

ദോഹ: ആഗോള ഇസ്#ലാമിക പണ്ഡിതന്‍ ഡോ. യൂസുഫുല്‍ ഖറദാവി അന്തരിച്ചു. 96 വയസ്സായിരുന്നു. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് മുസ്#ലിം സ്‌കോളേഴ്‌സ് സ്ഥാപകനായിരുന്നു.

യൂസുഫുല്‍ ഖറദാവിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മരണവിവരം അറിയിച്ചത്.

1926 സെപ്തംബര്‍ ഒന്‍പതിന് ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയില്‍ സിഫ്ത് തുറാബ് ഗ്രാമത്തില്‍ ജനിച്ച അദ്ദേഹം സാമ്രാജ്യത്വത്തിനും ഏകാധിപത്യത്തിനും ഏതിരായ നിലപാടുകള്‍ സ്വീകരിച്ച് ഏറെ ശ്രദ്ധേയനായിരുന്നു.
രണ്ടാം വയസ്സില്‍ പിതാവ് മരിച്ചതിനെ തുടര്‍ന്ന് അമ്മാവന്റെ സംരക്ഷണത്തില്‍ വളര്‍ന്ന അദ്ദേഹം ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയിരുന്നു. പ്രൈമറി, സെക്കന്ററി വിദ്യാഭ്യാസം അല്‍അസ്ഹറിലായിരുന്നു. ജയില്‍ വാസമനുഭവിക്കേണ്ടിവന്നിട്ടും രണ്ടാം റാങ്കോടെ സെക്കന്ററി പൂര്‍ത്തിയാക്കി. തുടര്‍ന്ന് അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉസ്വൂലുദ്ദീന്‍ കോളജില്‍ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1952-53ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960ല്‍ ഖുര്‍ആനും നബിചര്യയും എന്ന വിഷയത്തില്‍ മാസ്റ്റര്‍ ബിരുദവും 1973-ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി.
കൗമാര പ്രായത്തില്‍ തന്നെ ഈജിപ്തിലെ ഇമാം ഹസനുല്‍ ബന്നാ ശഹീദിന്റെ പ്രസ്ഥാനമായ മുസ്ലിം ബ്രദര്‍ഹുഡില്‍ (അല്‍ഇഖ്വാനുല്‍ മുസ്ലിമൂന്‍) ആകൃഷ്ടനായ അദ്ദേഹത്തെ നിരവധി തവണ ഈജിപ്ത് ഭരണകൂടം തടവിലിട്ടിട്ടുണ്ട്. 1949, ’54, ’56 കാലങ്ങളില്‍ ജയില്‍വാസമനുഷ്ഠിച്ചു. തന്റെ വെള്ളിയാഴ്ച പ്രഭാഷണങ്ങള്‍ ആശയപ്രചരണത്തിനുള്ള വേദിയായി അദ്ദേഹം ഉപയോഗപ്പെടുത്തിയിരുന്നു. ഫലസ്തീന്‍ വിമോചന പോരാട്ടത്തിന് അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവുമാണ് നല്കുന്നത്.
