

ദോഹ: ഖത്തറിലെ അസാധാരണമായ വിനോദസഞ്ചാര അനുഭവങ്ങള്‍ സ്ഥിരമായി പ്രദാനം ചെയ്യുന്ന സംഘടനകളെയും വ്യക്തികളെയും ആദരിക്കുന്ന ഖത്തര്‍ ടൂറിസം അവാര്‍ഡുകളുടെ രണ്ടാം പതിപ്പിനായി ഏഴംഗ ജൂറി പാനല്‍ ഖത്തര്‍ ടൂറിസം പുറത്തിറക്കി.

സേവന മികവ്, ഗാസ്‌ട്രോണമിക് അനുഭവങ്ങള്‍, ഐക്കണിക് ആകര്‍ഷണങ്ങളും പ്രവര്‍ത്തനങ്ങളും, ലോകോത്തര ഇവന്റുകള്‍, ഡിജിറ്റല്‍ കാല്‍പ്പാടുകള്‍, സ്മാര്‍ട്ട്, സുസ്ഥിര ടൂറിസം, കമ്മ്യൂണിറ്റി ലീഡര്‍ഷിപ്പ് എന്നിങ്ങനെ ഏഴ് പ്രാഥമിക വിഭാഗങ്ങളില്‍ മികവ് പുലര്‍ത്തുന്ന ടൂറിസം ബിസിനസുകളെ വിലയിരുത്തുന്നത് പാനലിന്റെ സൂക്ഷ്മമായ ചുമതലയില്‍ ഉള്‍പ്പെടുന്നു. ഓരോ വിഭാഗവും സന്ദര്‍ശകന്റെയും താമസ അനുഭവത്തിന്റെയും വ്യത്യസ്ത വശങ്ങള്‍ ഊന്നിപ്പറയുന്നു.

ടെന്‍എക്‌സ് വെഞ്ചേഴ്‌സ് ചെയര്‍ ശൈഖ അല്‍ അനൗദ് അല്‍ താനി, അല്‍ വാബ് സിറ്റി സിഇഒ അബ്ദുല്ല അല്‍-മെഹ്ഷാദി, ഇന്നൊവേഷന്‍ വിദഗ്ധന്‍ റംസാന്‍ അല്‍ നഈമി, ഖത്തര്‍ സര്‍വകലാശാലയിലെ കോളേജ് ഓഫ് ബിസിനസ് ആന്‍ഡ് ഇക്കണോമിക്സ് ഡീന്‍ പ്രൊഫ. റാണ അല്‍ സോബ്, ഖത്തര്‍ മ്യൂസിയത്തിന്റെ സാംസ്‌കാരിക വര്‍ഷ പരിപാടിയുടെ പ്രതിനിധിയും മാധ്യമ പ്രവര്‍ത്തകനുമായ അലി ബിന്‍ തോവര്‍ അല്‍-കുവാരി, ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍ അംഗമായ സ്പോര്‍ട് ആക്സിലറേറ്റര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അസം അബ്ദുല്‍ അസീസ് അല്‍ മന്നായ്, യു ന്‍ ടൂറിസം ടെക്നിക്കല്‍ കോ-ഓപ്പറേഷന്‍ ആന്‍ഡ് സില്‍ക്ക് റോഡ് ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ മാര്‍സെല്‍ ലെയ്സര്‍ എന്നിവരാണ് ജൂറി അംഗങ്ങള്‍.
