സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം: ആദ്യ കൂടിയാലോചനാ യോഗത്തിന് തൊഴില്‍ മന്ത്രി നേതൃത്വം നല്‍കി

Web Desk
2 Min Read

ദോഹ: സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങളില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ആദ്യ കൂടിയാലോചനാ യോഗത്തിന് തൊഴില്‍ മന്ത്രി ഡോ. അലി ബിന്‍ സമായിഖ് അല്‍ മര്‍റി നേതൃത്വം നല്‍കി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളിലെയും പൊതുതാത്പര്യ സ്ഥാപനങ്ങളിലെയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരും ഉന്നത മാനേജ്‌മെന്റ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

city exchange

സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണ നിയമം കാര്യക്ഷമമായി നടപ്പാക്കുന്നതിനുള്ള മികച്ച മാര്‍ഗങ്ങള്‍ കണ്ടെത്തുക, നിയമം നടപ്പാക്കുന്നതില്‍ സ്വകാര്യ മേഖല നേരിടുന്ന വെല്ലുവിളികള്‍ വിലയിരുത്തുക, നിയമത്തിന്റെ പ്രായോഗിക നടപടികളെക്കുറിച്ച് കമ്പനികളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കേള്‍ക്കുക എന്നിവ ലക്ഷ്യമിട്ടാണ് തൊഴില്‍ മന്ത്രാലയം കൂടിയാലോചനാ യോഗങ്ങള്‍ സംഘടിപ്പിക്കുന്നത്.

സ്വകാര്യ മേഖലയിലെ കമ്പനികളുമായും സ്ഥാപനങ്ങളുമായും പങ്കാളിത്തവും സഹകരണവും ശക്തിപ്പെടുത്തുന്നതില്‍ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് ഡോ. അല്‍ മര്‍റി പറഞ്ഞു. നിയമം ഫലപ്രദമായി നടപ്പാക്കുന്നതിനും അതിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും ഇത് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കമ്പനികളുടെ അഭിപ്രായങ്ങള്‍ പരിഗണിക്കുകയും അവര്‍ നേരിടാനിടയുള്ള വെല്ലുവിളികള്‍ തിരിച്ചറിയുകയും അവയ്ക്ക് അനുയോജ്യമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനായി സംയുക്തമായി പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

- Advertisement -
Ad image

സ്വകാര്യ മേഖലയില്‍ ഖത്തര്‍ പൗരന്മാരുടെ തൊഴില്‍പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുള്ള സമഗ്രമായ പ്രവര്‍ത്തന ചട്ടക്കൂടാണ് സ്വദേശിവത്കരണ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തമായ ലക്ഷ്യങ്ങള്‍, ഫലപ്രദമായ പ്രോത്സാഹന നടപടികള്‍, സ്വകാര്യ മേഖലയുമായുള്ള ശക്തമായ പങ്കാളിത്തം, തുടര്‍ച്ചയായ നിരീക്ഷണം എന്നിവയുടെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വദേശിവത്കരണ പദ്ധതിയുടെ വിജയത്തിന് മന്ത്രാലയം, വിവിധ മേഖലകളിലെ നിയന്ത്രണ സ്ഥാപനങ്ങള്‍, സ്വകാര്യ മേഖലയിലെ കമ്പനികളും സ്ഥാപനങ്ങളും എന്നിവ തമ്മിലുള്ള ഏകോപിത പ്രവര്‍ത്തനവും ഫലപ്രദമായ പങ്കാളിത്തവും അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു.

സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ വിഭാഗങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്ന സംവേദനാത്മക വേദിയാണ് ഇത്തരം കൂടിയാലോചനാ യോഗങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വകാര്യ മേഖലയിലെ കമ്പനികളുമായും സ്ഥാപനങ്ങളുമായും തുടര്‍ച്ചയായ കൂടിയാലോചന നടത്തുന്നത് സ്വദേശിവത്കരണ പദ്ധതിയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളില്‍ ഖത്തര്‍ സ്വദേശികളുടെ തൊഴില്‍പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുമുള്ള പ്രധാന ഘടകമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!