
ദോഹ: അധിനിവേശ ജെറുസലേമിലെ ഐക്യരാഷ്ട്രസഭയുടെ ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള സഹായ ഏജന്‍സിയായ യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സി (യു എന്‍ ആര്‍ ഡബ്ല്യു എ)യുടെ സമുച്ചയം ഇസ്രായേല്‍ അധിനിവേശ അധികാരികള്‍ തകര്‍ക്കുന്നതിനെ ഖത്തര്‍ ശക്തമായി അപലപിച്ചു.

ദേശീയ സുരക്ഷാ മന്ത്രിയുടെ പങ്കാളിത്തത്തോടെയാണ് ഈ നടപടി ആരംഭിച്ചതെന്നും ഇത് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ഗുരുതര ലംഘനവും അന്താരാഷ്ട്ര സമൂഹത്തിന്റെ മനസ്സുറപ്പിനോടുള്ള തുറന്ന വെല്ലുവിളിയുമാണെന്നും ഖത്തര്‍ വിലയിരുത്തി.

വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ യു എന്‍ ആര്‍ ഡബ്ല്യു എയെ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തുന്ന നടപടികള്‍ ഏജന്‍സിയെ തന്നെ ദുര്‍ബലപ്പെടുത്തുകയും ഗാസ, വെസ്റ്റ് ബാങ്ക്, ജോര്‍ദാന്‍, സിറിയ, ലെബനന്‍ എന്നിവിടങ്ങളിലെ ലക്ഷക്കണക്കിന് ഫലസ്തീനികള്‍ക്ക് അത്യാവശ്യ സേവനങ്ങള്‍ നിഷേധിക്കപ്പെടുന്നതിനും വഴിയൊരുക്കുന്നതാണെന്ന് മുന്നറിയിപ്പ് നല്‍കി.
ഇത്തരം നിയമവിരുദ്ധമായ ഇസ്രായേല്‍ നടപടികളുടെ ഭീകര പ്രത്യാഘാതങ്ങള്‍ ഒഴിവാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്വം ഏറ്റെടുക്കുകയും ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം ഊന്നിപ്പറഞ്ഞു.
1967 അതിര്‍ത്തികളെ അടിസ്ഥാനമാക്കി കിഴക്കന്‍ ജെറൂസലേമിനെ തലസ്ഥാനമാക്കി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള അവകാശം ഉള്‍പ്പെടെ ഫലസ്തീന്‍ ജനതയുടെ നിയമാനുസൃത അവകാശങ്ങളെ പിന്തുണയ്ക്കുന്ന ഖത്തറിന്റെ സ്ഥിരതയുള്ള നിലപാടിന്റെ ഭാഗമായാണ് യു എന്‍ ആര്‍ ഡബ്ല്യു എയ്ക്ക് ഖത്തര്‍ പൂര്‍ണ പിന്തുണ ആവര്‍ത്തിച്ചുറപ്പിച്ചതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

