

ദോഹ: സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ (എസ് എം സി എ) കലാ- കായിക- സാംസ്‌കാരിക- സാമൂഹ്യ- ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്നു.

സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടി കലാ- കായിക- സാംസ്‌കാരിക- ജീവകാരുണ്യ മേഖലകളില്‍ ഒട്ടേറെ പദ്ധതികളും പരിപാടികളും നടത്തി വിജയകരമായ ഇരുപത്തി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ 2025 സില്‍വര്‍ ജൂബിലി വര്‍ഷമായി ആഘോഷിക്കുകയാണെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വിപുലമായ ആഘോഷങ്ങളുടെ ഭാഗമായി ‘സില്‍വര്‍ ബീറ്റ്‌സ്’ എന്ന മെഗാ ഇവന്റ് മെയ് 8 വ്യാഴാഴ്ച വൈകുന്നേരം ക്യു എന്‍ സി സി എക്‌സിബിഷന്‍ ഹാളില്‍ നടക്കും.
സിനിമാ താരം നിവിന്‍ പോളി പ്രത്യേക അതിഥിയായി എത്തുന്ന സില്‍വര്‍ ബീറ്റ്‌സില്‍ സംഗീതാസ്വദകരുടെ ഇഷ്ടതാരങ്ങളായ പിന്നണി ഗായിക ശ്വേത മോഹന്‍ നയിക്കുന്ന ബെന്നറ്റ് ബാന്‍ഡ്, നടനും ഗായകനുമായ നീരജ് മാധവ് നയിക്കുന്ന എന്‍ജെ ലൈവ് എന്ന പ്രശസ്ത മ്യൂസിക് ബാന്‍ഡുകള്‍ സംഗീത വിരുന്നൊരുക്കും.
നടനും ഗായകനുമായ നീരജ് മാധവിന്റെ ദോഹയിലെ ആദ്യ സംഗീത അവതരണ പരിപാടി കൂടിയാണ് സില്‍വര്‍ ബീറ്റ്‌സ്.
സമൂഹത്തിന്റെ നന്മയ്ക്കും അഭിവൃദ്ധിയ്ക്കും വേണ്ടിയും അംഗങ്ങളുടെ കലാപരവും കായികവുമായ കഴിവുകളെയും വളര്‍ത്തുന്ന ഒട്ടേറെ പുതിയ പരിപാടികള്‍ക്കും ജീവകാരുണ്യ പദ്ധതികള്‍ക്കും ജൂബിലി വര്‍ഷത്തില്‍ തുടക്കം കുറിക്കും.
ജീവകാരുണ്യ മേഖലയിലും ഒട്ടേറെ മികച്ച പദ്ധതികള്‍ ഏറ്റെടുത്ത് നടത്തിയ സംഘടന കൂടുതല്‍ മികവോടെ ജനോപകാര പ്രദമായ പുതിയ പദ്ധതികളും പരിപാടികളും ജൂബിലി വര്‍ഷത്തില്‍ വിപുലമായ തോതില്‍ നടത്തുമെന്നും ആഘോഷ കമ്മിറ്റി അറിയിച്ചു.
വിദ്യാഭ്യാസ, ആതുരസേവന രംഗത്ത് മികച്ച സേവനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എസ് എം സി എ ഈ രംഗത്തെ നവീന മാതൃകകള്‍ സ്വീകരിക്കുവാന്‍ വിദ്യാഭ്യാസ മേഖലയിലേയും ആതുര സേവന രംഗത്തേയും പ്രഗത്ഭരെ പങ്കെടുപ്പിച്ച് സെമിനാറുകളും പഠന പരിശീലന ക്ലാസ്സുകളും സംഘടിപ്പിക്കുമെന്ന് ജനറല്‍ സെക്രട്ടറി അജൊ ആന്റണി അറിയിച്ചു.
ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഐ സി സി, ഐ സി ബി എഫ്, ഐ എസ് സി എന്നീ അപെക്‌സ് ബോഡികളുമായി വിവിധ മേഖലകളിലെ കലാ- കായിക സേവനരംഗത്ത് എസ് എം സി എ സഹകരിച്ച് പ്രവര്‍ത്തിച്ച് വരുന്നു.
മലയാള ചലചിത്ര ലോകത്തെ പിന്നണി ഗാന രംഗത്തെ പുതിയ തലമുറയിലെ പ്രഗത്ഭരായ രണ്ട് യുവ ഗായകരും പ്രശസ്ത നടന്‍ നിവിന്‍ പോളിയും നയിക്കുന്ന മെഗാ ഇവന്റ് ദോഹയിലെ കലാ സംഗീതാസ്വദകര്‍ക്ക് മനസ്സും കാതും നിറയുന്ന ദൃശ്യ സംഗീത വിരുന്നായിരിക്കുമെന്ന് ജനറല്‍ കോര്‍ഡിനേറ്റര്‍ ജോയ് എലവത്തിങ്കല്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ എസ് എം സി എ ജനറല്‍ സെക്രട്ടറി അജൊ ആന്റണി, വൈസ് പ്രസിഡന്റ് ജിറ്റൊ ജെയിംസ്, മുന്‍ പ്രസിഡണ്ട് മനോജ് മാത്യു, പ്രയോജകരായ കാസില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജിംഗ് ഡയറക്ടര്‍ മിബുജോസ് നെറ്റിക്കാടന്‍, പാപ്പാ ജോണ്‍സ് ജനറല്‍ മാനേജര്‍ ജോസ് ജോസഫ്, വേള്‍ഡ് പ്ലാസ്റ്റിക് എം ഡി തങ്കച്ചന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

