

മക്ക: ഹജ്ജ് ആരംഭിക്കുന്നതിന് മുന്നോടിയായി സൗദി അറേബ്യയുടെ വിശുദ്ധ നഗരമായ മക്കയിലേക്ക് തീര്‍ഥാടകര്‍ ഒഴുകുന്നു.

ചൊവ്വാഴ്ചയോടെ ഒന്നര ദശലക്ഷത്തിലധികം വിദേശ തീര്‍ഥാടകര്‍ രാജ്യത്ത് എത്തിയതായി സൗദി അധികൃതര്‍ പറയുന്നു. ഭൂരിഭാഗവും വിമാനമാര്‍ഗമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയത്. ഇനിയും കൂടുതല്‍ പേര് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹജ്ജ് തീര്‍ഥാടനം വെള്ളിയാഴ്ച ഔദ്യോഗികമായി ആരംഭിക്കുമ്പോള്‍ ലക്ഷക്കണക്കിന് സൗദികളും സൗദി അറേബ്യയില്‍ താമസിക്കുന്ന മറ്റുള്ളവരും അവരോടൊപ്പം ചേരും.
കഴിഞ്ഞ വര്‍ഷത്തെ 1.8 ദശലക്ഷം തീര്‍ഥാടകരില്‍ നിന്നും എണ്ണം കവിയുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. കോവിഡിന് മുമ്പുള്ള നിലവാരത്തിലേക്ക് തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കും. 2019ല്‍ 2.4 ദശലക്ഷത്തിലധികം തീര്‍ഥാടകരാണ് ഹജ്ജിനെത്തിയത്.
വെസ്റ്റ് ബാങ്കില്‍ നിന്നും ഈ മാസം ആദ്യം മക്കയില്‍ 4,200 ഫലസ്തീനികള്‍ തീര്‍ഥാടകര്‍ എത്തിയതായി ഫലസ്തീന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. ഗാസ മുനമ്പിലെ ഫലസ്തീനികള്‍ക്ക് ഈ വര്‍ഷം യുദ്ധത്തെ തുടര്‍ന്ന് ഹജ്ജിനായി സൗദി അറേബ്യയിലേക്ക് പോകാന്‍ കഴിഞ്ഞില്ല.

