
മലപ്പുറം: എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ഹരിതയുടെ ലൈംഗിക അധിക്ഷേപ പരാതിയിലാണ് അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഒരു മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് മൊഴിയെടുപ്പിനും ശേഷമായിരുന്നു അറസ്റ്റ്. വെള്ളയില്‍ പൊലീസായിരുന്നു നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്ത്. പിന്നീട് വനിതാ പൊലീസുള്ള ചെങ്ങമ്മാട് പൊലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറുകയായിരുന്നു. തുടര്‍ന്ന് ഈ സറ്റേഷനിലേക്ക് ചോദ്യം ചെയ്യലിനായി 12 മണിയോടെ നവാസിനെ വിളിച്ചുവരുത്തുകയായിരുന്നു.
നേരത്തെ തന്നെ ഈ കേസുമായി ബന്ധപ്പെട്ട് എം എസ് എഫിലെ മറ്റ് സംസ്ഥാന നേതാക്കളില്‍ നിന്നും പൊലീസ് മൊഴിയെടുത്തിരുന്നു.

തന്നെ ആദ്യമായാണ് പൊലീസ് വിളിച്ചുവരുത്തുന്നതെന്നും കൂടുതല്‍ കാര്യങ്ങളൊന്നും പറയാനില്ലെന്നുമായിരുന്നു ചോദ്യം ചെയ്യലിന് മുന്‍പ് നവാസ് മാധ്യമങ്ങളോട് പറഞ്ഞത്. ഹരിത നല്കിയ പരാതിയെ പൂര്‍ണമായി തള്ളിക്കൊണ്ടായിരുന്നു നവാസ് രംഗത്തെത്തിയത്.
പി കെ നവാസ് അറസ്റ്റ് പിന്നാലെ ജാമ്യത്തിലിറങ്ങി. ഐ പി സി 354 എ വകുപ്പ് പ്രകാരമാണ് നവാസിനെതിരെ ചുമത്തിയത്.

തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരമായി അറസ്റ്റിനെ കാണുന്നതായി നവാസ് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു. കേസുണ്ടായാല്‍ സ്വാഭാവികമായും കേസില്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ തെളിയിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്നും അറസ്റ്റോടെ കേസിന്റെ ഭാഗമായ താന്‍ നിരപരാധിത്വം തെളിയിക്കാനുള്ള അവസരമായി ഇതിനെ കാണുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീത്വത്തെ അപമാനിച്ചു എന്ന രൂപത്തിലുള്ള കുറ്റങ്ങളാണ് തനിക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ അസത്യങ്ങളും അര്‍ധസത്യങ്ങളുമാണ് പ്രചരിപ്പിക്കുന്നതെന്നും നവാസ് കുറ്റപ്പെടുത്തി. അതേക്കുറിച്ച് കൂടുതല്‍ പറയാനുണ്ടെങ്കിലും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കന്മാരുടെ അനുവാദത്തോടുകൂടി അടുത്ത ദിവസം തന്നെ മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അറസ്റ്റിന്റെ പേരില്‍ പാര്‍ട്ടി നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് അത് തനിക്ക് പറയാന്‍ കഴിയില്ലെന്നും പാര്‍ട്ടി സ്ഥാനത്ത് തുടരണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും നവാസ് പറഞ്ഞു. ഹൈദരലി ശിഹാബ് തങ്ങളാണ് ഞങ്ങളുടെ പാര്‍ട്ടിയുടെ അധ്യക്ഷന്‍. ഇന്ന് വൈകീട്ട് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറണമെന്ന് തന്നോട് പറഞ്ഞാല്‍ പോലും നൂറ് ശതമാനം അത് സ്വീകരിച്ചുകൊണ്ട് ഒരു നെഗറ്റീവ് കമന്റും പറയാതെ അത് അനുസരിക്കുമെന്നും നവാസ് മാധ്യമങ്ങളോട് പറഞ്ഞു.


