ചാലക്കുടി, അങ്കമാലി, ആലുവ സ്‌റ്റേഷനുകളില്‍ കൂടുതല്‍ തീവണ്ടികള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കണമെന്ന് ബെന്നി ബെഹനാന്‍ എം പി

Web Desk
1 Min Read

ന്യൂഡല്‍ഹി: ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളായ അങ്കമാലി, ചാലക്കുടി, ആലുവ എന്നിവിടങ്ങളില്‍ കൂടുതല്‍ തീവണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന് നല്‍കിയ നിവേദനത്തില്‍ ബെന്നി ബഹനാന്‍ എം പി ആവശ്യപ്പെട്ടു. ഇതേ വിഷയം പാര്‍ലമെന്റില്‍ ചട്ടം 377 പ്രകാരവും അദ്ദേഹം സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു.

city exchange

കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഏറ്റവും അടുത്തുള്ള അങ്കമാലി, ചാലക്കുടി, ആലുവ റെയില്‍വേ സ്റ്റേഷനുകളുടെ സേവനം പ്രതിവര്‍ഷം ഒരു കോടിയിലധികം യാത്രക്കാര്‍ക്കാണ് ഗുണം ചെയ്യുന്നത്. അതില്‍ 36.95 ലക്ഷം അന്താരാഷ്ട്ര യാത്രക്കാരും ഉള്‍പ്പെടുന്നതായും എം പി ചൂണ്ടിക്കാട്ടി.

അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ പാലരുവി എക്‌സ്പ്രസ്സ്, ധന്‍ബാദ് എക്‌സ്പ്രസ്സ്, ഏറനാട് എക്‌സ്പ്രസ്സ്, രാജ്യറാണി എക്‌സ്പ്രസ്സ്, അമൃത എക്‌സ്പ്രസ്സ്, നേത്രാവതി എക്‌സ്പ്രസ്സ് എന്നീ ട്രെയിനുകള്‍ക്കാണ് അടിയന്തിരമായി സ്റ്റോപ്പ് അനുവദിക്കേണ്ടത്. ഒപ്പം ചാലക്കുടി, ആലുവ റയില്‍വേ സ്റ്റേഷനുകളില്‍ ഇവയ്ക്ക് പുറമെ ചെന്നൈ മെയിലിന്റെ സ്റ്റോപ്പിന്റെ ആവശ്യകതയെക്കുറിച്ചും എം പി മന്ത്രിയെ ധരിപ്പിച്ചു.

കൂടാതെ നിര്‍മ്മാണം പുരോഗമിക്കുന്ന അങ്ങാടിക്കടവ് അടിപ്പാതയുടെ പണികള്‍ വേഗത്തിലാക്കണമെന്നും ഇരുവശങ്ങളിലും സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും എം പി മന്ത്രിക്ക് നല്‍കിയ നിവേദത്തില്‍ ആവശ്യപ്പെട്ടു.

- Advertisement -
Ad image

അങ്കമാലി നഗരസഭയെയും സമീപ പഞ്ചായത്തുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ അങ്കമാലി- കൊടുശ്ശേരി- വട്ടപ്പറമ്പ് റോഡിലെ അങ്ങാടിക്കടവ് ലെവല്‍ ക്രോസില്‍ അനുഭവപ്പെടുന്ന ഗതാഗത ക്കുരുക്ക് ഒഴിവാക്കുന്നതിനായി അടിപ്പാത നിര്‍മ്മിക്കണമെന്ന പ്രദേശവാസികളുടെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് റെയില്‍വേ ഇവിടെ അടിപ്പാതയ്ക്ക് അനുമതി നല്‍കിയത്. എന്നാല്‍ അടിപ്പാതയില്‍ കൂടെയുള്ള ഗതാഗതം സുഗമമാകുന്നതിന് ഇരുവശങ്ങളിലും സംരക്ഷണ ഭിത്തി നിര്‍മിക്കേണ്ടത് അനിവാര്യമാണെന്ന് എം പി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

Share This Article
Leave a Comment
error: Content is protected !!