1ന് തോറ്റു. ഷൂട്ടൗട്ടില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മൂന്ന് കിക്കുകള്‍ തടഞ്ഞ് ഗോള്‍കീപ്പര്‍ ലക്ഷ്മികാന്ത് കട്ടിമണിയാണ് ഹൈദരാബാദിന് ജയമൊരുക്കിയത്. ഇത് മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്‌സ് ഐ എസ് എല്‍ റണ്ണറപ്പാകുന്നത്. മുമ്പ് 2014ലും 2016ലും രണ്ടാംസ്ഥാനം നേടിയിരുന്നു.

city exchange

നിശ്ചിതസമയത്തും അധികസമയത്തും സ്‌കോര്‍ 1-1 എന്ന നിലയിലായതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. നിശ്ചിതസമയം 68-ാം മിനിറ്റില്‍ കെ പി രാഹുലിലൂടെ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി. 88-ാം മിനിറ്റില്‍ സഹില്‍ ടവോര ഹൈദരാബാദിനെ ഒപ്പമെത്തിച്ചു.

ജംഷഡ്പുരിനെതിരായ രണ്ടാംപാദ സെമി കളിച്ച ടീമില്‍നിന്നും രണ്ട് മാറ്റങ്ങളുമായാണ് ഇവാന്‍ വുകോമനോവിച്ചിന്റെ ബ്ലാസ്റ്റേഴ്‌സ് എത്തിയത്. പരിക്കേറ്റ സഹല്‍ അബ്ദുല്‍ സമദ് ഫൈനലിലും പുറത്തിരുന്നു. സഹലിന് പകരം മറ്റൊരു മലയാളി താരം കെ പി രാഹുല്‍ ഇടംപിടിച്ചു. മധ്യനിരയില്‍ ആയുഷ് അധികാരിക്ക് പകരം ജീക്‌സണ്‍ സിങ്ങും എത്തി. പ്രതിരോധത്തില്‍ മാര്‍കോ ലെസ്‌കോവിച്ച്, ഹര്‍മന്‍ജത്ര് ഖബ്ര, റുയ്വാ ഹോര്‍മിപാം എന്നിവര്‍ തുടര്‍ന്നു. മധ്യനിരയില്‍ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയ്‌ക്കൊപ്പം പുയ്ട്ടിയ, ജീക്‌സണ്‍, രാഹുല്‍. ഗോളടിക്കാന്‍ പതിവുപോലെ അല്‍വാരോ വാസ്‌കസും ജോര്‍ജ് ഡയസും. ഗോള്‍വലയ്ക്ക് കീഴില്‍ പ്രഭ്‌സുഖന്‍ ഗില്‍ തുടര്‍ന്നു.

- Advertisement -
Ad image

ഹൈദരാബാദ് നിരയില്‍ പ്രതിരോധത്തില്‍ ആശിഷ് റായ്, ആകാശ് മിശ്ര, ചിന്‍ഗ്ലെന്‍സന സിങ്, യുവാനന്‍ എന്നിവരായിരുന്നു. ജേയോ വിക്ടറും സൗവിക് ചക്രവര്‍ത്തിയും മധ്യനിരയിലും പ്രതിരോധത്തിലും ഇറങ്ങി കളിച്ചു. യാസിര്‍ മുഹമ്മദും അനികേത് ജാദവും ജോയല്‍ ചിയാനിസെയും. മുന്നേറ്റത്തില്‍ ബര്‍തലോമിയോ ഓഗ്‌ബെച്ചെ എന്ന കരുത്തനും. ഗോള്‍കീപ്പറായി ലക്ഷ്മികാന്ത് കട്ടിമണി.

ബ്ലാസ്റ്റേഴ്‌സിന്റെ നീക്കങ്ങളോടെയാണ് കളി തുടങ്ങിയത്. ആദ്യ മിനിറ്റില്‍ തന്നെ ലെസ്‌കോവിച്ചിന്റെ ലോങ്പാസ് ബോക്‌സില്‍ ലൂണയിലേക്ക്. വാസ്‌കസും ഡയസും ഓടിയെത്തുമ്പോഴേക്കും ഹൈദരാബാദ് പ്രതിരോധം പന്ത് തട്ടിയകറ്റി. പതിനൊന്നാം മിനിറ്റില്‍ സൗവിക് ചക്രവര്‍ത്തി ബ്ലാസ്റ്റേഴ്‌സ് വലയിലേക്ക് പന്തുതിര്‍ത്തെങ്കിലും പ്രഭ്‌സുഖന്‍ ഗില്‍ അനായാസം കൈയിലൊതുക്കി. മധ്യനിരയില്‍ ആധിപത്യം നേടി കളി വരുതിയിലാക്കാനായിരുന്നു ഹൈദരാബാദ് ശ്രമം. എന്നാല്‍ പുയ്ട്ടിയയും ജീക്‌സണ്‍ സിങ്ങും ജാഗ്രത പുലര്‍ത്തിയതോടെ ഈ നീക്കം പാളി. മുന്നേറ്റത്തില്‍ ഒഗ്‌ബെച്ചെയ്ക്കുള്ള പന്തിന്റെ വിതരണം ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം തടഞ്ഞു. കരുതലോടെ നീങ്ങിയ ബ്ലാസ്റ്റേഴ്‌സ് പ്രത്യാക്രമണങ്ങള്‍ക്കായിരുന്നു പ്രാധാന്യം നല്‍കിയത്. പതിനെട്ടാം മിനിറ്റില്‍ ലൂണ ബോക്‌സിലേക്ക് പന്ത് നല്‍കിയെങ്കിലും പിടിച്ചെടുക്കാന്‍ ആരുമുണ്ടായില്ല.

