ത്രിപുരയില്‍ സി പി എം ഓഫിസുകള്‍ക്ക് നേരെ ബി ജെ പി ആക്രമണം

Web Desk
2 Min Read

അഗര്‍ത്തല: ത്രിപുരയിലെ സി പി എം ഓഫീസുകള്‍ക്കും പ്രവര്‍ത്തകരുടെ വീടുകള്‍ക്കും നേരെ ബി ജെ പി ആക്രമണം. ജയ് ശ്രീറാം മുഴക്കിയാണ് പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയും വീടുകള്‍ക്ക് നേരെയും ബി ജെ പി ആക്രമണം നടത്തിയത്. സംഭവത്തില്‍ പത്തുപേര്‍ക്ക് പരിക്കേറ്റു. ആറ് വാഹനങ്ങള്‍ക്ക് തീവെച്ചു.

city exchange


ഓഫീസുകള്‍ക്കും വീടുകള്‍ക്കും നേരെ കല്ലേറും തീവെയ്പ്പും നടത്തുന്ന ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
സി പി എം സംസ്ഥാന കമ്മിറ്റി ഓഫീസായ ഭാനു സ്മൃതി ഭവനും മറ്റൊരു ഓഫീസായ ദശരഥ് ഭവനും തീവെച്ചതായി എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്തു. അക്രമണങ്ങളുടെ ദൃശ്യങ്ങള്‍ സി പി എമ്മും പുറത്തുവിട്ടിട്ടുണ്ട്.

- Advertisement -
Ad image


അതേസമയം തങ്ങള്‍ സി പി എം ഓഫീസുകള്‍ ആക്രമിച്ചിട്ടില്ലെന്നാണ് ബി ജെ പി പറയുന്നത്.
സംസ്ഥാന വ്യാപകമായി സി പി എം- ബി ജെ പി സംഘര്‍ഷം നടക്കുന്നുണ്ട്. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ മണിക് സര്‍ക്കാറിനെ സ്വന്തം മണ്ഡലമായ ധന്‍പൂരിലെത്തിയപ്പോള്‍ ബി ജെ പി പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്.


ധന്‍പൂരിലെ കതാലിയയില്‍ രാഷ്ട്രീയ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തെ ബി ജെ പി പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. ഇതിന് പിന്നാലെ സി പി എം- ബി ജെ പി പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായിരുന്നു.
തുടര്‍ന്നാണ് സി പി എം ഓഫീസുകള്‍ക്ക് ബി ജെ പി പ്രവര്‍ത്തകര്‍ തീവെച്ചത്.


ഗോമതി ജില്ലയിലെ ഉദൈപൂരിലും സെപാഹിജാല ജില്ലയിലെ ബിശാല്‍ഗറിലും ഹപാബിയ, മെലാര്‍മഥ് എന്നിവിടങ്ങളിലുമായി കലാപം തുടങ്ങുകയായിരുന്നു. സംഘര്‍ഷം നിയന്ത്രണ വിധേയമാക്കാന്‍ പൊലീസ് ലാത്തിവീശുകളും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു.


സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
ബിശാല്‍ഗറിലെ പാര്‍ട്ടി യോഗത്തിന് ശേഷം മടങ്ങുമ്പോഴാണ് ബി ജെ പി പ്രവര്‍ത്തകര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ജില്ലാ കമ്മിറ്റി ഓഫിസ് തകര്‍ക്കുകയും തീ വെക്കുകയും ചെയ്തതെന്ന് ത്രിപുര ഇടതുമുന്നണി കണ്‍വീനര്‍ ബിജാന്‍ ധാര്‍ പറഞ്ഞു. ജനാധിപത്യത്തിന് നേരെയാണ് ബി ജെ പി ആക്രമണം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സി പി എമ്മിന്റെ പ്രാദേശിക പത്രങ്ങളായ പ്രതിബാദി കലാം, ഡയ്‌ലി ദേഷര്‍ കഥ, പ്രാദേശിക ചാനലായ പി ബി 24 എന്നിവയും ആക്രമിക്കപ്പെട്ടിട്ടുണ്ട്.


തങ്ങളുടെ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയിട്ടില്ലെന്നും സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായും പറഞ്ഞ ബി ജെ പി വക്താവ് നാബേന്ദു ഭട്ടാചാര്യ ഡയ്‌ലി ദേഷര്‍ കഥ ദിനപത്രത്തിന് നേരെ നടന്ന ആക്രമണത്തില്‍ ക്ഷമ ചോദിച്ചു. അബദ്ധത്തിലാണ് പത്രം ഓഫിസ് ആക്രമിച്ചതെന്നും മുതിര്‍ന്ന നേതാക്കള്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!