ഇലക്ട്രോണിക്‌സ് കടയുടെ സ്‌റ്റോറേജ് റൂമില്‍ വന്‍ തീപിടുത്തം

Web Desk
2 Min Read

കോഴിക്കോട്: നഗരത്തില്‍ ഇലക്ട്രോണിക്‌സ് കടയുടെ സാധനങ്ങള്‍ സൂക്ഷിക്കുന്ന സ്റ്റോറേജ് റൂമില്‍ തീപിടിത്തം
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് എതിര്‍ ഭാഗത്തുള്ള മെറിഡിയന്‍ മാന്‍ഷന്‍ എന്ന മൂന്നു നില കെട്ടിടത്തില്‍ കണ്ണങ്കണ്ടി ഇ സ്റ്റോറിലെ സാധനങ്ങള്‍ സൂക്ഷിക്കുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത്.

city exchange

അഗ്‌നിരക്ഷാസേനയും പൊലീസും ചേര്‍ന്ന് ഒന്നര മണിക്കൂറോളം പണിപ്പെട്ട് തീയണച്ചതോടെ വന്‍ദുരന്തം ഒഴിവായി. ആശുപത്രിയും ലാബും നിരവധി ഓഫീസുകളും ഇതിനടുത്തായി പ്രവര്‍ത്തിക്കുന്നുണ്ട്.

തീപിടിത്തമുണ്ടായതോടെ കെട്ടിട സമുച്ചയത്തിലെ ജീവനക്കാരെ ഉടന്‍ തന്നെ മാറ്റി. സമീപത്തെ ഷിബ ആശുപത്രിയിലേക്ക് തീ പടരാതിരുന്നത് ആശ്വാസമായി. പുകച്ചുരുകള്‍ വലിയ തോതില്‍ ഉയര്‍ന്നപ്പോള്‍ ഫയര്‍ഫോഴ്‌സ് സംഘം തീപിടിത്തമുണ്ടായ ഭാഗത്തെ വാര്‍ഡുകളില്‍ നിന്ന് രോഗികളെ മറ്റൊരു ഭാഗത്തേക്ക് മാറ്റിയിരുന്നു. പൊലീസ് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയപ്പോള്‍ രണ്ടു മണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതവും പ്രയാസത്തിലായി.

രക്ഷാപ്രവര്‍ത്തന സമയത്ത് ഇതുവഴി വലിയ വാഹനങ്ങള്‍ കടന്നുപോകുന്നത് പൊലീസ് നിയന്ത്രിക്കുകയായിരുന്നു. ഇതോടെ വയനാട്, ബാലുശ്ശേരി ഭാഗത്തു നിന്നുള്ള ബസുകള്‍ ഉള്‍പ്പെടെ ബൈപ്പാസ് വഴിയാണ് കടത്തി വിട്ടത്.
ഫയര്‍ഫോഴ്‌സിന്റെ സമയോജിതമായ ഇടപെടലില്ലായിരുന്നുവെങ്കില്‍ വലിയ അപകടങ്ങള്‍ ഉണ്ടാവുമായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.

- Advertisement -
Ad image

ബീച്ച് സ്റ്റേഷന്‍ ഓഫീസര്‍ പി സതീഷിന്റെ നേതൃത്വത്തില്‍ ബീച്ച് സ്റ്റേഷനിലെ നാലും മീഞ്ചന്തയില്‍ നിന്ന് ഒന്നും അഗ്‌നി രക്ഷാസംഘങ്ങളെത്തിയാണ് തീയണച്ചത്.
കണ്ണങ്കണ്ടി ഇ സ്റ്റോറിലെ ടി വിയും ഫ്രിഡ്ജുമടക്കമുള്ള സാധനങ്ങളുടെ കടലാസു പെട്ടികളും തെര്‍മോകോളുമടക്കം സൂക്ഷിച്ച ഗോഡൗണാണിത്. തീപിടിത്തത്തില്‍ കാര്യമായ നാശനഷ്ടങ്ങളിലെന്ന് അഗ്‌നിരക്ഷ സേന അറിയിച്ചു. മെയിന്‍ സ്വിച്ചില്‍ നിന്നാണോ തീ പടര്‍ന്നതെന്ന് പരിശോധിക്കും. എന്നാല്‍ ഇവിടെ വൈദ്യുതി കണക്ഷനില്ലെന്ന് കണ്ണങ്കണ്ടി ഗ്രൂപ്പ് മാനേജര്‍ ഹരീഷ് കുമാര്‍ പറഞ്ഞു.

കണ്ണങ്കണ്ടി ഇ സ്റ്റോറില്‍ പ്രദര്‍ശനത്തിന് വെക്കുന്ന ഗൃഹോപകരണങ്ങളുടെ പാക്കിംഗ് സാധനങ്ങള്‍ സൂക്ഷിക്കുന്ന മുറിയാണിത്. ഏതാണ്ട് ആയിരം സ്‌ക്വയര്‍ ഫീറ്റ് വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ടൗണ്‍ പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ പി ബിജുരാജ്, സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ എ ഉമേഷ്, എല്‍ ആര്‍ തഹസില്‍ദാര്‍ സി ശ്രീകുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ ഗായത്രി എന്നിവരും സ്ഥലത്തെത്തിയിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കാപ്പാട് സ്വദേശികളായ മുഹമ്മദലി, ഹുസൈന്‍, അബ്ദുല്‍ റഷീദ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം

Share This Article
Leave a Comment
error: Content is protected !!