21-ാം മിനിറ്റില്‍ മറ്റൊരു നീട്ടമുണ്ടായി. വാസ്‌കസ് നല്‍കിയ പന്ത് രാഹുല്‍ ബോക്‌സിന് പുറത്തുനിന്ന് പായിച്ചു. പക്ഷേ ലക്ഷ്യംതെറ്റി. തുടര്‍ന്നും ബ്ലാസ്റ്റേഴ്‌സ് ആക്രമണം അവസാനിപ്പിച്ചില്ല. 30-ാം മിനറ്റില്‍ ലൂണ കോരിയിട്ട പന്ത് കട്ടിമണിയുടെ കൈയില്ലായി. ആദ്യ അരമണിക്കൂറില്‍ പന്തിന്റെ ആധിപത്യം മുഴുവന്‍ ബ്ലാസ്റ്റേഴ്‌സിനായിരുന്നു. 67 ശതമാനവും പന്ത് ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ കാലിലായിരുന്നു.

38-ാം മിനിറ്റില്‍ ഹൈദരാബാദ് ഒരുമാറ്റം വരുത്തി. പേശിവലിവ് അനുഭവപ്പെട്ട ചിയാനിസെയ്ക്ക് പകരം മുന്നേറ്റത്തില്‍ ഹാവിയര്‍ സിവെയ്‌റോ എത്തി. 39-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മിന്നുംനീക്കം. ബോക്്‌സിനുള്ളില്‍നിന്ന് ഖബ്ര നീട്ടിയ പന്ത് വലതുപാര്‍ശ്വത്തുനിന്ന് വാസ്‌കസ് തൊടുത്തു. ഉശിരനടി ക്രോസ്ബാറില്‍ തട്ടിമടങ്ങി. തിരികെയെത്തിയ പന്ത് വാസ്‌ക്‌സ് രാഹുലിന് നല്‍കിയെങ്കിലും പിഴച്ചു. ഒന്നാന്തരം നീക്കങ്ങളിലൂടെ ബ്ലാസ്റ്റേഴ്‌സ് കളിയില്‍ നിറഞ്ഞു. ജോര്‍ജ് ഡയസും വാസ്‌കസും നിരന്തരം മുന്നേറി. ആദ്യപകുതി അവസാനിക്കും മുമ്പേ ഹൈദരാബാദിന് ആദ്യ അവസരം കിട്ടി. യാസിര്‍ മുഹമ്മദിന്റെ ഫ്രീകിക്ക് ബോക്‌സില്‍ കാത്തിരുന്ന സിവെയ്‌റോയിലേക്ക്. വലകയറുമെന്ന് തോന്നിച്ച ഹെഡ്ഡര്‍ പ്രഭ്‌സുഖന്‍ നെഞ്ചുകൊണ്ട് തടഞ്ഞു.

രണ്ടാംപകുതി ബ്ലാസ്റ്റേഴ്‌സിന്റെ കോര്‍ണറിലൂടെയാണ് കളി തുടങ്ങിയത്. പിന്നാലെ ഹൈദരാബാദ് താരം അനികേത് ജാദവിന്റെ ഒറ്റയാന്‍ നീക്കം ഭീതി സൃഷ്ടിച്ചെങ്കിലും വാസ്‌കസും പ്രഭ്‌സുഖനും രക്ഷകരായി. 48-ാം മിനിറ്റില്‍ ജോയോ വിക്ടറിന്റെ ലോങ് റേഞ്ചും പ്രഭ്‌സുഖന്‍ തട്ടിയകറ്റി. 55-ാം മിനിറ്റില്‍ ഓഗ്ബച്ചെയുടെ ഷോട്ട് വലയ്ക്ക് മുകളിലൂടെ പറന്നു. ഹൈദരാബാദിന്റെ തുടര്‍ച്ചയായ ആക്രമണങ്ങളില്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം പതറിയില്ല. ഹോര്‍മിപാമും ലെസ്‌കോവിച്ചും സമര്‍ഥമായി തടഞ്ഞു. 62-ാം മിനിറ്റില്‍ ഓഗ്ബച്ചെയുടെ ഷോട്ട് പ്രഭ്‌സുഖന്റെ കൈയില്ലായി. ഹൈദരാബാദിന്റെ ആക്രമണങ്ങളില്‍ പതറാതെ ബ്ലാസ്റ്റേഴ്‌സ് നീങ്ങി.