സമകാലിക അറബ് ലോകത്ത് സയണിസ്റ്റ് വിരുദ്ധ വികാരം വളര്‍ത്തുന്നതില്‍ അദ്ദേഹത്തിന് വലിയ സ്വാധീനമുണ്ട്. വര്‍ത്തമാന ഇസ്ലാമിക ലോകത്തെ മധ്യമനിലപാടിന്റെ മുന്നണിപ്പോരാളിയായ അദ്ദേഹം പക്ഷേ ഭരണാധികാരികള്‍ക്ക് സ്തുതിഗീതമോതാന്‍ ഒരിക്കലും തയ്യാറായില്ല. അറബ് മുസ്ലിം നാടുകളിലെ രാഷ്ട്രീയ, ഭരണ പരിഷ്‌കരണങ്ങള്‍ക്കായി നിരന്തരം ശബ്ദമുയര്‍ത്തുന്ന അദ്ദേഹം ഇസ്ലാമിക ജനാധിപത്യം എന്ന ബദല്‍ വ്യവസ്ഥ മുന്നോട്ടുവെക്കുന്നു. സമഗ്ര ഇസ്ലാമിക വ്യവസ്ഥയെ കാലികമായി സമര്‍പ്പിച്ചു. മുസ്ലിം ഐക്യത്തിന്റെ ശക്തനായ വക്താവായ ഖറദാവി സുന്നി, ശീഈ, ഇബാദിയ്യ:, സൈദിയ്യ: തുടങ്ങിയ ഇസ്ലാമിക ചിന്താധാരകള്‍ക്കിടയില്‍ സംവാദപരിപാടികള്‍ക്ക് മുന്‍കൈയെടുത്തിരുന്നു. ആധുനിക ലോകത്ത് ബഹുമത സംവാദത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്യുന്നു.
സര്‍വമതനിന്ദക്കെതിരായ അദ്ദേഹത്തിന്റെ നിലപാടുകള്‍ ശ്രദ്ധേയമാണ്. കേരളത്തില്‍ രണ്ടു തവണ സന്ദര്‍ശനം നടത്തിയിട്ടുള്ള ഖറദാവിക്ക് വിവിധ രാജ്യങ്ങളില്‍ പരന്നുകിടക്കുന്ന നിരവധി ശിഷ്യന്‍മാര്‍ അദ്ദേഹത്തിനുണ്ട്.
ഈജിപ്റ്റിലെ ഹുസ്‌നി മുബാറക്ക് ഭരണകൂടം യൂസുഫുല്‍ ഖറദാവിക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയിരുന്നെങ്കിലും അറബ് വിപ്ലവത്തിന്റെ ഭാഗമായി തഹ്രീര്‍ സ്‌ക്വയറില്‍ 2011 ഫെബ്രുവരി 18ന് വെള്ളിയാഴ്ച ജുമുഅ പ്രഭാഷണത്തിലൂടെ അദ്ദേഹം തിരികെ ഈജിപ്തിലെത്തി.
ഏറെക്കാലം ഈജിപ്തില്‍ മതകാര്യ വകുപ്പ് ഉദ്യോഗസ്ഥനായും അസ്ഹറിലെ സാംസ്‌കാരിക വകുപ്പിന്റെ പ്രസിദ്ധീകരണ വിഭാഗം മേധാവിയായും സേവനമനുഷ്ഠിച്ചു. 1961ല്‍ ഖത്തറില്‍ സ്ഥിരതാമസമാക്കിയ ശേഷം ഖത്തര്‍ സെക്കന്ററി റിലീജ്യസ് ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവിയായി. 1973ല്‍ ഖത്തര്‍ യൂണിവേഴ്‌സിറ്റിയില്‍ ഇസ്ലാമിക് സ്റ്റ്ഡീസ് ഫാക്കല്‍റ്റിക്ക് രൂപം നല്‍കുകയും അതിന്റെ ഡീന്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്തു. 1977ല്‍ ഖത്തര്‍ യൂണിവേഴ്‌സിറ്റിയില്‍ ശരീഅ: ആന്റ് ഇസ്ലാമിക് സ്റ്റഡീസ് കോളജ് ആരംഭിക്കുകയും 1989-90 വരെ അതിന്റെ ഡീന്‍ ആയി തുടരുകയും ചെയ്തു. യൂണിവേഴ്‌സിറ്റിയിലെ പ്രവാചകചര്യ ഗവേഷണ കേന്ദ്രത്തിന്റെ തലവനായിരുന്നു.
