

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തന ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ മാസമായി 2024 ജൂലൈ രേഖപ്പെടുത്തി. 4.73 ദശലക്ഷം യാത്രക്കാരാണ് ജൂലൈ മാസത്തില്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ഉപയോഗപ്പെടുത്തിയത്.

മുന്‍വര്‍ഷത്തെ ജൂലൈ മാസത്തെ അപേക്ഷിച്ച് 10.2 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. പ്രമുഖ ആഗോള വ്യോമയാന കേന്ദ്രമെന്ന നിലയില്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പദവി ഉറപ്പിക്കുന്നതാണിത്.

യാത്രക്കാരുടെ എണ്ണത്തിലെ ഈ കുതിച്ചുചാട്ടത്തിന് നിരവധി പ്രധാന ഘടകങ്ങള്‍ കാരണമായിട്ടുണ്ടാകുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്. വേനല്‍ക്കാല യാത്രാ സീസണില്‍ യാത്രക്കാരുടെ വര്‍ധനവ് കൈകാര്യം ചെയ്യാന്‍ വിമാനത്താവളത്തിലെ എയര്‍ലൈന്‍ പങ്കാളികള്‍ അവരുടെ ഫ്‌ളൈറ്റ് ഫ്രീക്വന്‍സികള്‍ വര്‍ധിപ്പിച്ചത് പ്രധാന കാരണമാണ്.
ദേശീയ വിമാനക്കമ്പനിയായ ഖത്തര്‍ എയര്‍വേയ്സ് ലക്ഷ്യസ്ഥാനങ്ങളുടെ ശൃംഖല വിപുലീകരിക്കുകയും സീസണല്‍ വേനല്‍ക്കാല ഓപ്പറേഷനുകള്‍ അവതരിപ്പിക്കുകയും ചെയ്തു. ഇത് വിമാനത്താവളത്തിന്റെ കണക്റ്റിവിറ്റി കൂടുതല്‍ മെച്ചപ്പെടുത്തി. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൊത്തം വിമാനങ്ങളുടെ സഞ്ചാരം ജൂലൈയില്‍ 3.9 ശതമാനമാണ് വര്‍ധിച്ചത്.
ഫുള്‍ ഫ്‌ളൈറ്റുകള്‍ എത്രയാണെന്ന് അളക്കുന്ന ലോഡ് ഫാക്ടര്‍ 82.8 ശതമാനമാണ്. ഇത് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന ഫ്‌ളൈറ്റുകളുടെ ഉയര്‍ന്ന ഒക്യുപ്പന്‍സി നിരക്കാണ് സൂചിപ്പിക്കുന്നത്.
2024 ജനുവരിയില്‍ ഹമദ് അന്താരാരഷ്ട്ര വിമാനത്താവളം 4.5 ദശലക്ഷം യാത്രക്കാര്‍ക്ക് സേവനം നല്‍കിയതാണ് ഇതിനു മുമ്പുള്ള ഏറ്റവും തിരക്കേറിയ മാസമെന്ന റെക്കോര്‍ഡ്.
ജൂലൈയിലെ പ്രധാന ലക്ഷ്യസ്ഥാനങ്ങള്‍ ലണ്ടന്‍, ബാങ്കോക്ക്, ദുബായ്, റിയാദ്, ജിദ്ദ എന്നിവയും മുന്‍നിര രാജ്യങ്ങള്‍ ഇന്ത്യ, യു എസ് എ, യു കെ, സൗദി അറേബ്യ, യു എ ഇ എന്നിവയുമായിരുന്നു.