68-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ സ്വപ്ന മുഹര്‍ത്തമെത്തി. പ്രതിരോധത്തില്‍നിന്ന് ജീക്‌സണ്‍ സിങ് നീട്ടിനല്‍കിയ പന്തുമായി രാഹുല്‍ മുന്നേറി. അനായാസം പ്രതിരോധക്കാരെ വെട്ടിമാറ്റി ഇരുപത്തഞ്ച് വാര അകലെനിന്ന് രാഹുല്‍ ഷോട്ട് തൊടുത്തു. ഹൈദരാബാദ് ഗോളി കട്ടിമണിയുടെ കണക്കുക്കൂട്ടല്‍ തെറ്റി. കൈയ്യില്‍നിന്ന് പന്ത് വഴുതി. 76-ാം മിനിറ്റില്‍ ഒപ്പമെത്താന്‍ ഹൈദരാബാദിന് അവസരം കിട്ടി. പക്ഷേ ഓഗ്‌ബെച്ചെയെടുത്ത ഫ്രീ കിക്ക് പ്രഭ്‌സുഖന്‍ രക്ഷപ്പെടുത്തി. 82-ാം മിനിറ്റില്‍ രാഹുലിന് പകരം പ്രതിരോധക്കാരന്‍ നിഷുകുമാറിനെ ഇറക്കി വുകോമനോവിച്ച്. ഇതിന് പിന്നാലെ വാസ്‌കസ് ലീഡുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 85-ാം മിനിറ്റില്‍ ലഭിച്ച ഫ്രീ കിക്ക് ലൂണ പായിച്ചു. തടയാന്‍ നിന്ന കട്ടിമണിയുടെ കൈയ്യിനിന്നും പന്ത് തെറിച്ച് ലെസ്‌കോവിച്ചിന് മുന്നില്‍. എന്നാല്‍ പന്ത് വരുതിയില്‍ നിര്‍ത്താനായില്ല ഈ പ്രതിരോധക്കാരന്. 88-ാം മിനിറ്റില്‍ ഹൈദരാബാദ് ഒപ്പമെത്തി. സഹില്‍ ടവോരയുടെ ലോങ്‌റേഞ്ച് ലക്ഷ്യത്തിലെത്തി. നിശ്ചിതസമയം അവസാനിക്കവേ ഇരുടീമുകളും തുല്യത പാലിച്ചതോടെ കളി അധികസമയത്തേക്ക് നീണ്ടു.

ജോര്‍ജ് ഡയസിന് പകരം ചെഞ്ചോയെ ഇറക്കിയാണ് ബ്ലാസ്റ്റേഴ്‌സ് അധികസമയത്ത് കളത്തിലെത്തിയത്. അധികസമയം ഒപ്പത്തിനൊപ്പമായിരുന്നു. 98-ാം മിനിറ്റില്‍ പുയ്ട്ടിയയെ പിന്‍വലിച്ച് ആയുഷ് അധികാരിയും എത്തി. 102-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന് മറ്റൊരു അവസരമെത്തി. ലൂണയെടുത്ത കോര്‍ണര്‍ ജീക്‌സണ്‍ സിങ് തലകൊണ്ട് തൊടുത്തു. പന്ത് ക്രോസ്ബാറില്‍ തട്ടിപുറത്തായി. 110-ാം മിനിറ്റില്‍ ഓഗ്ബച്ചെയുടെ ഗോളെന്നുറച്ച ഷോട്ട് ലെസ്‌കോവിച്ച് തട്ടിയകറ്റി. 111-ാം മിനിറ്റില്‍ മറ്റൊരു മാറ്റം വരുത്തി ബ്ലാസ്റ്റേഴ്‌സ്. വാസ്‌കസിന് പകരം വിന്‍സി ബരേറ്റോയെ ഇറക്കി. അധികസമയത്തും സ്‌കോര്‍ തുല്യമായതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

ഷൂട്ടൗട്ടില്‍ ലെസ്‌കോവിച്ച്, നിഷു കുമാര്‍, ജീക്‌സണ്‍ സിങ് എന്നിവരുടെ കിക്കുളാണ് കട്ടിമണി തട്ടിയകറ്റിയത്. ബ്ലാസ്റ്റേഴ്‌സിനായി ആയുഷ് അധികാരി മാത്രമാണ് ലക്ഷ്യം കണ്ടത്. ഹൈദരാബാദ് നിരയില്‍ ജോയോ വിക്ടര്‍, കാസ കമാറ, ഹളിചരണ്‍ നര്‍സാരി എന്നിവര്‍ കിക്ക് വലയിലാക്കി. സെവെയ്‌റോക്ക് മാത്രമാണ് പിഴച്ചത്.

Share This Article
Leave a Comment
error: Content is protected !!