

തൃശൂര്‍: പതിനാറാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ ജീവിച്ച് ഇംഗ്ലീഷിലെഴുതിയ ഷേക്സ്പിയര് ലോകാരാധ്യനായതും ഇംഗ്ലീഷ് ഭാഷയുടെ ഏറ്റവും വലിയ സ്വാധീനശക്തിയായതും ഇംഗ്ലീഷിലെഴുതിയതുകൊണ്ടല്ലെന്നും മറിച്ച് ലോകാനുഭവങ്ങളെ തന്റെ രചനകളിലൂടെ സ്വാംശീകരിച്ചതുകൊണ്ടാണെന്നും എഴുത്തുകാരന് സുഭാഷ്ചന്ദ്രന് പറഞ്ഞു. പെരുവനം അന്താരാഷ്ട്ര ഗ്രാമോത്സവത്തിന്റെ സമാപനച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കോമഡി ഓഫ് എറേഴ്സിന്റെ പശ്ചാത്തലം ടര്ക്കിയാണെങ്കില് റോമിയോ ആന്‍ഡ് ജൂലിയറ്റ്, മര്‍ച്ചന്റ് ഓഫ് വെനീസ്, ഒഥെല്ലോ എന്നിവയുടെ പശ്ചാത്തലം ഇറ്റലിയും ആന്റണി ആന്‍ഡ് ക്ലിയോപാട്രയുടെ പശ്ചാത്തലം ഈജിപ്തും ടെംപസ്റ്റിന്റേത് വിദൂരമായ ഒരു സമുദ്ര ദ്വീപുമായിരുന്നു. അഥവാ ഒന്നിന്റേയും പശ്ചാത്തലം ഇംഗ്ലണ്ടായിരുന്നില്ല. ഇതാണ് അദ്ദേഹത്തെ ലോകാരാധ്യനാക്കിയത്.

ഇന്ന് ലോകത്തിലെ ചെറിയ ഭാഷകളും ചെറിയ പ്രദേശങ്ങളും ഇത്തരം ലോകാനുഭവങ്ങള്‍ സ്വാംശീകരിച്ച് ഇങ്ങനെ സടകുടഞ്ഞ് എഴുന്നേല്‍ക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പെരുവനം ഗ്രാമോത്സവം ആ ഉയര്ത്തെഴുന്നേല്പ്പന്റെ ഭാഗമാണ്. കേരളത്തിലെ ഇതുള്‍പ്പെടെയുള്ള പത്തോളം സാഹിത്യേത്സവങ്ങളെ പി എച്ച് ഡി ഗവേഷണ വിഷയമാക്കിയ ഒരു ചെറുപ്പക്കാരനെ ഈയിടെ പരിചയപ്പെട്ട കാര്യവും സുഭാഷ്ചന്ദ്രന് ഓര്‍മിച്ചു. ഭുമീദേവിയുടെ മുഖ്യപ്രതിഷ്ഠയായ പെരുവനം ഭഗവതി ക്ഷേത്രത്തോടു ചേര്‍ന്നാണ് ഗ്രാമോത്സവവേദിയെന്നതും ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു. ഗ്ലോബലും ലോക്കലും ചേര്‍ന്ന ഗ്ലോക്കല്‍ എന്ന ആധുനികസംജ്ഞയെ നൂറ്റാണ്ടുകള്‍ക്കു മുമ്പേ ഭൂമീദേവീ പ്രതിഷ്ഠയിലൂടെ സാക്ഷാത്കരിച്ച പാരമ്പര്യമാണ് പെരുവനത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ എഴുത്തുകാര്‍ ഇന്ന് തുടരെത്തുടരെ വലിയ സാഹിത്യപുരസ്കാരങ്ങള്‍ക്ക് അര്‍ഹരാവുന്നു. ജെസിബി പുരസ്കാരം ഇന്ന് മലയാള പുരസ്കാരം എന്നാണ് അറിയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

