Connect with us

Community

എംപവറിങ് വിത്ത് ലൗ ജനുവരിയില്‍ ദുബൈയില്‍; ഖത്തറിന് സല്യൂട്ടെന്ന് മുതുകാട്

Published

on


ദുബൈ: ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ എംപവറിങ് വിത്ത് ലൗ പരിപാടി സംഘടിപ്പിക്കുന്നു. യു എ ഇയിലെ ബിസിനസ് സംരംഭകരുടെ കൂട്ടായ്മയായ ഐ പി എയാണ് ഭിന്നശേഷിക്കാരായ കലാകാരന്‍മാരെ അണിനിരത്തി് ജനുവരിയില്‍ ദുബൈയില്‍ പരിപാടി സംഘടിപ്പിക്കുക. ജനുവരി 14ന് ദുബൈ ഊദ്മേത്ത ശൈഖ് റാഷിദ് ഓഡിറ്റോറിയത്തില്‍ ഒരുക്കുന്ന ‘എംപവറിംങ് വിത്ത് ലൗ’എന്ന പരിപാടിയില്‍ ഭിന്നശേഷിക്കാരടക്കം 33 കുട്ടികള്‍ കലാപ്രകടനങ്ങള്‍ അവതരിപ്പിക്കും.

തിരുവനന്തപുരം മാജിക് അക്കാദമിയുടെ നേതൃത്വത്തിലുള്ള ഡിഫറന്റ് ആര്‍ട്ട് സെന്ററിലെ കുട്ടികളാണ് പരിപാടികള്‍ അവതരിപ്പിക്കുക. ഭിന്നശേഷിക്കാരനായ ഗാനിം അല്‍ മുഫ്താഹിനെ ലോകകപ്പ് ഉദ്ഘാടന വേദിയിലെത്തിച്ച ഖത്തറിന്റെ നടപടി ലോകോത്തര മാതൃകയാണെന്ന് മജീഷ്യന്‍ ഗോപിനാഥ് മുതുകാട് പറഞ്ഞു. തീരുമാനത്തിന് ഖത്തറിനെ സല്യൂട്ട് ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ഡൗണ്‍സിന്‍ഡ്രോം, മാനസിക വെല്ലുവിളി നേരിടുന്നവര്‍, കാഴ്ച, കേള്‍വി, അംഗ പരിമിതര്‍ തുടങ്ങിയ പരിമിതികളുള്ള കുട്ടികളാണ് കലാ സംഘത്തിലുള്ളതെന്ന് മുതുകാട് പറഞ്ഞു. മാജിക് ഷോ, നൃത്തം, സംഗീതം തുടങ്ങിയ വിവിധ പരിപാടികള്‍ നടക്കുമെന്ന് ഐ പി എ സ്ഥാപകന്‍ എ കെ ഫൈസലും ചെയര്‍മാന്‍ വി കെ ശംസുദ്ദീനും പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ എ കെ ഫൈസല്‍, വി കെ ശംസുദ്ദീന്‍, പ്രഫ. ഗോപിനാഥ് മുതുകാട്, പ്രോഗ്രാം കോഡിനേറ്റര്‍ സി എ തങ്കച്ചന്‍ മണ്ഡപത്തില്‍, മുനീര്‍ അല്‍ വഫ, സ്പോണ്‍സര്‍മാര്‍ പങ്കെടുത്തു.


error: Content is protected !!