1990-91ല്‍ അല്‍ജീരിയന്‍ യൂണിവേഴ്‌സിറ്റികളില്‍ നേതൃസ്ഥനങ്ങള്‍ വഹിച്ചു. 1961ല്‍ ദോഹയിലെത്തിയതു മുതല്‍ ദോഹ ഉമര്‍ ബിന്‍ ഖത്താബ് പള്ളിയില്‍ ജുമുഅ ഖുതുബ നടത്തിയിരുന്നു. ഖത്തര്‍ ടെലിവിഷന്‍ ചാനല്‍ തല്‍സമയ സംപ്രേഷണം നടത്തുന്ന ഖറദാവിയുടെ പരിപാടിക്ക് അറബ് ലോകത്ത് നിരവധി ശ്രോതാക്കളുണ്ട്. സമകാലിക ഇസ്ലാമിക സമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ മുസ്ലിം ലോകത്തിന്റെ തന്നെ നിലപാടെന്ന നിലയ്ക്കാണ് വിലയിരുത്തപ്പെടാറുള്ളത്. അല്‍ജസീറ ചാനലില്‍ അവതരിപ്പിക്കുന്ന ശരീഅത്തും ജീവിതവും പരിപാടി അറബ് ലോകത്തെ ഏറ്റവും പ്രേക്ഷകരുള്ള ടെലിവിഷന്‍ പരിപാടികളിലൊന്നാണ്.
1973-ല്‍ ഇസ്ലാമിക വിജ്ഞാനീയങ്ങളില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. അല്‍-അമീര്‍ അബ്ദുല്‍ ഖാദിര്‍ യൂണിവേഴ്‌സിറ്റിയില്‍ അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ പദവി അടക്കം ഒട്ടേറെ വിദ്യാഭ്യാസ പരിഷ്‌കരണ സമിതികളില്‍ അംഗമായിരുന്നു. നൂറിലേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. ഈ ഗ്രന്ഥങ്ങള്‍ മലയാളമടക്കം നിരവധി ലോക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നിരവധി പ്രഭാഷണങ്ങളും പുസ്തക രൂപത്തില്‍ ലഭ്യമാണ്. ഫിഖ്ഹുസ്സകാത്ത് (സകാത്തിന്റെ കര്‍മശാസ്ത്രം) എന്ന ഗ്രന്ഥം സകാത്ത് വ്യവസ്ഥയെ കുറിച്ച് നിലവിലുള്ള ഏറ്റവും ആധികാരിക രചനയാണ് എന്ന് വിശ്വസിക്കപ്പെടുന്നു.
മലയാളത്തില്‍ ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് (ഐ പി എച്ച്) കോഴിക്കോട് ഖറദാവിയുടെ അനേകം പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശ്വാസവും ജീവിതവും, തവക്കുല്‍ (ഭരമേല്‍പ്പിക്കല്‍), സഹനം, പ്രബോധകന്റെ സംസ്‌കാരം, സമയം വിശ്വാസിയുടെ ജീവിതത്തില്‍, ആഗോളവല്‍കരണവും മുസ്ലിംകളും, ഇസ്ലാമിക ശരീഅത്ത്- തത്വവും പ്രയോഗവും, ഇസ്ലാമും കലയും, മതതീവ്രവാദം, മുസ്ലിം ഐക്യം സാധുതയും സാധ്യതയും, വിധിവിലക്കുകള്‍, ഖറദാവിയുടെ ഫത്വകള്‍ ഭാഗം 1, 2 എന്നിവ അവയില്‍ ചിലതാണ്.
കേരളത്തില്‍ രണ്ട് തവണ യുസുഫുല്‍ ഖറദാവി സന്ദര്‍ശനം നടത്തി. ജമാഅത്തെ ഇസ്ലാമിക്ക് കീഴിലെ വിദ്യാഭ്യാസ സ്ഥാപനമായ ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ്യയുടെ പ്രഖ്യാപനത്തിനായിരുന്നു ഒടുവില്‍ കേരളത്തിലെത്തിയത്. ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ്യയുടെ ഉപദേശക സമിതി ചെയര്‍മാനും കൂടിയാണ് ഖറദാവി.
2004ല്‍ ഇസ്ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ചു.

