

തിരുവനന്തപുരം: വിമാനത്തിലെ അമിത ടിക്കറ്റ് നിരക്കിനെതിരെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ വിമാന കമ്പനികളുമായി കേരള സര്‍ക്കാര്‍ ചര്‍ച്ച നടത്തും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

അവധികാലത്ത്, ഗള്‍ഫ് മേഖലകളില്‍ നിന്നും സാധാരണ പ്രവാസികള്‍ക്ക് സഹായകരമാവുന്ന വിധത്തില്‍ വിമാന ടിക്കറ്റ് ലഭ്യമാക്കുന്നതിനായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി വിദേശ വിമാന കമ്പനികള്‍ അടക്കമുള്ളവയുമായി ചര്‍ച്ച നടത്താന്‍ സിയാല്‍ എം ഡിയെയും നോര്‍ക്കാ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും ചുമതലപ്പെടുത്തി.

പ്രാഥമിക ചര്‍ച്ചക്ക് ശേഷം കേന്ദ്ര വ്യോമായന മന്ത്രാലയത്തിന്റെ അനുമതിയും തേടും. കഴിഞ്ഞ ബജറ്റില്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കുന്നതിനായി 15 കോടി രൂപയുടെ കോര്‍പ്പസ് ഫണ്ട് രൂപീകരിച്ചിട്ടുണ്ട്. വിമാനയാത്രക്ക് പുറമെ, കപ്പല്‍ മാര്‍ഗമുള്ള യാത്രാ സാധ്യതകളും ആരായുന്നുണ്ട്.

