

ദോഹ: ഖത്തറിലെ ഇന്‍കാസ് ഗ്രൂപ്പ് വഴക്കുകള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് രമ്യമായി പരിഹരിക്കാന്‍ സാധ്യത. പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഇരുവിഭാഗം നേതാക്കളുമായി ചര്‍ച്ച നടത്തിയാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് ഒന്നായി നീങ്ങാന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം ഖത്തറിലെത്തിയ പ്രതിപക്ഷ നേതാവ് ഇരുവിഭാഗം നേതാക്കളേയും നേരില്‍ കണ്ട് ചര്‍ച്ചകള്‍ നടത്തുകയായിരുന്നു.


ഇരു ഗ്രൂപ്പുകളുടേയും നേതാക്കളെ വി ഡി സതീശന് വെവ്വേറെ വിളിച്ചാണ് ചര്‍ച്ചകള്‍ നടത്തിയതെന്നാണ് വിവരം. ഖത്തറിലെ ഇന്‍കാസ് വിഷയത്തില്‍ ഏറെ ഖേദമുണ്ടെന്നും രണ്ടായി പ്രവര്‍ത്തിക്കുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളെ ഏറെ ബാധിക്കുന്നുണ്ടെന്നും വി ഡി സതീശന് ഇരു വിഭാഗം നേതാക്കളേയും ബോധ്യപ്പെടുത്തി. ഒന്നിച്ചു പോകുന്നതിന് പാര്‍ട്ടി എന്ന നിലയില്‍ എല്ലാ സഹായങ്ങളും കേരളത്തില്‍ നിന്നും നല്‍കുമെന്നും വി ഡി സതീശന് പറഞ്ഞു. അടുത്ത തവണ താന്‍ ഖത്തറില്‍ വരുന്നത് ഇരു ഗ്രൂപ്പുകളും ഒന്നിച്ചുള്ള പരിപാടിക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


സ്വകാര്യ പരിപാടിക്ക് ഖത്തറിലെത്തിയതായിരുന്നു വി ഡി സതീശന്. അതിനിടയിലാണ് സംഘടനാ പ്രശ്നം പരിഹരിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തിയത്.
ഇന്‍കാസിലെ പ്രശ്നപരിഹാരത്തിന് വഴി തുറക്കുന്ന ചര്‍ച്ചകള്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് നടത്തിയല്ലോ എന്ന ചോദ്യത്തിന് അനുകൂലമായ മറുപടിയാണ് ഇന്‍കാസ് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ ആഗോളവാര്ത്തയ്ക്ക് നല്‍കിയത്.

