

അമ്മാന്: സന്ദര്ശക വിസയില് ജോര്ദാനിലെത്തി അനധികൃതമായി ഇസ്രായേലിലേക്ക് കടക്കാന് ശ്രമിച്ച മലയാളിക്ക് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന ഒരാള്ക്ക് കാലിന് പരിക്കേല്ക്കുകയും മറ്റു രണ്ടുപേര് ഇസ്രായേല് ജയിലിലാവുകയും ചെയ്തു.

തിരുവനന്തപുരം തുമ്പ സ്വദേശി തോമസ് ഗബ്രിയേല് പെരേരയാണ് അനധികൃതമായി അതിര്ത്തി കടക്കാന് ശ്രമിക്കവെ ജോര്ദാന് പട്ടാളത്തിന്റെ വെടിയേറ്റ് മരിച്ചത്. തോമസിനൊപ്പം ഇസ്രയേലിലേക്ക് കടക്കാന് ശ്രമിച്ച മേനംകുളം സ്വദേശി എഡിസണ് കാലിന് വെടിയേറ്റു. ജോര്ദാനില് ചികിത്സയ്ക്ക് ശേഷം ഇന്ത്യയിലേക്ക് കയറ്റിവിട്ട എഡിസണ് പറഞ്ഞാണ് തോമസ് മരിച്ച വിവരം നാട്ടില് അറിഞ്ഞത്. തോമസിന്റെ തലക്കാണ് വെടിയേറ്റത്.

തോമസ് ഗബ്രിയേലിന്റെ മരണവുമായി ബന്ധപ്പെട്ട് ജോര്ദാനിലെ ഇന്ത്യന് എംബസിയില് നിന്നും കുടുംബത്തിന് ഇ-മെയില് സന്ദേശം അയച്ചിരുന്നെങ്കിലും അവരുടെ ശ്രദ്ധയില്പ്പെട്ടില്ല. ചികിത്സയ്ക്ക് ശേഷം എഡിസണ് നാട്ടിലെത്തിയപ്പോഴാണ് കുടുംബാംഗങ്ങള് വിവരം അറിഞ്ഞത്.
നാലംഗ സംഘം അനധികൃതമായി ഇസ്രയേലിലേക്ക് കടക്കുന്നത് തടയാന് ജോര്ദാന് സൈന്യം ശ്രമിച്ചപ്പോള് ഇവര് പാറക്കെട്ടുകള്ക്കിടയില് ഒളിച്ചതോടെ വെടിയുതിര്ക്കുകയായിരുന്നു.
സമീപവാസികളായ ഗബ്രിയേല് പെരേരയും എഡിസണും ഒന്നിച്ചാണ് ജോര്ദാനിലെത്തിയത്. ഇവരെ ഇസ്രയേലിലേക്ക് കടത്താന് ഏജന്റ് ഉണ്ടായിരുന്നെന്നാണ് വിവരം. ഇവരെക്കുറിച്ച് പൊലീസും ഇന്റലിജന്സും അന്വേഷണമാരംഭിച്ചു.
വേളാങ്കണ്ണിയില് പോകുന്നുവെന്ന് പറഞ്ഞാണ് ഗബ്രിയേല് വീട്ടില്നിന്നു പോയതെന്ന് വിവരം. ജോര്ദാനിലേക്കോ ഇസ്രയേലിലേക്കോ പോകുന്നുവെന്ന കാര്യം ഭാര്യയോടു പോലും പറഞ്ഞിട്ടുണ്ടായിരുന്നില്ലെന്നാണ് അറിയുന്നത്.

