ചരിത്രം തമസ്‌കരിക്കരുത്: കെ എ ടി എഫ്

Web Desk
2 Min Read

തിരൂര്‍: ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (എന്‍ സി എഫ്) പ്രകാരം പുതുക്കിയ എന്‍ സി ഇ ആര്‍ ടി പാഠപുസ്തകത്തില്‍ നിന്ന് മുഗള്‍ സാമ്രാജ്യത്തെയും ഡല്‍ഹി സുല്‍ത്താനേറ്റിനെയും കുറിച്ചുള്ള അധ്യായങ്ങള്‍ ഒഴിവാക്കിയ നടപടിക്കെതിരെ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (കെ എ ടി എഫ്) ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

city exchange

ചരിത്ര പഠനത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ പഠിച്ചിരുന്ന സുപ്രധാനമായ ഈ ഭാഗങ്ങള്‍ പാഠ്യപദ്ധതിയില്‍ നിന്ന് നീക്കം ചെയ്യുന്നത് ചരിത്രത്തെ തമസ്‌കരിക്കുന്നതിന് തുല്യമാണെന്ന് കെ എ ടി എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ചരിത്രത്തില്‍ നിര്‍ണ്ണായക സ്ഥാനമുള്ള മുഗള്‍ ഭരണവും ഡല്‍ഹി സുല്‍ത്താനേറ്റ് ഭരണവും രാജ്യത്തിന്റെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഈ രണ്ട് ഭരണകൂടങ്ങളെക്കുറിച്ചുമുള്ള പഠനം ഒഴിവാക്കുന്നത് വിദ്യാര്‍ഥികള്‍ക്ക് നമ്മുടെ ഭൂതകാലത്തെക്കുറിച്ച് അപൂര്‍ണ്ണമായ ധാരണ നല്‍കും.

‘നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ സുപ്രധാനമായ ഏടുകളാണ് മുഗള്‍ സാമ്രാജ്യവും ഡല്‍ഹി സുല്‍ത്താനേറ്റും. ഇവയെ പാഠ്യപദ്ധതിയില്‍ നിന്ന് ഒഴിവാക്കുന്നത് ചരിത്രത്തോടുള്ള അനീതിയാണ്. വരും തലമുറയ്ക്ക് നമ്മുടെ പൂര്‍വ്വകാലത്തെക്കുറിച്ച് ശരിയായ അറിവ് ലഭിക്കണം. ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങളെ കെ എ ടി എഫ് ശക്തമായി എതിര്‍ക്കും,’ കെ എ ടി എഫ് സംസ്ഥാന പ്രസിഡന്റ് എം ടി സൈനുല്‍ ആബിദീന്‍ പറഞ്ഞു. സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

- Advertisement -
Ad image

സീനിയര്‍ വൈസ് പ്രസിഡന്റ് മാഹിന്‍ ബാഖവി അധ്യക്ഷത വഹിച്ചു. ഈ വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി ഇടപെടണമെന്നും ഒഴിവാക്കിയ പാഠഭാഗങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും ചരിത്രത്തെ വസ്തുനിഷ്ഠമായി പഠിക്കാനുള്ള അവസരം വിദ്യാര്‍ഥികള്‍ക്ക് നിഷേധിക്കരുതെന്നും കെ എ ടി എഫ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സംസ്ഥാന ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മാടമ്പാട്ട് പ്രമേയം അവതരിപ്പിച്ചു. നൗഷാദ് കോപ്പിലാന്‍, സി പി മുഹമ്മദ് കുട്ടി, നൂറുല്‍ അമീന്‍ കെ, നൗഷാദ് മണ്ണിശേരി, അബ്ദുല്‍ റഷീദ് ഖാസിമി, മുഹമ്മദ് സജീബ്, ഷിഹാബ് പരതക്കാട്, ഷറഫുന്നിസ ടീച്ചര്‍, എസ് അഹ്മദ് ഉഖൈല്‍, മുഹമ്മദ് അജ്മല്‍, നസീര്‍ കല്ലുരാവി, അനീസ് അലി ഇടുക്കി, മുഹമ്മദ് അഷ്‌റഫ് കെ, ഹുസൈന്‍ പാറല്‍, എം പി ഫസല്‍, കെ മുഹമ്മദ് റഫീഖ്, ലത്തീഫ് മംഗലശ്ശേരി മുര്‍ഷിദ് എറണാകുളം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!